കുട്ടികൾക്ക് ഫുട്ബാൾ പാഠംപകർന്ന് 'യങ് കൊമ്പൻസ്'കോച്ചിങ് ക്യാമ്പ്

ദോഹ: 18 വയസ്സുവരെയുള്ള കുട്ടികൾക്കുവേണ്ടി ഇന്ത്യൻ സ്പോർട്സ് സെന്ററും മഞ്ഞപ്പട ഖത്തറും ചേർന്നൊരുക്കുന്ന 'എ വൺ എൻജിനീയറിങ് - യങ് കൊമ്പൻസ്'സൗജന്യ സമ്മർ ഫുട്‌ബാൾ ക്യാമ്പിന് ബിർള പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമായി. 75ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിശീലനം ഇന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ കായികക്ഷമത വർധിപ്പിക്കാൻ ഉതകുന്ന ഇത്തരം പദ്ധതിയുമായി മുന്നോട്ടുവന്ന മഞ്ഞപ്പട ഖത്തറിനെ അദ്ദേഹം അഭിനന്ദിച്ചു.

കുട്ടികൾക്കുള്ള സൗജന്യ ജഴ്‌സിവിതരണം മഞ്ഞപ്പട ഖത്തർ പ്രസിഡന്റ് ദീപേഷ് ഗോവിന്ദൻ കുട്ടി നിർവഹിച്ചു. വേനലവധിക്കാലത്ത് കുട്ടികൾക്ക് ഫുട്‌ബാളിനോടുള്ള താൽപര്യം പരിപോഷിപ്പിക്കുന്നതിനോടൊപ്പം കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവിനെ കണ്ടെത്തുകയും ക്യാമ്പിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എട്ടു മുതൽ 18 വയസ്സുവരെയുള്ള 150ൽപരം കുട്ടികൾക്ക് പ്രായാടിസ്ഥാനത്തിൽ വിവിധ ബാച്ചുകളിലായിട്ടാണ് പരിശീലനം. ഒരു മാസം നീളുന്ന ക്യാമ്പ് വൈകീട്ട് ആറുമുതൽ ഒമ്പതുവരെ ബിർള പബ്ലിക് സ്‌കൂൾ, ഒലിവ് ഇന്റർനാഷനൽ സ്കൂൾ എന്നിവിടങ്ങളിൽ നടക്കും.

വിരസമായ വേനലവധിക്കാലത്ത് ലഭിച്ച ഈ സുവർണാവസരം കുട്ടികൾ നല്ല രീതിയിൽ ആസ്വദിക്കുന്നു. കുട്ടികളുടെ പ്രകടനം നേരിട്ട് കണ്ടനുഭവിക്കാൻ രക്ഷിതാക്കളും ട്രെയിനിങ്ങിൽ ഉടനീളം കുട്ടികൾക്കൊപ്പം തന്നെയുണ്ട്. സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബാൾ ടീമിന്റെ കോച്ച് ബിനോ ജോർജിന്‍റെ മേൽനോട്ടത്തിലാണ് പരിശീലനം. എ.എഫ്.സി കോച്ചിങ് ലൈസൻസ് ഉള്ള, അണ്ടർ-15 ഗോകുലം എഫ്.സിയുടെ മുൻ കോച്ച് സുനീഷ് ശിവൻ ആണ് കുട്ടികൾക്ക് മുഖ്യ പരിശീലനം നൽകുന്നത്. സുവിത്ത് വാഴപ്പുള്ളി ആണ് സഹപരിശീലകൻ. ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെന്ററിലെ കഞ്ചാനി ഹാളിൽ കഴിഞ്ഞ മാസം നടന്ന ചടങ്ങിൽ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം.വിജയൻ ക്യാമ്പിന്റെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും നടത്തി.

Tags:    
News Summary - free summer football camp started at Birla Public School ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.