സി​ദ്റ മെ​ഡി​സി​ൻ

സൂര്യാഘാതം, മുങ്ങിമരണം: ജാഗ്രതാ നിർദേശവുമായി സിദ്റ

ദോഹ: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് സൂര്യാഘാതമേൽക്കുന്നതിൽ നിന്നും സുരക്ഷ ഉറപ്പുവരുത്താനും ബീച്ചുകളിലും നീന്തൽ കുളങ്ങളിലും കുട്ടികൾ അപകടത്തിൽപെടുന്നത് ഒഴിവാക്കാനും രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി സിദ്റ മെഡിസിൻ അടിയന്തര വിഭാഗം. ഓരോ വർഷവും നിരവധി കുട്ടികളാണ് മുങ്ങിമരണം സംഭവിച്ചും അനുബന്ധ കേസുകളിലുമായി സിദ്റ മെഡിസിനിലെത്തുന്നതെന്നും രക്ഷിതാക്കളുടെ ശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ ഇതൊഴിവാക്കാമായിരുന്നുവെന്നും സിദ്റ മെഡിസിൻ എമർജൻസി വിഭാഗം സീനിയർ അറ്റൻഡിങ് ഫിസിഷ്യൻ ഡോ. നദീം ജീലാനി പറഞ്ഞു.

കുട്ടികൾ എപ്പോഴും രക്ഷിതാക്കളുടെ മേൽനോട്ടത്തിലായിരിക്കണം. പ്രത്യേകിച്ച് നീന്തുമ്പോഴും വെള്ളത്തിൽ കളിക്കുമ്പോഴും -സിദ്റ ചൈൽഡ് അഡ്വക്കസി േപ്രാഗ്രാം മെഡിക്കൽ ഡയറക്ടർ കൂടിയായ ഡോ. നദീം ജിലാനി ആവശ്യപ്പെട്ടു.ഒന്ന് മുതൽ നാല് വയസ്സ് വരെയുള്ള കുട്ടികളുടെ അപകടമരണ കാരണങ്ങളിൽ മുങ്ങി മരണം വളരെ മുന്നിലാണെന്ന് പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടുകൾ പലതും ചൂണ്ടിക്കാണിക്കുന്നു. ഒന്നോ രണ്ടോ ഇഞ്ച് വെള്ളം മാത്രം മതി ചെറിയ കുട്ടികളുടെ മരണം സംഭവിക്കാൻ. വളരെ വേഗത്തിലും നിശ്ശബ്ദമായും ഇത് സംഭവിക്കും. ലോകത്തിൽ ഓരോ വർഷവും 236000 പേർ മുങ്ങിമരിക്കുന്നുവെന്നാണ് അപകടമരണ സൂചികകളിൽ പറയുന്നത്.

ഖത്തറിൽ പ്രതിവർഷം 50നടുത്ത് ആളുകൾ മുങ്ങി മരിക്കുന്നുണ്ട്.ചെറിയ കുഞ്ഞുങ്ങൾ എപ്പോഴും എന്തിനെയും ആകാംക്ഷയോടെയും ആശ്ചര്യത്തോടെയുമാണ് സമീപിക്കുന്നത്. തങ്ങൾക്ക് ചുറ്റുമുള്ള എല്ലാ ഇടങ്ങളിലും അവരെത്താൻ ശ്രമിക്കും; പ്രത്യേകിച്ച് വെള്ളത്തിനടുത്തേക്ക്. രക്ഷിതാക്കളാണ് ഇവിടെ അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത്. പൂളുകളും ജലാശയങ്ങളും ആവശ്യമായ വേലികളാൽ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതോടൊപ്പം കുട്ടികൾക്ക് നിശ്ചയിച്ച സ്ഥലത്താണ് അവരുള്ളതെന്നും രക്ഷിതാക്കളുടെയോ ലൈഫ് ഗാർഡിന്‍റെയോ നിരീക്ഷണത്തിലായിരിക്കണം അവരെന്നും ഉറപ്പുവരുത്തണം -ഡോ. ജീലാനി വിശദീകരിച്ചു.

ബോട്ടിൽ സഞ്ചരിക്കുകയാണെങ്കിൽ കുട്ടികൾ ലൈഫ് ജാക്കറ്റ് പോലെയുള്ള ഉപകരണങ്ങൾ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. സൂര്യാഘാതം സംഭവിച്ച് നിരവധി കേസുകളാണ് സിദ്റയിലെത്തുന്നതെന്ന് ഡോ. ജീലാനി പറഞ്ഞു. പുറത്തിറങ്ങുമ്പോൾ സൂര്യാഘാതത്തിൽ നിന്നും സുരക്ഷ നൽകുന്ന ക്രീമുകൾ ഉപയോഗിക്കുകയും തൊപ്പി ധരിക്കുകയും സൺ ഗ്ലാസ് ഉപയോഗിക്കുകയും ചെയ്യണം.

നിരന്തരമായി വെള്ളം കുടിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. എല്ലാ സമയവും ജലം നിറച്ച കുപ്പികൾ ഒപ്പം കരുതണം.

ഇളം നിറത്തിലുള്ളതും ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങളാണ് കുട്ടികളെ ധരിപ്പിക്കേണ്ടതെന്നും അദ്ദേഹം രക്ഷിതാക്കളോടാവശ്യപ്പെട്ടു. ലോക്ക് ചെയ്ത കാറുകളിൽ കുട്ടികളെ തനിച്ചിരുത്തി രക്ഷിതാക്കൾ പുറത്ത് പോകരുത്. ചെറിയ സമയത്തിനുള്ളിൽ തന്നെ കാറിനുള്ളിൽ ചൂട് ഉയരുമെന്നും അത് ഗ്ലാസ് തുറന്നിട്ടാലും സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Sunstroke, drowning: Sidra with cautionary advice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.