ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തക കൺവെൻഷനിൽനിന്ന്
ദോഹ: കേരളത്തിന്റെ പാരമ്പര്യമായ മതസൗഹാർദത്തെയും സാമൂഹിക ഐക്യത്തെയും ദുർബലപ്പെടുത്തുന്ന വർഗീയ പ്രസ്താവനകളും പ്രവർത്തനങ്ങളും ഉയർന്നുവരുന്നതിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തക കൺവെൻഷൻ ഗൗരവമായ ആശങ്ക രേഖപ്പെടുത്തി. സമൂഹത്തിന് മാതൃകയാകേണ്ട രാഷ്ട്രീയ നേതാക്കൾ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന പ്രസ്താവനകളിൽനിന്ന് പൂർണമായും വിട്ടുനിൽക്കണമെന്നും അധികാരലാഭത്തിനായി മതവികാരം ചൂഷണം ചെയ്യുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും പ്രമേയത്തിൽ വ്യക്തമാക്കി.
കേരളത്തിന്റെ ആത്മാവായ മതേതരത്വം സംരക്ഷിക്കാൻ എല്ലാ വിഭാഗങ്ങളും ഒന്നിച്ച് മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട കൺവെൻഷൻ, സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് വേദികളിലൂടെയും നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ നിയമപരമായി കർശനമായി നേരിടാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മദീന ഖലീഫയിലെ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ അബ്ദുൽ ലത്തീഫ് നല്ലളം, താജുദ്ദീൻ മുല്ലവീടൻ, മുജീബ്റഹ്മാൻ മദനി, ഷാഹുൽ ഹമീദ്, മൊയ്ദീൻ ഷാ, ഹമീദ് കല്ലിക്കണ്ടി, ഹമദ് ബിൻ സിദ്ദീഖ് എന്നിവർ സംസാരിച്ചു. പരിപാടിക്ക് അബ്ദുറഹ്മാൻ മദനി, നസീർ പാനൂർ, അജ്മൽ ജൗഹർ, ഷനീജ് എടത്തനാട്ടുകര, അഹമദ് മുസ്തഫ എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.