ദോഹ: അന്തരീക്ഷ താപനില കുറയുകയും ശൈത്യം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ റൂം ഹീറ്ററുകളും വീടിനുള്ളിൽ ചൂട് കിട്ടാനുള്ള പ്രത്യേക അടുപ്പുകളും ഉപയോഗിക്കുന്നവർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. ഫർണിച്ചർ, ഇലക്ട്രിക്, കർട്ടൻ പോലെയുള്ള വസ്തുക്കൾ തുടങ്ങിയ പെട്ടെന്ന് കത്തിപ്പടരാൻ സാധ്യതയുള്ള വസ്തുക്കൾ ഇവയിൽ നിന്നും ചുരുങ്ങിയത് മൂന്നടി അകലെയെങ്കിലും വെക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ഔദ്യോഗിക ഫേസ്ബുക്കിലാണ് മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. റൂം ഹീറ്ററുകൾക്കും അടുപ്പുകൾക്കും സമീപത്ത് നിന്ന് കുഞ്ഞുങ്ങളെ പ്രത്യേകം അകറ്റണമെന്നും ഒരു കാരണവശാലം ഓവനുകൾ വീട് ചൂടാക്കാൻ ഉപയോഗിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. റൂമുകളിൽ നിന്നും മടങ്ങുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും പോർട്ടബിൾ ഹീറ്ററുകൾ ഓഫ് ചെയ്യണമെന്നും എക്സ്റ്റൻഷൻ കോഡുകൾക്ക് അമിതഭാരം ഉണ്ടാക്കരുതെന്നും ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു. ചവിട്ടികൾക്ക് താഴെ ഇലക്ട്രിക്കൽ കോഡ് വയറുകൾ വെക്കരുതെന്നും പഴകിയതും നിലവാരം കുറഞ്ഞതുമായ ഇലക്ട്രിക് എക്സ്റ്റൻഷൻ കോഡുകൾ ഉപേക്ഷിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നിർമ്മാതാക്കൾ നിർദ്ദേശിച്ച ഇന്ധനം മാത്രം ഉപയോഗിച്ചായിരിക്കണം ഇത്തരത്തിലുള്ള സ്പേസ് ഹീറ്ററുകൾ ഉപയോഗിക്കേണ്ടതെന്നും മന്ത്രാലയം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.