ഞാൻ അന്ന് സ്കൂളിൽ പോയിത്തുടങ്ങിയിട്ടില്ല.
അഞ്ചു വയസ്സുപോലും തികയാത്ത പ്രായം -
ഉമ്മയുടെ കാച്ചിത്തുമ്പിൽ തൂങ്ങി നടന്നിരുന്ന കാലം.
അന്ന് പൊന്നാനിയിലെ വലിയ ജമാഅത്ത് പള്ളിയുടെ പരിസരത്തുള്ള ഒരു വീട്ടിലേക്കാണ്, ഉമ്മയ്ക്കൊപ്പം ഒരു കൂട്ടുകാരിയെ കാണാൻ പോയത്.
ആ പഴയ ചങ്ങാതിയെ കണ്ടുമുട്ടിയതോടെ, ഉമ്മ അവരോടൊപ്പം കഥകളുടെ ലോകത്തിലേക്ക് വഴുതിപ്പോയി.
അവരുടെ വർത്തമാനങ്ങളിൽ എനിക്കൊന്നും താൽപര്യമുണ്ടായിരുന്നില്ല.
എന്റെ മനസ്സിൽ ഒരൊറ്റ ആഗ്രഹം മാത്രം -
മിഠായി.
വാശി പിടിച്ചു.
വാശി കരച്ചിലായി മാറിയപ്പോൾ, ഒടുവിൽ കുട്ടിക്ക് മിഠായി വാങ്ങാൻ മൂന്നോ നാലോ പൈസ ഉമ്മയുടെ കൈയിൽ നിന്നിറങ്ങി.
കാശ് കൈയിൽ വീണ നിമിഷം മുതൽ എന്റെ ഉള്ളിൽ ആവേശം ജനിച്ചു. കട.
“പറ്റൂല… പരിചയമില്ലാത്ത സ്ഥലമാണ്,”
ഉമ്മ ഉറച്ചു പറഞ്ഞു.
“ഇല്ലുമ്മ… ഇവിടടുത്ത്
തന്നെ പീടിക ഉണ്ട്. ഞാൻ കണ്ടതാണ്.”
കാര്യസാധ്യത്തിനായി പറഞ്ഞ ഒരു ചെറിയ കള്ളം.
ഒടുവിൽ,
വേഗം തിരിച്ചു വരണം എന്ന കർശനമായ താക്കീതോടെ, ഗത്യന്തരമില്ലാതെ ആ മാതാവ് എന്നെ വിട്ടയച്ചു.
കട കണ്ടെത്തി.
മിഠായി വാങ്ങി.
കഴിക്കുകയും ചെയ്തു.
മിഠായി ചവച്ചുകൊണ്ട് തിരികെ നടക്കുമ്പോഴാണ്
എവിടെയോ വഴി തെറ്റിയത്.
നടന്നു.
വീണ്ടും നടന്നു.
പരിചയമില്ലാത്ത വഴികൾ.
കാണാത്ത വീടുകൾ.
അപരിചിതമായ മുഖങ്ങൾ.
അറിയാതെ തന്നെ നെഞ്ചിലേക്കു പേടി കയറിവന്നു.
പേടി പതിയെ കണ്ണുനീരായി.
കരഞ്ഞുകൊണ്ട് നടന്ന എന്നെ പരിസരവാസികളിലൊരാൾ പിടിച്ചു നിർത്തി.
കാര്യം തിരക്കി.
“മിഠായി വാങ്ങി വരുമ്പോൾ വഴി തെറ്റിപ്പോയി…”
ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞൊപ്പിച്ചു.
ഒരാൾ.
രണ്ടാൾ.
പിന്നെ…
ഒരു ചെറിയ അന്വേഷണസംഘം തന്നെ രൂപപ്പെട്ടു.
“ഉമ്മ അടുത്തുള്ള ഏതോ വീട്ടിലുണ്ടാകും.
കുട്ടി ഉമ്മയെ തേടി നടക്കുകയാണല്ലോ…”
എന്നെ സൂക്ഷിച്ചു നോക്കിയ ഒരാൾ, സംശയത്തിനിടയില്ലാത്ത സ്വരത്തിൽ പറഞ്ഞു -
“ഈ കുട്ടി കോടമ്പിയകം തറവാട്ടിലേതല്ലേ?
വേഗം അവിടെ കൊണ്ടാക്കാം.”
അത് സത്യമാണെന്ന് വിശ്വസിച്ച സംഘം, നാലഞ്ചു വീടപ്പുറത്തുള്ള കോടമ്പിയകം തറവാടിലേക്കു നീങ്ങി.
“ചലോ… കോടമ്പിയകം തറവാട്…”
പൊന്നാനിയിലെ പേരുകേട്ട ആ തറവാടിന്റെ പടിപ്പുരവാതിലിൽ മുട്ടി.
പ്രായമായ ഒരു ഉമ്മ വന്നു വാതിൽ തുറന്നു.
അന്വേഷണസംഘത്തിലെ പ്രധാനി പറഞ്ഞു -
“ചെറിയ കുട്ടികളെ പുറത്തു വിടുമ്പോൾ ശ്രദ്ധിക്കേണ്ടേ, വല്ലിമ്മ…
ഇവിടത്തെ കുട്ടി വഴി തെറ്റിപ്പോയി.
ഞങ്ങൾ കണ്ടതുകൊണ്ട് ഭാഗ്യം.”
ആ വാക്കുകൾ കേട്ട വല്ലിമ്മ, അകത്തേക്കു തിരിഞ്ഞ് കോപത്തോടെ വിളിച്ചു -
“എടി മോളേ…
മോനെ പീടികയിലേക്കു ഒറ്റയ്ക്ക് അയക്കരുതെന്ന് പറഞ്ഞിട്ടില്ലേ?”
ഉമ്മയുടെ ശകാരം കേട്ട് മരുമകൾ പുറത്തുവന്നു.
“ഉമ്മാക്കെന്താ
എന്റെ ചെറുത് ഇവിടെ കളിക്കുന്നുണ്ടല്ലോ.
മൂത്തോൾ ഇനിയും സ്കൂളിൽ നിന്നെത്തിയിട്ടില്ല.”
അപ്പോൾ ഒരു ചോദ്യം നിശ്ശബ്ദമായി അവിടെ ഉയർന്നു -
അവർ കൈപിടിച്ചു കൊണ്ടുവന്ന ഈ കുട്ടി… പിന്നെ ആരാണ്?
എന്നെ വീണ്ടും സൂക്ഷിച്ചു നോക്കി വല്ലിമ്മ കടുപ്പത്തോടെ ചോദിച്ചു -
“ങ്ങളോട് ആരാ പറഞ്ഞത് ഇത് ഇവിടത്തെ കുട്ടിയാണെന്ന്?”
“ആ കുട്ടിയുടെ മുഖത്ത് തന്നെയെഴുതിയിട്ടില്ലേ…
ഉസ്സമ്പിയകത്തെയാണെന്ന്.”
അങ്ങനെ സംഘം വീണ്ടും നീങ്ങി.
ലക്ഷ്യം
ഉസ്സമ്പിയകം തറവാട്.
എന്റെ പ്രശ്നം ഇവർ ഏറ്റെടുത്ത ആശ്വാസത്തിൽ,
ഞാൻ അനുസരണയോടെ അവരോടൊപ്പം നടന്നു.
അപ്പോഴാണ് -ഭാഗ്യമായി
ഞങ്ങളുടെ കുടുംബസുഹൃത്തും, പരിസരത്തെ വ്യാപാരിയുമായ ഹമീദാക്ക, സൈക്കിളിൽ ആ വഴി വരുന്നത്.
എന്നെയും ഒരു സംഘത്തെയും ഒരുമിച്ചു കണ്ടപ്പോൾ, അദ്ദേഹത്തിന് എന്തോ പന്തിക്കേട് തോന്നി.
സൈക്കിളിൽ നിന്നിറങ്ങി അദ്ദേഹം ചോദിച്ചു.
“എവിടെ പോണെടാ വരൊക്കെ കൂട്ടി?
ആരാണിവരൊക്കെ?”
കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് സംഘത്തിലെ ആരോ മുന്നോട്ട് വന്നു.
അദ്ദേഹം ഉടൻ പറഞ്ഞു -“ഇവനെ ഞാനറിയും.
എന്റെ സ്നേഹിതന്റെ മകനാണ്.”
പിന്നെ, ഒരു ഉറച്ച സ്വരത്തിൽ -“കുട്ടിയെ എന്നെ ഏല്പിച്ചോളീം. "
അയാളുടെ വിശ്വാസ്യത അറിയാവുന്ന സംഘം,
എന്നെ ഹമീദാക്കയുടെ കൈകളിൽ ഏല്പിച്ചു.
സൈക്കിളിൽ ഇരുത്തി കുട്ടിയെ കടയിലേക്കു കൊണ്ടുപോയി.
വീണ്ടും മിഠായി വാങ്ങി തന്നു.
കണ്ണീർ തുടച്ചു.
ആശ്വസിപ്പിച്ചു.
ഇതിനിടെ -
കുട്ടിയെ കാണാതായ ഉമ്മ,
കൂട്ടുകാരിയുടെ സഹായത്തോടെ മറ്റൊരു അന്വേഷണസംഘവുമായി തെരച്ചിലിലായിരുന്നു.
ഒടുവിൽ വാർത്ത എത്തി -
കാണാതായ കുട്ടി ഹമീദാക്കയുടെ കൈയിലാണ്.
“മോനേ…”
എന്ന് വിളിച്ചു കൊണ്ട് കടയിലേക്കു ഓടിയെത്തുന്ന ഉമ്മയെ ഞാൻ കണ്ടു.
കുട്ടിയെ കാണാതെ പകുതി ജീവൻ തന്നെ നഷ്ടപ്പെട്ടതുപോലെയായിരുന്നു ആ മുഖം.
ആ വിളിയിൽ വിറയലുണ്ടായിരുന്നു.
ഹമീദാക്ക ഉമ്മയോട് പറഞ്ഞു -
“എന്താ നഫീസേ…
കുട്ടികളെ ഇങ്ങനെ പുറത്തു വിടുമ്പോൾ ജ്ജ് ശ്രദ്ധിക്കേണ്ടേ?”
പീടിക അറിയുമെന്ന ചെറിയ കള്ളത്തിന്റെ മുഴുവൻ പഴിയും അർഹതയില്ലാതെ പാവം ഉമ്മക്കായിരുന്നു.
“പുന്നാര ഹമീദാക്കാ…
പീട്യ അടുത്താണെന്ന് പറഞ്ഞതുകൊണ്ടാണ് ഓനെ വിട്ടത്…”
“എന്തായാലും…
ഇനിയെങ്കിലും ശ്രദ്ധിക്കിം…”
മകനെ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ,
ഉമ്മ എന്റെ കൈ മുറുകെ പിടിച്ചു.
ഞങ്ങൾ വീണ്ടും നടന്നു.
നടക്കുമ്പോൾ എന്റെ ഉള്ളിൽ മുഴുവൻ നിറഞ്ഞു നിന്നത് ആ മിഠായിയുടെ മോഹം ഉണ്ടാക്കിയ,
ഒരു കൊച്ചു കുട്ടിയുടെ കൊച്ചു വിനയെക്കുറിച്ചുള്ള
നിശ്ശബ്ദമായ പേടിയായിരുന്നു.
(കുട്ടിക്കാലത്തെ അനുഭവം സലാം മാട്ടുമ്മൽ ചെറുകഥയാക്കി പകർത്തിയപ്പോൾ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.