ഖത്തർ പി.സി.എഫ് പ്രവർത്തക സംഗമത്തിൽ ഗ്ലോബൽ പി.സി.എഫ് അംഗം ഷഫാഅത്ത് വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തുന്നു
ദോഹ: കേരളത്തിലെ പ്രവാസികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ കണക്കിലെടുത്ത് നിലവിലെ പ്രവാസി പെൻഷൻ തുക മാസം 5000 രൂപയായി വർധിപ്പിക്കണമെന്ന് പി.സി.എഫ് ഖത്തർ നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഐൻ ഖാലിദിലുള്ള ഗ്രീൻസ് റെസ്റ്റോറിൽ നടന്ന പി.സി.എഫ് പ്രവർത്തക കൺവെൻഷനിലാണ് ആവശ്യം ഉന്നയിച്ചത്. വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത് നാടിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തിയ പ്രവാസികൾ മടങ്ങിയെത്തുമ്പോൾ ശരിയായ വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. നിലവിൽ ലഭിക്കുന്ന ചെറിയ തുക മരുന്നിനും നിത്യച്ചെലവിനും പോലും തികയുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. മടങ്ങിവന്ന പ്രവാസികൾക്കായി കൂടുതൽ സ്വയംതൊഴിൽ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.മുതിർന്ന പ്രവർത്തകനും സാമൂഹിക മേഖലയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങളുമായ മുനീർ അകലാടിനും നാസർ ചേർപ്പിനും മെമന്റോ നൽകി ആദരിച്ചു. എയിംസിന്റെ ബി.എസ് സി നഴ്സിങ് പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി ഹൈദരാബാദ് എയിംസിൽ അഡ്മിഷൻ നേടിയ നാഫിയക്ക് മെമന്റോ നൽകി ആദരിച്ചു.
പി.സി.എഫ് ഖത്തർ ഫുട്ബാൾ ടീമിന്റെ ജേഴ്സി ലോഞ്ചിങ്ങും നടന്നു. പി.സി.എഫ് ഖത്തർ പ്രസിഡന്റ് ഷാജഹാൻ മാരാരിത്തോട്ടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആരിഫ് വെളിച്ചിക്കാല സ്വാഗതം പറഞ്ഞു.
ഗ്ലോബൽ അംഗം നൗഷാദ് അണ്ടൂർക്കോണം ഉദ്ഘാടനം ചെയ്തു. ഷഫാഅത്ത് വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. ഷാനവാസ്, ശിഹാബ് പല്ലന, കരീം തീണ്ടലം, അഷ്റഫ് വളാഞ്ചേരി, നാസർ ചേർപ്പ് എന്നിവർ സംസാരിച്ചു. ട്രഷറർ റിയാസ് തൃത്താല നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.