നോബിൾ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച അധ്യാപക പരിശീലന ശിൽപശാലയിൽനിന്ന്
ദോഹ: അധ്യാപകർ നവീകരണ ചിന്താഗതിയോടെ മുന്നേറണമെന്ന സന്ദേശത്തോടെ ‘അധ്യാപകർ - നവീകരണത്തിന്റെ ശിൽപികൾ' എന്ന വിഷയത്തിൽ അധ്യാപകർക്കായുള്ള ദ്വിദിന പരിശീലന ശിൽപശാല നോബിൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. കോച്ച് ഇന്ത്യ അക്കാദമിയുടെ ഡയറക്ടർ നിസാം എ.പി. പരിശീലകനായി. അധ്യാപകർ പഠനരീതികളിൽ പുതുമകൾ ഉൾപ്പെടുത്തുകയും വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിനായി നവീന മാർഗങ്ങൾ സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർഥികളിൽ അന്വേഷണാത്മക മനോഭാവവും പ്രശ്നപരിഹാര ശേഷിയും വളർത്താൻ പ്രചോദകരാകണം അധ്യാപകരെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശീലന പരിപാടിയിൽ അധ്യാപകർ സജീവമായി പങ്കെടുത്ത് അനുഭവങ്ങൾ പങ്കുവെച്ചു. വിദ്യാർഥി കേന്ദ്രിതമായ പഠനരീതികൾ, സാങ്കേതിക വിദ്യയുടെ പ്രയോഗം, ക്ലാസ് മുറിയിലെ സൃഷ്ടിപരമായ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ നവീകരണ ആശയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. വൈസ് പ്രിൻസിപ്പൽമാരായ ജയമോൻ ജോയ്, റോബിൻ കെ. ജോസ്, ഷിഹാബുദ്ദീൻ എം, സ്മിത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.