ദോഹ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി നൽകണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് യു.ഡി.എഫ് ചെയർമാൻ ബെന്നി ബെഹനാൻ. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ സമൂഹത്തിൽ സമവായം ഉണ്ടാകുന്നത് വരെ കാത്തിരിക്കുകയാണ് വേണ്ടത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതി ഉത്തരവിനെ ആദ്യം സ്വാഗതം ചെയ്തത് ആർ.എസ്.എസ് ആണെന്നത് നാം ശ്രദ്ധിക്കണം. ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള മാർഗങ്ങളിലൊന്നായി ആർ.എസ്.എസ് ഇൗ വിധിയെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഉണ്ട്. യു.ഡി.എഫ് ചെയർമാനായി െതരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ദോഹയിലെത്തിയ ബെന്നി ബെഹനാൻ ഖത്തർ ഇന്ത്യൻ മീഡിയ ഫോറത്തിെൻറ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ച് സുപ്രധാനമാണ്. രാജ്യത്തിെൻറ മതേതരത്വവും ജനാധിപത്യവും നിലനിർത്താൻ ഒാരോരുത്തരും രംഗത്തിറങ്ങേണ്ട സാഹചര്യമാണ്. നാലര വർഷത്തെ ഭരണത്തിലൂടെ നേരന്ദ്ര മോഡിയും ബി.ജെ.പിയും ഇന്ത്യയെ എല്ലാ തലത്തിലും പിന്നോട്ടടിപ്പിച്ചു. കള്ളപ്പണം വിദേശത്ത് നിന്ന് കൊണ്ടുവന്ന് നാട്ടുകാർക്ക് വിതരണം ചെയ്യുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ നാലര വർഷം പിന്നിട്ടപ്പോൾ കള്ളപ്പണവും കിട്ടാക്കടവും വർധിക്കുകയാണ്. ആയിരക്കണക്കിന് കോടികൾ വായ്പയെടുത്ത ശേഷം വിദേശത്തേക്ക് രക്ഷപ്പെടുകയാണ്.
നോട്ടുനിരോധനത്തിലൂടെ ഇന്ത്യയിലെ കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമാണ് മോഡി ഉണ്ടാക്കികൊടുത്തത്. നോട്ടു നിരോധനവും അവധാനതയില്ലാതെ നടപ്പാക്കിയ ജി.എസ്.ടിയും എല്ലാം സാധാരണക്കാരുടെ ജീവിതം പ്രയാസത്തിലാക്കി. റഫാൽ അഴിമതിയിലൂടെ രാജ്യത്തിെൻറ പ്രതിരോധ രംഗത്ത് നിലനിന്നിരുന്ന സംവിധാനങ്ങളെ കൂടി മോഡി തകർത്തു. 4500 യുദ്ധ വിമാനങ്ങൾ നിർമിച്ച എച്ച്.എ.എല്ലിനെ ഒഴിവാക്കിയാണ് ഏതാനും ദിവസങ്ങൾ മുമ്പ് മാത്രം രജിസ്റ്റർ ചെയ്ത അനിൽ അംബാനിയുടെ കമ്പനിക്ക് റഫാൽ കരാർ കൈമാറിയത്. പ്രതിരോധ കരാറുകൾ ഒപ്പുവെക്കുേമ്പാൾ സ്വീകരിക്കേണ്ട കീഴ്വഴക്കങ്ങളെല്ലാം മോഡി ഒഴിവാക്കിയതായും ബെന്നി ബെഹനാൻ പറഞ്ഞു.
അതേസമയം, കേരളത്തിലും ഏകാധിപത്യ രീതിയിലുള്ള ഭരണമാണ് നടക്കുന്നത്. ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിക്കാനുള്ള തീരുമാനം ആരെയും അറിയിക്കാതെ നടപ്പാക്കാനായിരുന്നു ശ്രമം. കളമശ്ശേരി, കാക്കനാട്, കൊച്ചിൻ കോർപറേഷൻ മേഖലകളിലേക്ക് കുടിവെള്ള ശുദ്ധീകരണ പ്ലാൻറിന് മാറ്റിവെച്ച കിൻഫ്രയുടെ സ്ഥലം ബ്രുവറീസിനായി നൽകാനാണ് തീരുമാനം. കിൻഫ്രയിൽ ഇതുസംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ച ഉദ്യോഗസ്ഥൻ സി.പി.എമ്മുമായി അടുത്ത ബന്ധമുള്ളയാളാണ്. യോഗ്യതയിൽ കാണിച്ച പരിചയമില്ലാതെ ജോലിയിൽ പ്രവേശിച്ച ഇയാൾക്ക്, അനർഹമായി സ്ഥാനക്കയറ്റങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജൻ മുമ്പ് അനധികൃത നിയമനങ്ങളുടെ പേരിലാണ് രാജിെവക്കേണ്ടി വന്നതെന്നും സമാന സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ബെന്നി ബെഹനാൻ പറഞ്ഞു. കേന്ദ്ര സർക്കാറിെൻറ റഫാൽ അഴിമതി, സംസ്ഥാന സർക്കാറിെൻറ ബ്രുവറീസ് ക്രമക്കേട് എന്നിവക്കെതിരെ രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും യു.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിെൻറ ഭാഗമായി നവംബർ 14ന് എല്ലാ സ്ഥലങ്ങളിലും യു.ഡി.എഫ് ബൂത്തുകമ്മിറ്റികൾ വിളിച്ചുചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടാനാണ് ശ്രമിക്കുക. ബി.ജെ.പിക്കെതിരെ കോൺഗ്രസിെൻറ നേതൃത്വത്തിലാണ് പോരാട്ടമെന്നതിനാൽ സി.പി.എമ്മിന് ചെയ്യുന്ന വോട്ടുകളെല്ലാം നോട്ടക്ക് തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു.പ്രവാസി വോട്ടിന് കൂടി സാധ്യതയുള്ള പശ്ചാത്തലത്തിൽ പ്രവാസ ലോകത്ത് യു.ഡി.എഫ് പ്രവർത്തനം കൂടുതൽ ശക്തമാക്കും. യു.ഡി.എഫിനെ പിന്തുണക്കുന്ന എല്ലാ സംഘടനകളുടെയും യോഗം വിളിക്കുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.