വത്വൻ സുരക്ഷ അഭ്യാസത്തിൽനിന്ന്
ദോഹ: ലോകകപ്പിന്റെ അവസാന വട്ട സുരക്ഷ ക്രമീകരണങ്ങൾ ടെസ്റ്റ് ചെയ്ത് വത്വൻ സുരക്ഷ അഭ്യാസത്തിന് സമാപനമായി.
കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന സുരക്ഷ അഭ്യാസം രാജ്യത്തിന്റെ വിവിധ മേഖലകളിലായാണ് നടന്നത്. വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, സ്റ്റേഡിയങ്ങൾ, പൊതുജനങ്ങളും കാണികളും ഇടപഴകുന്ന മേഖലകൾ, തുറമുഖം തുടങ്ങി വിവിധ പ്രദേശങ്ങൾ സുരക്ഷ അഭ്യാസത്തിന്റെ വേദിയായി മാറി. വിവിധ രാജ്യങ്ങളിൽനിന്നുള്ള സൈനിക, അർധസൈനിക, സുരക്ഷ വിഭാഗങ്ങളും വിദഗ്ധ പരിശീലനം സിദ്ധിച്ച ഓപറേഷൻ വിഭാഗങ്ങളും ഖത്തറിന്റെ വിവിധ മന്ത്രാലയങ്ങളും 'വത്വൻ' അഭ്യാസ പ്രകടനത്തിൽ പങ്കാളികളായിരുന്നു.
വത്വൻ സുരക്ഷ അഭ്യാസപ്രകടനത്തിന്റെ ഭാഗമായി കടലിൽ നടന്ന രക്ഷാപ്രവർത്തനത്തിൽനിന്ന്
11 മന്ത്രാലയങ്ങളുടെയും സൗദി അറേബ്യ, പാകിസ്താൻ, ഫ്രാൻസ്, ജർമനി, പോളണ്ട്, ഇറ്റലി, ജോർഡൻ, കുവൈത്ത്, സ്പെയിൻ, തുർക്കി, ഫലസ്തീൻ, അമേരിക്ക, തുർക്കി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള സുരക്ഷ വിദഗ്ധരുടെയും പങ്കാളിത്തത്തിലാണ് 'വത്വൻ' അഭ്യാസം നടന്നത്. ലോകകപ്പ് സുരക്ഷ ഒരുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സൗഹൃദ സഖ്യ സേനകൾ നേരത്തെ ഖത്തറിലെത്തിയിരുന്നു.
ലോകകപ്പ് വേളയിൽ നേരിട്ടേക്കാവുന്ന വിവിധ സുരക്ഷ വെല്ലുവിളികളും സാഹചര്യങ്ങളും കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടായിരുന്നു വത്വൻ അഭ്യാസത്തിൽ സുരക്ഷ തയാറെടുപ്പ് വിലയിരുത്തിയത്.
അടിയന്തര ഓപറേഷൻ, മെഡിക്കൽ എമർജൻസി, പാരച്യൂട്ട് രക്ഷാപ്രവർത്തനം, കമാൻഡോ ഓപറേഷൻസ് തുടങ്ങി വൈവിധ്യമാർന്ന സാഹചര്യങ്ങളൊരുക്കി സേനകളെ സർവസജ്ജമാക്കി. വിമാന ഹൈജാക്കിങ് ശ്രമം തടയുന്നതും പ്രശ്നക്കാരായ കാണികളെ നേരിടുന്നതും ഉൾപ്പെടെ വിവിധ സംഭവങ്ങൾ ഒരുക്കിയായിരുന്നു സുരക്ഷ എക്സസൈസ്.
ക്രമീകരണം വിലയിരുത്തി ഫിഫ പ്രസിഡന്റ്
ദോഹ: ലോകകപ്പിന്റെ മുഴുവൻ സുരക്ഷ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്ന ടൂർണമെന്റ് കമാൻഡന്റ് സെന്റർ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ സന്ദർശിച്ചു. ലോകകപ്പ് സുരക്ഷ ഓപറേഷൻസ് കമാൻഡർ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി അദ്ദേഹത്തെ സ്വീകരിച്ച് സുരക്ഷ തയാറെടുപ്പുകൾ വിശദീകരിച്ചു നൽകി. കേന്ദ്രത്തിലെ സുരക്ഷ തയാറെടുപ്പും, ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ക്രമീകരണങ്ങളും ബന്ധപ്പെട്ടവർ വിശദീകരിച്ചു നൽകി. അഞ്ചു ദിവസങ്ങളിലായി നടന്ന വത്വൻ സുരക്ഷ എക്സസൈസ് വിശദാംശങ്ങളും ഫിഫ പ്രസിഡന്റിനെ അറിയിച്ചു.
ലോകകപ്പ് കമാൻഡന്റ് സെന്റർ സന്ദർശിക്കുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.