നിസാർ പുത്തൂർ ഡോ. യൂസുഫുൽ ഖറദാവിക്കൊപ്പം
ദോഹ: ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹ ദഫ്നയിലെ ആ വീട്ടിൽ ഇപ്പോൾ പാതിരാത്രി കഴിഞ്ഞും തെളിയുന്ന വെളിച്ചമില്ല. രാവും പകലുമൊന്നുമില്ലാതെ ലോകത്തിന്റെ പല ദിക്കിൽനിന്നും അറിവും സാന്ത്വനവും തേടിയെത്തുന്ന മനുഷ്യരില്ല... ഇപ്പോൾ ഇവിടം ശാന്തമാണ്. ലോകാദരണീയനായ ഡോ. യൂസുഫുൽ ഖറദാവിയെന്ന പണ്ഡിത തേജസ്സ് വിടപറഞ്ഞ ശേഷം, ആദ്യ റമദാനെത്തുമ്പോൾ ആളും ആരവങ്ങളുമൊഴിഞ്ഞു നിൽപ്പാണ് ദഫ്നയിലെ വീടും, അതോട് ചേർന്ന ഓഫിസും.
കഴിഞ്ഞ 13 വർഷം അനുചരനെ പോലെ ഒപ്പമുണ്ടായിരുന്ന കോഴിക്കോട് തോട്ടുമുക്കം സ്വദേശി സക്കീർ ഇന്നും ആ വീട്ടിലുണ്ട്. സക്കീറിന്റെ പ്രിയപ്പെട്ട ബാബ കഴിഞ്ഞ സെപ്റ്റംബർ 26നായിരുന്നു ഓർമയായത്. 1961ൽ ഖത്തറിൽ അഭയം തേടി, ഈ നാട്ടുകാരനായി മാറിയ ഖറദാവിയുടെ ജീവിതത്തിലേക്ക് 2010ലാണ് സാരഥിയായി സക്കീർ എത്തുന്നത്. അതിനുമുമ്പും ‘ബാബ’യുടെ സാരഥിയായി മറ്റൊരു കോഴിക്കോട്ടുകാരനുണ്ടായിരുന്നു. ഓമശ്ശേരി സ്വദേശി നിസാർ പുത്തൂർ.
ലോകനേതാക്കളും ഇസ്ലാമിക പണ്ഡിതരും ഭരണകർത്താക്കളുമെല്ലാം ഏറെ ആദരിച്ചിരുന്ന ഡോ. യൂസുഫുൽ ഖറദാവിയുടെ ഡ്രൈവറായി ആദ്യമെത്തുന്നത് നിസാറായിരുന്നു. 2007ലായിരുന്നു നിസാർ ദഫ്നയിലെ വീട്ടിലെത്തുന്നത്. നാലു വർഷത്തോളം ആ വീട്ടിൽ ഖറദാവിയുടെ യാത്രയിലും സഹായിയുമായി ഒപ്പം നിന്നു.
സൗമ്യമായ പുഞ്ചിരിയും ക്ഷേമാന്വേഷണങ്ങളുമായി തന്റെ കൈപിടിച്ച് വാഹനത്തിൽ കയറി മുൻ സീറ്റിൽ തന്നെ ഇരിക്കുന്ന, വീട്ടുവിശേഷങ്ങൾ ചോദിച്ചറിയുന്ന, മലയാളികളെ ഏറെ ഇഷ്ടപ്പെടുന്ന ‘ശൈഖ് ബാബ’ക്ക് ചുരുങ്ങിയ കാലംകൊണ്ടുതന്നെ നിസാർ പ്രിയപ്പെട്ടവനായി മാറി. അദ്ദേഹത്തിന്റെ മക്കൾക്കും ഭാര്യക്കുമെല്ലാം വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവനായി. 2010ൽ നിസാർ വിവാഹം കഴിക്കാനായി നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു, അടുത്ത പ്രദേശത്തുകാരൻ കൂടിയായ സക്കീർ ആ ജോലിയിലേക്ക് എത്തുന്നത്. പിന്നെ, മരണം വരെ സക്കീർ വളയം പിടിക്കുന്ന കാറിന്റെ വലതുവശത്തെ സീറ്റിൽ ‘ബാബ’യുണ്ടായിരുന്നു. മാസങ്ങൾക്കുമുമ്പ് ഖറദാവി ഓർമയായെങ്കിലും ബാബക്ക് പ്രിയങ്കരനായ സാരഥിയെ കൈവിടാൻ മക്കളും തയാറായില്ല. ഖറദാവിയുടെ മരണത്തിന്റെ ഒരാഴ്ചക്കുള്ളിൽ തന്നെ മകൾ അസ്മയുടെ സ്പോൺസർഷിപ്പിലേക്ക് വിസ മാറ്റി സക്കീറിനെ ഇന്നും അവർ വീട്ടിലെ ഒരംഗത്തെപോലെ ഒപ്പം നിർത്തി.
വായനയും പഠനവും ജീവിതമാക്കിയ ബാബ
വായനയും എഴുത്തുമായിരുന്നു എന്നും ഡോ. യൂസുഫുൽ ഖറദാവിക്ക് കൂട്ടെന്ന് നിഴൽപോലെ അദ്ദേഹത്തിനൊപ്പം നിന്ന സക്കീറും നിസാറും സാക്ഷ്യപ്പെടുത്തുന്നു. ‘വീടിനോട് ചേർന്ന ഓഫിസ് മുറിയിലേക്ക് രാവിലെ ഒമ്പതുമണിക്കു തന്നെ പ്രവേശിക്കും. പിന്നെ വായനയും എഴുത്തുമായി പാതിരാത്രി പിന്നിടുന്നത് വരെയും അവിടെ തന്നെയുണ്ടാവും. സന്ദർശകരെ സ്വീകരിക്കലും അവരുമായി സംസാരിക്കലുമെല്ലാം പുസ്തകങ്ങൾ നിറഞ്ഞ ആ ഓഫിസ് മുറിയിൽ വെച്ചായിരുന്നു. രാത്രി വൈകുവോളം ആ മുറിയിൽ വെളിച്ചമുണ്ടാവും. ചില ദിവസങ്ങളിൽ നേരം പുലരും വരെയും. അർധരാത്രിയിൽ വെളിച്ചംകണ്ട് ഓഫിസിലേക്ക് പോയി നോക്കുമ്പോൾ കൈയിൽ ഒരു പുസ്തകമോ, അല്ലെങ്കിൽ എഴുത്തോ ആയി ബാബ സജീവമായിരിക്കും’ -ഡോ. യൂസുഫുൽ ഖറദാവിയുടെ ദിനചര്യ സക്കീർ ഓർക്കുന്നത് ഇങ്ങനെയാണ്.
പകൽ സമയങ്ങളിൽ സന്ദർശകർ ഒരുപാടുണ്ടാവും. നൂറും ഇരുനൂറും പേരൊക്കെ ചില ദിവസങ്ങളിൽ എത്തുമായിരുന്നു. എത്ര തിരക്കിനിടയിലും വരുന്നവരെ ഹൃദ്യമായി സ്വീകരിച്ച് സൗമ്യമായി സംസാരിക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതരും ലോകനേതാക്കളുമെല്ലാം അവരിലുണ്ടാവും. ബാബയെ കാണാനും അഭിപ്രായങ്ങൾ തേടാനുമൊക്കെയാവും പലരുടെയും വരവുകൾ. റമദാനിലെ അവസാനത്തെ പത്തിൽ രാത്രി സമയങ്ങൾ മുഴുവൻ പള്ളിയിലാവും. ദഫ്നയിലെ വീടിനരികിലുള്ള പള്ളികളിൽ തന്നെയാവും ഇഅ്തികാഫും പ്രാർഥനയുമെല്ലാം. വീട്ടിൽനിന്നും പള്ളിയിലേക്കും തിരിച്ചുമുള്ള യാത്രകൾ എന്റെ ഉത്തരവാദിത്തമാണ്. വർഷങ്ങളായി ഈ പതിവുകളൊന്നും തെറ്റാറുമില്ല’ -സക്കീർ പറയുന്നു.
‘റമദാനിലെ പകൽസമയങ്ങളിലും സന്ദർശകർ ഒരുപാടുണ്ടാവും. ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നതും റമദാനിലാണ്. ഇതിനിടയിൽ ഖത്തർ രാജകുടുംബത്തിലും അമീരി ദീവാനിലുമെല്ലാം ബാബക്ക് ഇഫ്താർ വിരുന്നുണ്ടാവും. പെരുന്നാൾ ദിനത്തിൽ സന്ദർശകർ കുറവാണ്. ഈദ് നമസ്കാരവും കഴിഞ്ഞ് അമീറിന്റെ സ്വീകരണ ചടങ്ങിലും അതുപോലെ പ്രധാനപ്പെട്ട ശൈഖുമാരുടെ സ്വീകരണങ്ങളിലും പങ്കെടുത്താവും ബാബ വീട്ടിലെത്തുക. പെരുന്നാൾ പിറ്റേന്ന് മുതലായിരിക്കും വീട്ടിൽ സന്ദർശകരുടെ വരവ്’- സക്കീർ ഓർക്കുന്നു.
‘അതിഥികളായി വിവിധ രാജ്യങ്ങളിൽനിന്ന് ആരു വന്നാലും ഫോട്ടോ എടുക്കാൻ താൽപര്യം പറയുമ്പോൾ ബാബ പുഞ്ചിരിയോടെ അനുവദിക്കും. അവരെ ചേർത്തു നിർത്തിയശേഷം ഫോട്ടോ എടുത്തുകൊടുക്കാൻ എന്നോട് ആവശ്യപ്പെടും. അതിഥികളെത്തുമ്പോൾ മധുരം നൽകി വിരുന്നൂട്ടാനും മറക്കില്ലായിരുന്നു. വെള്ളിയാഴ്ചകളിൽ ‘ബാബ’ ഖുതുബ പറയുന്ന ഉമറുബ്നുൽ ഖതാബ് പള്ളിയിലേക്കുള്ള യാത്ര പതിവായിരുന്നു.’ - അങ്ങനെ ഒരുപിടി നല്ല ഓർമകളോടെയായിരുന്നു തന്റെ നാലു വർഷത്തെ സേവനമെന്ന് നിസാർ പറയുന്നു.
13 വർഷം സന്തതസഹചാരിയായി ഒപ്പമുണ്ടായിരുന്നെങ്കിലും യൂസുഫുൽ ഖറദാവിക്കൊപ്പം ഒരു ചിത്രം പോലും എടുക്കാൻ കഴിയാത്തതിന്റെ വിഷമം സക്കീറിനുണ്ട്. ‘ഏറെ ആദരവായിരുന്നു അദ്ദേഹത്തോട്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിച്ചിട്ടുണ്ടെങ്കിലും ഒരു ഫോട്ടോ എടുക്കാനുള്ള ധൈര്യമില്ലായിരുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് ബാബക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് ആഗ്രഹിച്ചെങ്കിലും കോവിഡ് ബാധിച്ച് അദ്ദേഹം അവശനായി. പിന്നെ ഞാൻ ശ്രമിച്ചില്ല. എങ്കിലും മനസ്സിന്റെ കോണിൽ മായാത്ത ചിത്രമായി പ്രിയ ബാബയുണ്ട്’ -സക്കീർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.