ദോഹ: 2022ലെ ദേശീയദിന മുദ്രാവാക്യം ശനിയാഴ്ച പുറത്തിറക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്‍റെ ഔദ്യോഗിക സ്നാപ്ചാറ്റ് അക്കൗണ്ട് വഴി ശനിയാഴ്ച വൈകീട്ട് ആറിന് 2022ലെ ദേശീയദിന മുദ്രാവാക്യവും ലോഗോയും പുറത്തിറക്കുമെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ഡിസംബർ 18നാണ് ഖത്തർ ദേശീയദിനം ആചരിക്കുന്നത്. 1878 ഡിസംബർ 18ന് ഖത്തറിന്റെ സ്ഥാപക ഭരണാധികാരി ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനി ആധുനിക ഖത്തർ സ്ഥാപിച്ചതിന്റെ സ്മരണ പുതുക്കിയാണ് ഡിസംബർ 18ന് ദേശീയദിനം കൊണ്ടാടുന്നത്. 2007 ജൂണിൽ പുതിയ ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് വരെ സെപ്റ്റംബർ മൂന്നിനായിരുന്നു ദേശീയദിനം.
സിറിയയിലെ അലപ്പോയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2016ലെ ദേശീയ ദിനാഘോഷ പരിപാടികൾ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി റദ്ദാക്കിയിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിന് ശേഷമായിരുന്നു ആഘോഷ പരിപാടികൾ റദ്ദാക്കിയത്. പൂർവികർ കൈമാറിയ സൗഭാഗ്യങ്ങളുടെ സംരക്ഷണം നമ്മുടെ കർത്തവ്യം എന്ന ആശയം വരുന്ന മറാബിഉൽ അജ്ദാദി... അമാനഃ എന്ന അറബിവാക്യമായിരുന്നു കഴിഞ്ഞ വർഷത്തെ ദേശീയദിന മുദ്രാവാക്യം. ഇത്തവണ ദേശീയദിനത്തിലാണ് ലോകകപ്പ് ഫുട്ബാൾ ഫൈനൽ പോരാട്ടത്തിന് ഖത്തർ വേദിയാവുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.