ദോഹ: ഹജ്ജ് തീർഥാടനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന അനുമതി ലഭിച്ച പ്രവാസി തീർഥാടകർക്ക് ഒറിജിനൽ പാസ്പോർട്ട് മുൻകൂട്ടി സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് വിവിധ ജനപ്രതിനിധികൾ മുഖേന മന്ത്രാലയങ്ങൾക്കും ഖത്തറിലെ ഇന്ത്യൻ അംബാസഡർക്കും കെ.എം.സി.സി ഖത്തർ നിവേദനം നൽകി.
വിദേശത്തുനിന്ന് ഹജ്ജ് യാത്രക്കൊരുങ്ങുന്നവർ കാലങ്ങളായി നേരിടുന്ന പ്രധാന പ്രശ്നത്തെ ഗൗരവമായി കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഒറിജിനൽ പാസ്പോർട്ട് ഹജ്ജ് യാത്രയുടെ മാസങ്ങൾക്ക് മുമ്പ് ഹജ്ജ് കമ്മിറ്റിയിൽ സമർപ്പിക്കണമെന്ന നിബന്ധന പ്രവാസി തീർഥാടകർക്ക് തൊഴിൽ ബാധ്യതകൾ നിറവേറ്റുന്നതിലും ജോലിയിൽ നഷ്ടം സംഭവിക്കുന്നതിനും അവസരങ്ങൾ നഷ്ടപ്പെടുന്നതിനും ഇടയാകും.
പാസ്പോർട്ടുകളിൽ വിസ സ്റ്റാമ്പിങ് ആവശ്യമില്ലാത്തതിനാൽ പ്രവാസി തീർഥാടകരുടെ ഒറിജിനൽ പാസ്പോർട്ട് വളരെ നേരത്തേ സമർപ്പിക്കേണ്ടതിൽനിന്ന് ഒഴിവാക്കി അവർ താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയുടെ അല്ലെങ്കിൽ കോൺസുലേറ്റിന്റെ സർട്ടിഫൈഡ് പാസ്പോർട്ട് പകർപ്പ് നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക, പ്രവാസികൾക്ക് പ്രത്യേകമായി 20 ദിവസത്തെ യാത്ര പാക്കേജ് ആവിഷ്കരിക്കുക, ഒറിജിനൽ പാസ്പോർട്ട് യാത്ര ചെയ്യുന്നതിന്റെ ഒരാഴ്ച മുമ്പ് മാത്രം സമർപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.
ഈ ആവശ്യം കേരളത്തിൽനിന്നുമുള്ള പാർലമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് വിഷയം ഉത്തരവാദപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും തുടർനടപടികൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.