ബിലാൽ ഹരിപ്പാട്, സെയ്തു മുഹമ്മദ്, ഷാനവാസ് ഖാൻ
ദോഹ: തെക്കൻ ജില്ലകളിൽ നിന്നുള്ള ഖത്തറിലെ പ്രവാസികളുടെ കൂട്ടായ്മയായ സൗത്ത് കേരള എക്സ്പാട്സ് അസോസിയേഷൻ (സ്കിയ ഖത്തർ) പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയായ ബിലാൽ ഹരിപ്പാട് പ്രസിഡന്റായും കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ സെയ്തു മുഹമ്മദ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും രണ്ട് ദശാബ്ദക്കാലമായി സംഘടനയുടെ നേതൃത്വ തലങ്ങളിൽ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ച് കൊണ്ട് സജീവമാണ്.
അബ്ദുൽ ജലീൽ, സബാ സൈൻ (വൈസ് പ്രസിഡന്റുമാർ), ഷാനവാസ് ഖാൻ (ട്രഷറർ), ഫാറൂഖ് ഹുസൈൻ, നിസാം നജീം (സെക്രട്ടറിമാർ). ജില്ലാ കോഓഡിനേറ്റർമാരായി റിയാസ് മാഹീൻ (തിരുവനന്തപുരം), ഷാജി കരുനാഗപ്പള്ളി (കൊല്ലം), മുഹമ്മദ് ഹാഷിർ (ആലപ്പുഴ), ഷമീർ മജീദ് (പത്തനംതിട്ട), ഹുസൈൻ കെ.എച്ച്. (കോട്ടയം), അനസ് മൈതീൻ (ഇടുക്കി) എന്നിവരെയും എക്സിക്യൂട്ടീവ് മെംബർമാരായി മുഹമ്മദ് ഫാറൂഖ്, സിദ്ദീഖ് സൈനുദ്ദീൻ, അസീം എം.ടി., അബ്ദുൽ കരീം ലബ്ബ, സുധീർ, നാസർ അടൂർ തുടങ്ങിയവരെയും തിരഞ്ഞെടുത്തു. അഹ് ലൻ സ്പോ൪ട്സ് ക്ലബിൽ നടന്ന യോഗത്തിൽ ഹബീബ് റഹ്മാൻ കീഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പ്രവർത്തക സമിതിയുടെയും ഭരണസമിതി അംഗങ്ങളുടെയും തിരഞ്ഞെടുപ്പിന് ഉപദേശക സമിതി അംഗം റഷീദ് അഹമ്മദ് നേതൃത്വം നൽകി.
നാല് പതിറ്റാണ്ടായി സാമൂഹ്യ സേവന മേഖലയിൽ ശക്തമായി പ്രവ൪ത്തിക്കുന്ന സ്കിയ, വിവിധ ക്ഷേമപദ്ധതികൾ നടത്തിവരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപമായി നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാ൪ക്കും സൗജന്യ താമസം, ഭക്ഷണം, ആംബുലൻസ് തുടങ്ങിയ സേവനങ്ങൾ നൽകി അഭയകേന്ദ്രം സ്കിയ ഖത്തറിന്റെ പങ്കാളിത്തത്തോടെ നടന്നുവരുന്നു. തിരുവനന്തപുരം ജില്ലയിൽ ഒരു കമ്യൂണിറ്റി ഹെൽത്ത് സെന്റ൪ സ്ഥാപിക്കുന്നതിനായുള്ള പ്രാരംഭപ്രവ൪ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ, നി൪ധനരായ നിരവധി കുടുംബങ്ങൾക്ക് പ്രതിമാസ റേഷൻ, വിദ്യാഭ്യാസ സഹായങ്ങൾ, രക്തദാന ക്യാമ്പുകൾ, ആരോഗ്യ ബോധവത്കരണ പരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.