ലെൻസ് ഓഫ് ഖത്തരി അഗ്രികൾച്ചർ പുരസ്കാരം അഷ്കർ അലി ഏറ്റുവാങ്ങു ന്നു
ദോഹ: ഖത്തറിന്റെ പച്ചപ്പും കാർഷിക വിളകളെയും മനോഹരമായി കാമറയിൽ പകർത്തി, പുരസ്കാര തിളക്കവുമായി പ്രവാസി മലയാളികൾ. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിച്ച ‘ലെൻസ് ഓഫ് ഖത്തരി അഗ്രികൾചർ’ ഫോട്ടോഗ്രഫി മത്സരത്തിലാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ നാലും സ്വന്തമാക്കിയാണ് മലയാളികൾ അഭിമാനമായത്. അഷ്കർ അലി (മൂന്നാം സ്ഥാനം), കെ.എം. സാലിഹ് (അഞ്ച്), ഷബീർ അലി മാടാലൻ (എട്ട്), ഷൈമ ഫിറോസ് (ഒമ്പത്) എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചത്.
അഷ്കർ അലി പകർത്തിയ ചിത്രം
പതിമൂന്നാമത് ഖത്തർ ഇന്റർനാഷനൽ അഗ്രികൾചറൽ എക്സിബിഷൻ -അഗ്രിടെക് 2026ന്റെ ഭാഗമായാണ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചത്. കലാപരമായ സർഗാത്മകതയും ആധുനിക ഫോട്ടോഗ്രഫി സാങ്കേതികവിദ്യകളും സംയോജിപ്പിച്ച് രാജ്യത്തിന്റെ കാർഷിക ഭൂപ്രകൃതിയുടെ സൗന്ദര്യം പ്രദർശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് മുനിസിപ്പാലിറ്റി മന്ത്രാലയം മത്സരം സംഘടിപ്പിച്ചത്.
ദോഹ ഷഹാനിയയിലെ ഹീനത്ത് അൽ സലാമ ഫാമിൽനിന്ന് അഷ്കർ അലി പകർത്തിയ ഫോട്ടോഗ്രഫിക്കാണ് മൂന്നാം കരസ്ഥമാക്കിയത്. 15000 ഖത്തർ റിയാൽ ആണ് സമ്മാന തുക. ദോഹയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന അഷ്കർ തൃശൂർ ചാവക്കാട് സ്വദേശിയായാണ്. 2023 ൽ പ്രവാസി ക്ഷേമ ബോർഡ്, കാർഷിക വകുപ്പ് അവാർഡ് തുടങ്ങി 11ഓളം അവാർഡുകൾ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. അവാർഡ് നേട്ടം വലിയ സന്തോഷം നൽകുന്നുവെന്നും വരുംകാലങ്ങളിൽ കൂടുതൽ മികച്ച ചിത്രങ്ങൾ പക്ര്ത്താൻ ഇത് വലിയ പ്രചോദനമാണെന്നും അഷ്കർ അലി ഗൾഫ് മാധ്യനത്തോട് പങ്കുവെച്ചു.
ഫോട്ടോഗ്രഫി മത്സരത്തിൽ അയ്യൂബ് മെസിയാനി, സയീദ് അൽ-മർറി എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കിയത്. പബ്ലിക് പാർക്ക്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറും എക്സിബിഷൻ ഓർഗനൈസിങ് കമ്മിറ്റി വൈസ് ചെയർമാനുമായ മുഹമ്മദ് ഇബ്രാഹിം അൽ സാദയുടെ സാന്നിധ്യത്തിൽനടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.