ഖത്തറിലേക്കു കടത്താൻ ശ്രമിച്ച കഞ്ചാവും ലഹരിമരുന്നും
ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ജനറൽ കസ്റ്റംസ്
അതോറിറ്റി പിടികൂടിയപ്പോൾ
ദോഹ: ഖത്തറിലേക്കു കടത്താൻ ശ്രമിച്ച കഞ്ചാവും ‘ഷാബോ’എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ലഹരിമരുന്നും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ജനറൽ കസ്റ്റംസ് അതോറിറ്റി പിടികൂടി. ബിസ്കറ്റിനും നട്സിനുമൊപ്പം ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുകയായിരുന്ന യാത്രക്കാരനിൽനിന്നാണ് ഇവ പിടിച്ചെടുത്തത്.
കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയതെന്ന് ഇവയുടെ ചിത്രങ്ങൾ സഹിതം ഖത്തർ കസ്റ്റംസ് സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചു.
പിടികൂടിയ 1996 ഗ്രാം ഭാരമുള്ള കഞ്ചാവ് ബിസ്കറ്റ് ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലും 931.3 ഗ്രാം ഭാരമുള്ള ഷാബോ നട്സിനുള്ളിൽ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്.
അനധികൃത വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് ജനറൽ കസ്റ്റംസ് അതോറിറ്റി തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വികസിത സംവിധാനങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെയുള്ള എല്ലാ പിന്തുണയും അധികൃതർ നൽകി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.