രണ്ടര ലക്ഷം റിയാലിന്റെ ചെക്ക് ഖത്തർ ചാരിറ്റി ഡയറക്ടർ അബ്ദുൽ അസീസ് ജാസിം ഹിജ്ജിന് ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ എം.ഒ. ഷൈജാൻ കൈമാറുന്നു
ദോഹ: ഷോപ് ആൻഡ് ഡൊണേറ്റ് കാമ്പയിനിലൂടെ ഖത്തർ ചാരിറ്റിയിലേക്ക് രണ്ടര ലക്ഷം റിയാൽ സംഭാവന നൽകി ലുലു ഹൈപ്പർമാർക്കറ്റ്. കഴിഞ്ഞ റമദാൻ കാലയളവിൽ ലുലു ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റുകളിൽ നടന്ന ഷോപ് ആൻഡ് ഡൊണേറ്റ് പദ്ധതിയിലൂടെയായിരുന്നു ഖത്തർ ചാരിറ്റിയുടെ വിവിധ ദുരിതാശ്വാസ, ക്ഷേമ പദ്ധതികളിലേക്ക് വൻതുക ലഭ്യമാക്കിയത്. ഡി റിങ് റോഡ് ലുലു റീജനൽ ഓഫിസിൽ നടന്ന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ എം.ഒ. ഷൈജാൻ ഖത്തർ ചാരിറ്റി പ്രോഗ്രാംസ് ആൻഡ് ഇന്റർനാഷനൽ ഡെവലപ്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് ജാസിം ഹിജ്ജി ഏറ്റുവാങ്ങി.
ഖത്തർ ചാരിറ്റിയുടെ സാമൂഹിക ഉത്തരവാദിത്ത നിർവഹണ മേഖലയിലെ പ്രധാന പദ്ധതിയായ ചാരിറ്റി പാർട്ണറിന്റെ സജീവ പങ്കാളി കൂടിയാണ് ലുലു ഹൈപ്പർമാർക്കറ്റ്. പ്രാദേശികവും ആഗോളവുമായ വിവിധ ക്ഷേമ, ദുരിതാശ്വാസ പദ്ധതികളിലെ പങ്കാളിത്തത്തിന് ലുലു ഹൈപ്പർമാർക്കറ്റിനെ അബ്ദുൽ അസീസ് ജാസിം അഭിനന്ദിച്ചു.
രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ കമ്പനികളോടും സ്ഥാപനങ്ങളോടും സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും സാമൂഹിക സേവനത്തിൽ സജീവമായി ഇടപെടാനും മാനുഷിക പദ്ധതികളെ പിന്തുണക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഖത്തർ ചാരിറ്റിയുമായി സാമൂഹിക സേവന, ക്ഷേമ മേഖലകളിൽ പങ്കാളിത്തം വഹിക്കാനുള്ള അവസരത്തിന് സന്തോഷവും നന്ദിയും അറിയിക്കുന്നതായി ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അവശരും ഏറ്റവും അർഹരുമായ വ്യക്തികളിലേക്കാണ് ഖത്തർ ചാരിറ്റി വഴി സഹായം എത്തുന്നതെന്നും ഉപഭോക്താക്കളുടെ പിന്തുണക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷമായി ഇരുസ്ഥാപനങ്ങളും ഈ മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഈ കാമ്പയിനിലൂടെ ലുലു ഗ്രൂപ്പിൽനിന്ന് ഷോപ്പിങ് നടത്തി ബിൽ അടക്കുന്നതുവഴി ഖത്തർ ചാരിറ്റിയുടെ ആഗോള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗമാകാനുള്ള അവസരമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.