25 വർഷങ്ങൾക്ക് മുമ്പുള്ള റമദാൻ മാസം. എറണാകുളത്ത് ബഹുനില കെട്ടിടത്തിെൻറ നിർമ്മാണത്തിൽ സൈറ്റ് എൻജിനീയറായി ജോലി ചെയ്യുകയാണ് ഞാൻ. പിറ്റേന്ന് കോൺക്രീറ്റ് പണി ഉള്ളതിനാൽ സൂപ്പർവൈസറായ തിരുവനന്തപുരം സ്വദേശിയായ രാജേഷിനോട് പരിശോധന പൂർത്തിയാക്കിയ ശേഷം വൈകിേട്ട പോകാവൂ എന്ന് പ്രത്യേകം നിർദേശിച്ചു. പക്ഷേ പണി പൂർത്തിയാവാത്തതിനാൽ പിറ്റേ ദിവസം അതിരാവിലെ വന്നു ബാക്കി പരിശോധന പൂർത്തിയാക്കാം എന്ന ഉറപ്പിന്മേൽ രാജേഷിനെ പോകാൻ അനുവദിച്ചു. ഞാൻ എറണാകുളം മദീനാ മസ്ജിദിലേക്ക് നോമ്പ് തുറക്കാനും പോയി. രാജേഷാകട്ടെ സ്ഥിരം പോകാറുള്ള ബസിൽ ആലുവക്ക് യാത്രയായി. അവെൻറ സഹോദരി ആലുവയിലുണ്ട്. അവരോടൊപ്പമാണ് താമസം. അവൻ ജോലിക്ക് ചേർന്നിട്ടു അധികം ആയിട്ടില്ല.
നോമ്പ് തുറന്ന് നമസ്കാരം കഴിഞ്ഞുപുറത്തിറങ്ങുമ്പോൾ പതിവില്ലാത്ത ഒരു തോന്നൽ. ഒന്ന് വർക്ക് സൈറ്റ് വരെ പോകണം. ഒരിക്കലും അങ്ങനെ തോന്നാത്തതാണ്. അപ്പോഴാണ് മാനേജറുടെ ഫോൺ വന്നത്. നമ്മുടെ രാജേഷിന് എന്തോ അപകടം പറ്റിയതായി കേൾക്കുന്നുണ്ടെന്നും ഒന്നന്വേഷിക്കണമെന്നുമായിരുന്നു വിവരം. എറണാകുളത്ത് നിന്ന് ആലുവയിലേക്കുള്ള വഴിയിലെ എല്ലാ ആശുപത്രികളിലും ഞങ്ങൾ പോയി അന്വേഷിച്ചു. ഇടപ്പള്ളിയിലെ ആശുപത്രിയിൽ ഒരാൾക്കൂട്ടം കണ്ടു. അപകടം നടന്നതായി അറിഞ്ഞു. ഡോക്ടറോട് അന്വേഷിച്ചപ്പോൾ പരിക്കേറ്റവരുടെ കൂട്ടത്തിൽ നോക്കാൻ പറഞ്ഞു. മൊത്തം അന്വേഷിച്ചിട്ടും രാജേഷിനെ കണ്ടെത്താനായില്ല. വിവരം പറഞ്ഞപ്പോൾ ഡോക്ടറും നഴ്സും മുഖത്തോടു മുഖം നോക്കി. ഞങ്ങൾ ആകെ തളർന്നു.
എങ്കിൽ ഇനി മോർച്ചറിയിൽ നോക്കിക്കോളൂ എന്നായി ഡോക്ടർ. മൂന്നു പേർ അപകടത്തിൽ മരിച്ചിട്ടുണ്ട്. മോർച്ചറിയിൽ രാജേഷിെൻറ മൃതദേഹം! ബസിൽ പുറകിലെ സീറ്റിൽ ഇരുന്നിരുന്ന രാജേഷ് അപകടം നടക്കുന്നതിന് അൽപം മുമ്പാണ് ഒഴിവുവന്ന സൈഡ് സീറ്റിലേക്ക് മാറിയിരുന്നത്. ഒരു വളവിൽ വച്ച് എതിരെ വന്ന കെഎസ്ആർടിസി ബസ് ഇടിച്ചത് അവൻ ഇരുന്ന ഭാഗത്തും. രാജേഷിെൻറ സ്വദേശം തിരുവനന്തപുരത്താണെന്നും താമസിക്കുന്നത് സഹോദരിയോടൊപ്പം ആലുവയിലാണ് എന്നും മാത്രമേ ഞങ്ങൾക്കറിയൂ. ആലുവയിൽ പോയി ഏറെ ചുറ്റിക്കറങ്ങി അന്വേഷിച്ചു. ഒടുവിൽ സഹോദരിയുടെ വീട് കണ്ടുപിടിച്ചു.
അവരെയും കൊണ്ട് ആശുപത്രിയിലെത്തി. പിറ്റേന്നാണ് പോസ്റ്റുേമാർട്ടം നടക്കുക. ഇടപ്പള്ളിയിലെ ആശുപത്രി മോർച്ചറിയിൽ അന്ന് ഫ്രീസർ സൗകര്യം ഇല്ല. അങ്ങനെ രാത്രി ഒരു മണിയോടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. രാവിലെ തന്നെ പോസ്റ്റുേമാർട്ടം കഴിഞ്ഞ് പത്തുമണിയോടെ മൃതദേഹവുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക്. പുറകെ കമ്പനിയുടെ വാഹനത്തിൽ ഞാനും.ആംബുലൻസിന് പുറകെയുള്ള ആ അതിവേഗ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് കരമനയിലാണ് വീട്. വീട്ടിൽ നിന്ന് സംസ്കാരവും കഴിഞ്ഞാണ് തിരിച്ചത്.
പാളയം പള്ളിയിലെത്തുമ്പോൾ മഗ്രിബ് ബാങ്കിെൻറ സമയം ആയിരുന്നു. അവിെട നിന്ന് നോമ്പ് തുറന്നു. രാജേഷ് അന്ന് യാത്ര പറഞ്ഞിറങ്ങിയത് ഒടുവിലത്തേതായിരുന്നുവെന്ന് ഒാർക്കുേമ്പാൾ നോവ് മാറുന്നില്ല. പതിവില്ലാതെ വർക്ക് സൈറ്റിലേക്ക് വീണ്ടും പോകാൻ എന്നെ അന്ന് തോന്നിപ്പിച്ചത് എന്താവാം...ഉത്തരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.