ഖത്തറിലെ റമദാൻ യഥാര്‍ത്ഥത്തില്‍ വേറിട്ട ഒരനുഭവമാണ്. രാജ്യം ഒന്നാകെ ഒരു ആത്മീയ ഒരുക്കത്തിലേക്ക് കടന്നുപോകുന്നതു പോലെ തോന്നും. നഗരത്തിന്റെ പ്രകാശഭരിതമായ വഴികളും തിരക്കേറിയ ജീവിതവും ഈ മാസത്തിൽ ഒരു പ്രത്യേക ഗൗരവവും ശാന്തതയും കൈവരിക്കുന്നു. മാർക്കറ്റുകളും പള്ളികളിലും വീടുകളും എല്ലാം റമദാനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
റമദാൻ ഇവിടെ ഒരു മതാചാരമെന്നതിലുപരി സമൂഹ ഐക്യത്തിന്റെ ദൃശ്യമായ പ്രകടനമാണ്. ജാതിമതഭേദമന്യേ റമദാന്റെ ആത്മാവിനെ ഉൾക്കൊണ്ട് ജീവിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. “റമദാൻ പവിത്ര മാസം” എന്ന ബോധ്യം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുന്നു. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാതെ, പരസ്പര ബഹുമാനത്തോടെയും സൂക്ഷ്മതയോടെയും പെരുമാറാൻ എല്ലാവരും ശ്രമിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു.
ഇസ്ലാം മതവിശ്വാസികൾ മാത്രമല്ല, മറ്റു മതങ്ങളിൽ വിശ്വസിക്കുന്ന സഹപ്രവർത്തകരും അയൽക്കാരും റമദാന്റെ ആത്മാവിനെ മാനിക്കുന്നു. ഓഫിസുകളിലും തൊഴിൽസ്ഥലങ്ങളിലും നോമ്പ് അനുഷ്ഠിക്കുന്നവരെ ബഹുമാനിക്കുന്ന പ്രത്യേക സംസ്കാരം കാണാം. ചിലർ പൊതുവേദിയിൽ ഭക്ഷണം ഒഴിവാക്കുകയും ചിലർ ഇഫ്താർ സമയത്ത് ആശംസകൾ നേർന്ന് പങ്കുചേരുകയും ചെയ്യുന്നു. പരസ്പര ബഹുമാനത്തിന്റെ ഈ മനോഹര സംസ്കാരം ഖത്തറിലെ സാമൂഹിക ഐക്യത്തിന്റെ പ്രതിഫലനമാണ്.
സാമൂഹികവും സാംസ്കാരികവുമായ സംഘടനകൾ റമദാനിൽ വളരെ സജീവമാണ്. വിവിധ കൂട്ടായ്മകൾ റമദാൻ സന്ദേശം ഉൾക്കൊണ്ടുള്ള ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നു. ഈ സംഗമങ്ങൾ വെറും ഭക്ഷണവിരുന്നുകൾ മാത്രമല്ല; അവ സൗഹൃദത്തിന്റെ, പങ്കുവെപ്പിന്റെ, ആത്മീയ ഓർമപ്പെടുത്തലുകളുടെ വേദികളാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഒരേ പന്തിയിൽ ഇരുന്ന് ഇഫ്താർ പങ്കിടുമ്പോൾ ഭാഷയും സംസ്കാരവും വ്യത്യസ്തമായാലും ഹൃദയങ്ങൾ ഒന്നാകുന്നു. റമദാന് മാസമായാല്‍ വര്‍ഷങ്ങളായി മുപ്പതു നോമ്പു അനുഷ്ഠിക്കുന്ന ഇതര മതസ്ഥറെയും നമുക്ക് കാണാന്‍ സാധിക്കും. പകല്‍ ജോലി സമയം നോമ്പു അനുഷടിക്കുന്നവര്ക്കു അനുകൂലമായി ചുരുക്കി കൊണ്ടും ഖത്തര്‍ റമദാന് സൗഹൃദ അന്തരീക്ഷം നൽകുന്നു. മസ്ജിദുകളിൽ നടക്കുന്ന രാത്രി നമസ്കാരങ്ങൾ, പ്രത്യേകിച്ച് തറാവിഹ്, കുടുംബങ്ങളെ ആത്മീയമായി ഒന്നിപ്പിക്കുന്ന അനുഭവങ്ങളാണ്. പിതാവും മാതാവും മക്കളും ഒരുമിച്ച് മസ്ജിദിലേക്കുള്ള യാത്ര; ഖുർആൻ പാരായണത്തിന്റെ മധുരശബ്ദം; ദുആകളുടെ ആഴമുള്ള നിമിഷങ്ങൾ -ഇവയെല്ലാം കുട്ടികളുടെ മനസ്സിൽ റമദാന്റെ അനശ്വര ഓർമകൾ പതിപ്പിക്കുന്നു. കുടുംബമായി ഈ അനുഭവം പങ്കിടുമ്പോൾ റമദാൻ വീടുകളിലേക്കും ഹൃദയങ്ങളിലേക്കും കടന്നുവരുന്നു.
റമദാൻ ആത്മശുദ്ധിയുടെയും സ്വഭാവപരിഷ്കരണത്തിന്റെയും കാലവുമാണ്. തിരക്കേറിയ പ്രവാസി ജീവിതത്തിൽ പലപ്പോഴും മറന്നുപോകുന്ന ആത്മപരിശോധനക്ക് ഈ മാസം അവസരം നൽകുന്നു. കോപം, അസഹിഷ്ണുത, സമയം പാഴാക്കൽ തുടങ്ങിയ ശീലങ്ങളിൽനിന്ന് മാറി നിൽക്കാൻ ഈ മാസം പ്രചോദനമാകുന്നു. ഖുർആനോടുള്ള അടുപ്പം വർധിപ്പിക്കാനും, ദാനധർമ്മങ്ങളിൽ പങ്കുചേരാനും, കരുണയും സഹാനുഭൂതിയും വളർത്താനും റമദാൻ നമ്മെ പഠിപ്പിക്കുന്നു.
പ്രവാസജീവിതത്തിൽ ബന്ധുക്കളിൽ നിന്ന് അകന്ന് ജീവിക്കുന്നവർക്കും റമദാൻ മാനസിക ശക്തിയാണ്. മസ്ജിദുകളും സമൂഹ കൂട്ടായ്മകളും ആ അകലം കുറയ്ക്കുന്ന ആത്മീയ വലയങ്ങളാകുന്നു.
ഇവിടെ റമദാൻ നമ്മെ ഓർമ്മിപ്പിക്കുന്നത് -വിശപ്പിന്റെ അനുഭവം മാത്രം അല്ല, മനുഷ്യരോടുള്ള കരുണയും സഹോദരത്വവുമാണ് യഥാർത്ഥ സന്ദേശമെന്ന്. അതുകൊണ്ടുതന്നെ ഖത്തറിലെ റമദാൻ വേറിട്ടതാണ്.
ഖുർആൻ അവതരിച്ച മാസം റമദാനാണ്. അതിനാൽ ഈ മാസത്തിൽ ഖുർആനുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഇഫ്താറിന് ശേഷം 15 മിനിറ്റ് കുടുംബമായി ഒരുമിച്ച് ഒരു ചെറിയ ഭാഗം വായിക്കുകയും അതിന്റെ സന്ദേശം ചർച്ച ചെയ്യുകയും ചെയ്യാം. കുട്ടികളിൽ ഖുർആനോടുള്ള സ്നേഹം വളർത്താൻ ഇത് മികച്ച മാർഗമാണ്. ഇതോടോപ്പം ഖുർആൻ പഠനത്തിനായി ഡിജിറ്റൽ സഹായവും പ്രയോജനപ്പെടുത്താം. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഓഡിയോ ഖുർആൻ, ഓൺലൈൻ ദർസ്, ഇസ്ലാമിക ക്ലാസുകൾ എന്നിവ വഴി പഠനം തുടരാം.
റമദാന് ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കില്‍ വൈജഞാനികമായി വളരാന്‍ നമുക്ക് ധാരാളം സമയം ലഭിക്കുന്ന മാസം കൂടിയാണ്. റമദാനിലെ ആത്മീയത മസ്ജിദുകളിൽ മാത്രമല്ല, നമ്മുടെ വീടുകളിലും പ്രതിഫലിക്കണം. നമുക്ക് ചെയ്യാവുന്ന ചെറിയ മാറ്റങ്ങൾ:
ടെലിവിഷൻ, സോഷ്യൽ മീഡിയ ഉപയോഗം കുറക്കുക
വീട്ടിൽ ഖുർആൻ പാരായണം കേൾക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക
കുട്ടികൾക്കായി ‘റമദാൻ ചാർട്ട്’ തയാറാക്കുക (നമസ്കാരം, നോമ്പ്, നല്ല പ്രവൃത്തികൾ രേഖപ്പെടുത്താൻ)
ചെറിയ റമദാൻ അലങ്കാരം, ദുആ കാർഡുകൾ, ഹദീസ് കോർണർ
അയല്‍വാസികളെയും സുഹൃത്തുക്കളെയും നോമ്പു തുറക്കാനായി വീട്ടിലേക്ക് ക്ഷണിക്കാം
ഖത്തറിലെ സമുദായ ഇഫ്താറുകളും ചാരിറ്റി പ്രവർത്തനങ്ങളും കുട്ടികളുമായി ചേർന്ന് അനുഭവപ്പെടുത്തുന്നത് അവരുടെ മനസ്സിൽ കരുണയും സഹാനുഭൂതിയും വളർത്തും. നോമ്പ് വിശപ്പിന്റെ അനുഭവം മാത്രമല്ല, അത് സഹനവും നന്ദിയും മനുഷ്യനിലവാരവും വളർത്തുന്ന പരിശീലനമാണെന്ന് കുട്ടികളെ പഠിപ്പിക്കാനുതകുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക. സകാത്ത് നല്കല് സജീവമാകുന്ന പുണ്യമാസം കൂടിയാണല്ലോ റമദാന്. അതുകൊണ്ട് തന്നെ അര്‍ഹരായവർക്ക് സാമ്പത്തിക സഹായം എത്തിച്ച് കൊടുക്കുന്ന സംവിധാനങ്ങളില്‍ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പങ്കാളികളാക്കുക. ഖത്തറിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകള്‍ സജീവമായി ദിനേന എന്നോണം നോമ്പു തുറക്കാനുള്ള ഭക്ഷണം വീടകങ്ങളില്‍ തയാറാക്കി ലേബര്‍ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്ന മാസവും കൂടിയാണു റമദാന്. ഇതില്‍ നമ്മുടെ കുട്ടികളെ കൂടി പങ്കാളികളാക്കം.
റമദാൻ സ്വഭാവ പരിഷ്കരണത്തിനുള്ള അപൂർവമായ ഒരു അവസരമാണ്. ഒരു മാസം നീളുന്ന ആത്മീയ പരിശീലനകാലം നമ്മെ നമ്മുടെ ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നു. മാറ്റം ഒരുമിച്ചു എല്ലാറ്റിലും കൊണ്ടുവരേണ്ടതില്ല; ഒരു ശീലം തിരഞ്ഞെടുത്ത് തുടങ്ങുക മതി. അത് കോപമായിരിക്കാം, ഗോസിപ്പായിരിക്കാം, സമയം പാഴാക്കുന്ന പ്രവണതയായിരിക്കാം, അല്ലെങ്കിൽ അമിത സോഷ്യല്‍ മീഡിയ ഉപയോഗമായിരിക്കാം. ഏറ്റവും കൂടുതൽ നമ്മെ പിന്നോട്ടടിക്കുന്ന ഒരു ശീലം സത്യസന്ധമായി തിരിച്ചറിഞ്ഞ് അതിനെതിരെ ആദ്യ പടിവെക്കുക.
ആ മാറ്റത്തിന് ശക്തി നൽകുന്നത് ഉദ്ദേശശുദ്ധിയാണ്. “അല്ലാഹുവിനുവേണ്ടി ഞാൻ ഇത് ഉപേക്ഷിക്കുന്നു” എന്ന ആത്മബോധത്തോടെ എടുത്ത തീരുമാനം ഹൃദയത്തിൽ ആഴമേറിയ പ്രതിജ്ഞയാകുന്നു. ഈ ഉദ്ദേശശുദ്ധിയാണ് സ്ഥിരമായ മാറ്റത്തിന്റെ അടിസ്ഥാനം. ഒരു ദോഷശീലം വെറുതെ ഒഴിവാക്കുന്നത് മതിയാകില്ല; അതിന് പകരം നല്ലൊരു ശീലം സ്ഥാപിക്കണം. സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം ഖുർആൻ വായനക്കായി മാറ്റിവെക്കാം. കോപം നിയന്ത്രിച്ചു ക്ഷമ അഭ്യസിക്കാം. വൈകിപ്പിക്കുന്ന പ്രവണതയെ മറികടക്കാൻ വ്യക്തമായ സമയക്രമം തയാറാക്കാം. ഇങ്ങനെ ഓരോ ദോഷശീലത്തിനും പകരം ഒരു നല്ലശീലം വളർത്തുമ്പോൾ ജീവിതം ക്രമേണ രൂപാന്തരപ്പെടുന്നു.
ഈ ശ്രമത്തിൽ തുടർച്ചയാണ് നിർണായകം. റമദാനിലെ 30 ദിവസത്തെ ആത്മപരിശീലനം ഒരു തുടക്കമാണ്. അത് ജീവിതകാലത്തെ മാറ്റത്തിന് വഴിയൊരുക്കാൻ കഴിയും. ഈ മാസം നമ്മെ കൂടുതൽ ശാന്തരായും ഉത്തരവാദിത്തമുള്ളവരായും ആത്മബോധമുള്ളവരായും മാറ്റിയാൽ, റമദാന്റെ യഥാർത്ഥ ഫലം നമ്മിൽ പ്രതിഫലിച്ചുവെന്ന് പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.