ലോകകപ്പ് യോഗ്യത നേടിയ ആസ്ട്രേലിയയുടെ ദേശീയപതാക കോർണിഷിലെ കൊടിമരത്തിൽ ഉയർത്തുന്നു
ദോഹ: ലോകകപ്പിലേക്കുള്ള അവസാന മൂന്ന് ടീമുകളായി യോഗ്യത നേടിയവരുടെ ദേശീയപതാകകൾ കൂടി ദോഹ കോർണിഷിലെ കൊടിമരങ്ങളിൽ പാറിപ്പറന്നു തുടങ്ങി. ഇന്റർകോണ്ടിനെന്റൽ േപ്ല ഓഫ് വിജയിച്ച ആസ്ട്രേലിയ, കോസ്റ്ററീക ടീമുകളുടെ ദേശീയപതാകയാണ് കഴിഞ്ഞദിവസം നടന്ന വർണാഭമായ ചടങ്ങിൽ ഉയർത്തപ്പെട്ടത്. യൂറോപ്യൻ മേഖലയിൽനിന്നും അവശേഷിച്ച സ്ഥാനക്കാരായി എത്തിയ വെയ്ൽസിന്റെ പതാക നേരത്തേ ഉയർത്തിയിരുന്നു.
ഇതോടെ, ലോകകപ്പ് യോഗ്യത നേടിയ മുഴുവൻ ടീമുകളുടെയും കൊടികൾ ദോഹ കോർണിഷിൽ ഉയർന്നു. ആതിഥേയരായ ഖത്തർ ഉൾപ്പെടെ 32 ടീമുകളുടെ ദേശീയപതാകകളാണ് യോഗ്യത നേടുന്നതിനനുസരിച്ച് ഉയർത്തിയത്.
സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൽ അൽ തവാദി, ഖത്തർ ലോകകപ്പ് 2022 സി.ഇ.ഒ നാസർ അൽ കാതിർ, ഖത്തർ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ജനറൽ മൻസൂർ അൽ അൻസാരി, ടൂർണമെന്റ് എക്സ്പീരിയൻസ് ചീഫ് ഖലിദ് അൽ മൗലവി എന്നിവരുടെ സാന്നിധ്യത്തിൽ ആസ്ട്രേലിയൻ അംബാസഡർ ജൊനാഥൻ മുയിർ, കോസ്റ്ററീക അംബാസഡർ അൽവാരോ മരിയാനോ സെഗുറ എന്നിവർ പതാക ഉയർത്തി. മത്സരങ്ങൾക്ക് സാക്ഷിയാവാനെത്തിയ കോസ്റ്ററീക, ആസ്ട്രേലിയ ആരാധകരും ചടങ്ങിന് സാക്ഷിയാവാനുണ്ടായിരുന്നു. തങ്ങളുടെ ടീമുകളുടെ ലോകകപ്പ് യോഗ്യതയിൽ ഇരു രാജ്യങ്ങളുടെയും അംബാസഡർമാർ സന്തോഷം പ്രകടിപ്പിച്ചു. നവംബർ 21ന് ആരംഭിച്ച് ഡിസംബർ 18ന് അവസാനിക്കുന്ന ലോകകപ്പിലേക്ക് യോഗ്യത നേടിയവർ ഇവരാണ്:
ഖത്തർ (ആതിഥേയർ), ഫ്രാൻസ്, ജർമനി, ഡെന്മാർക്, ബെൽജിയം, ക്രൊയേഷ്യ, സ്പെയിൻ, സെർബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, പോർചുഗൽ, പോളണ്ട്, വെയ്ൽസ് (യൂറോപ്പ്), ബ്രസീൽ, അർജന്റീന, ഇക്വഡോർ, ഉറുഗ്വായ് (തെക്കൻ അമേരിക്ക), ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സൗദി, ആസ്ട്രേലിയ (ഏഷ്യ), മെക്സികോ, കാനഡ, അമേരിക്ക, കോസ്റ്ററീക (നോർത്-സെൻട്രൽ അമേരിക്ക), ഘാന, സെനഗാൾ, മൊറോക്കോ, തുനീഷ്യ, കാമറൂൺ (ആഫ്രിക്ക).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.