ഇന്റർ സ്കൂൾ സ്റ്റെം മത്സരത്തിൽ വിജയികളായ പർവേസ് റസൂൽ, അയ്മൻ അബ്ദുല്ല എന്നിവർ
അധ്യാപകരോടൊപ്പം
ദോഹ: ഈദാദ് ഇന്റർനാഷനൽ അക്കാദമി സംഘടിപ്പിച്ച ഇന്റർ സ്കൂൾ സ്റ്റെം മത്സരത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ജൂനിയർ വിഭാഗം വിദ്യാർഥികൾക്ക് തിളക്കമാർന്ന വിജയം.
നൂതനമായ പ്രോജക്റ്റുകൾ അവതരിപ്പിച്ച വിദ്യാർഥികൾ ഒന്നും മൂന്നും സ്ഥാനങ്ങളാണ് കരസ്ഥമാക്കിയത്. പരിസ്ഥിതി സൗഹൃദമായ ഊർജ ഉൽപാദനം ലക്ഷ്യമിട്ടുള്ള സോളാർ പാനൽ, ടെലിവിഷൻ കാഴ്ചക്കാരുടെ കണ്ണിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഡിസ്റ്റൻസ് സെൻസിങ് ടെലിവിഷൻ സ്ക്രീൻ ഡിറ്റക്റ്റർ എന്നീ വർക്കിങ് മോഡലുകൾ അവതരിപ്പിച്ച രണ്ടാം ക്ലാസ് വിദ്യാർഥിയായ പർവേസ് റസൂൽ ആണ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്. ടി.വി കാണുന്നയാൾ സുരക്ഷിതമായ അകലത്തിലാണെങ്കിൽ മാത്രം സ്ക്രീൻ പ്രവർത്തിക്കുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത് എന്നുള്ളതാണ് ഇതിനെ സവിശേഷമാക്കുന്നത്.
മണ്ണിലെ ഈർപ്പവും പ്രകാശ സെൻസറുകളും ഉപയോഗിച്ച് സസ്യങ്ങളുടെ വളർച്ചയെ നിരീക്ഷിക്കുന്ന 'സ്മാർട്ട് പ്ലാന്റ് കെയർ റോബോട്ട്', കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന മിനി വിൻഡ് മിൽ എന്നിവ അവതരിപ്പിച്ചാണ് നാലാം ക്ലാസ് വിദ്യാർഥിയായ അയ്മൻ അബ്ദുല്ല മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. റോബോട്ടിക്സ്, ഓട്ടോമേഷൻ, പുനരുപയോഗ ഊർജം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പ്രോജക്റ്റുകൾ തയാറാക്കാൻ അധ്യാപകരുടെ കൃത്യമായ മാർഗനിർദേശവും പരിശീലനവും വിദ്യാർഥികൾക്ക് ലഭിച്ചു.
മികച്ച വിജയം നേടിയ വിദ്യാർഥികളെയും മാർഗനിർദേശങ്ങൾ നൽകിയ അധ്യാപകരെയും സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.