തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ വിഭാഗം അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി
ദോഹ: പ്രത്യേകം തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുമാത്രം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിലുടമകളെ ഖത്തർ നിർബന്ധിക്കുന്നില്ലെന്ന് തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ വിഭാഗം അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി അറിയിച്ചു. റിക്രൂട്ട്മെൻറ് നടപടികളിൽ ഏതെങ്കിലും രാജ്യത്തിന് പ്രത്യേക പരിഗണനയില്ലെന്നും അദ്ദേഹം അറിയിച്ചു. വിദേശരാജ്യങ്ങളിൽ നിന്നും വിദഗ്ധരായ തൊഴിലാളികളെ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് രാജ്യം. ഇതിെൻറ ഭാഗമായി വിദേശ റിക്രൂട്ട്മെൻറ് മരവിപ്പിച്ചിരിക്കുന്ന നടപടികൾ കഴിഞ്ഞ ദിവസം നീക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയ, കഴിവുകളുള്ള തൊഴിലാളികളെയും ജീവനക്കാരെയും ഖത്തറിലെത്തിക്കുകയെന്നതാണ് രാജ്യത്തിെൻറ നിലവിലെ നയം. നവംബർ 15 മുതൽ രാജ്യം വിദേശ റിക്രൂട്ട്മെൻറുകൾക്കായി വിസ അനുവദിക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു.
തൊഴിലുകളിൽ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളെ റിക്രൂട്ട്മെൻറ് ചെയ്യുന്നത് കുറക്കുന്നതിനും വിദഗ്ധരായ തൊഴിലാളികളെ രാജ്യത്തെത്തിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ദേശീയ ഉൽപാദന ക്ഷമതയിലും പൊതുവിൽ സ്വകാര്യ മേഖലയിലും ഇത് വലിയ സ്വാധീനമുണ്ടാക്കുമെന്നും തൊഴിൽ വിഭാഗം അസി. അണ്ടർ സെക്രട്ടറി ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തിനും റിക്രൂട്ട്മെൻറ് നടപടികളിൽ തൊഴിൽ മന്ത്രാലയം പ്രത്യേക പരിഗണന നൽകുന്നില്ല. ഏത് രാജ്യക്കാർക്ക് വേണ്ടിയും വിസ തേടുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഓരോ രാജ്യത്തിനും അനുവദിച്ച തൊഴിലാളി അനുപാതം അടക്കമുള്ള മാനദണ്ഡങ്ങൾ കണക്കാക്കിയായിരിക്കും ഇക്കാര്യത്തിലെ തുടർ നടപടികൾ.
വിസ അനുവദിക്കുന്നതിൽ രാജ്യത്തെ ചെറുകിട ഇടത്തരം കമ്പനികൾക്ക് പ്രധാന പരിഗണനയുണ്ടായിരിക്കും. തൊഴിൽ നിയമം, വേതന സംരക്ഷണ സംവിധാനം എന്നിവയിൽ കൃത്യത പാലിക്കുന്നവർക്കായിരിക്കും മുൻഗണനയെന്നും അൽ ഒബൈദലി വ്യക്തമാക്കി. കോവിഡ്-19 സൃഷ്ടിച്ച ആഘാതത്തിൽനിന്നും രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയെ സംരക്ഷിക്കുകയും സാന്ത്വനം നൽകുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരു കമ്പനിയിൽനിന്നും തൊഴിലാളി മറ്റൊരു കമ്പനിയിലേക്ക് മാറുന്നതോടെ ആ വിടവ് നികത്തുന്നതിന് പഴയ കമ്പനിക്ക് പുതിയ വിസ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ട്. അല്ലെങ്കിൽ പകരം ആളെ ലഭിക്കുന്നതുവരെ പഴയ തൊഴിലാളിയുടെ നോട്ടീസ് കാലയളവ് ദീർഘിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന തൊഴിൽവിസ നടപടികൾ ഖത്തർ കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസയിൽ രാജ്യത്തെത്താൻ വഴിയൊരുങ്ങുന്ന തരത്തിൽ ഇന്ത്യയിലെ ഖത്തർ വിസ സെൻററുകളുടെ (ക്യു.വി.സി) പ്രവർത്തനം ഡിസംബർ മൂന്നുമുതൽ പുനരാരംഭിക്കുന്നുമുണ്ട്. ഐ.ഡിയുള്ള നിലവിൽ രാജ്യത്തുള്ളവർ വിദേശത്തേക്ക് പോവുകയാണെങ്കിൽ എക്സിറ്റ് ആയാൽ ഉടൻ തന്നെ തിരിച്ചുവരവിനുള്ള എക്സപ്ഷൻ എൻട്രി പെർമിറ്റ് തനിയെ ലഭിക്കുന്ന സംവിധാനം നവംബർ 29 മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്തിട്ടുണ്ട്. രണ്ടും ഇന്ത്യക്കാർക്ക് ഏറെ പ്രയോജനകരമാകുന്നതാണ്.
കമ്പനികൾക്ക് പുതിയ വിസകൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം തൊഴിൽ മന്ത്രാലയം നവംബർ 15 മുതൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കമ്പനികൾക്ക് വിസ ലഭിച്ചാലും വിസകൾ ഇന്ത്യക്കാരുടെ പേരിലും പാസ്പോർട്ടുകളിലും രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ ഇന്ത്യയിലെ വിസ സെൻററുകൾ വഴി മാത്രമേ സാധ്യമാവുമായിരുന്നുള്ളു. ഇതിനാൽ പുതിയ വിസകൾ വഴി ഇന്ത്യക്കാരുടെ ഖത്തറിലേക്കുള്ള വരവും നീളുകയായിരുന്നു. എന്നാൽ, ക്യു.വി.സികളുടെ പ്രവർത്തനം ഡിസംബർ മൂന്ന് മുതൽ പുനരാംരംഭിക്കുന്നതോടെ ഇന്ത്യക്കാർക്ക് മെഡിക്കൽ അടക്കമുള്ള വിസ നടപടികൾ ഇന്ത്യയിൽെവച്ച് പൂർത്തീകരിക്കാനും കഴിയും. ഇതോടെ പുതിയ വിസകളിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് വരാനുള്ള വഴി കൂടിയാണ് തുറക്കുന്നത്. ക്യു.വി.സികൾ വഴി ഖത്തറിലേക്കുള്ള വിസനടപടികൾ നടത്താനുള്ള അപ്പോയ്ൻറ്മെൻറുകൾ സെൻററുകളുടെ വെബ്സൈറ്റ് വഴി ഇനിമുതൽ നേടാം. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായാണ് ഖത്തറിെൻറ പുതിയ നടപടികൾ.
നിലവിൽ വിസയുള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായി ഖത്തറിലേക്ക് തിരിച്ചെത്താൻ കഴിയുന്നുണ്ട്. ഖത്തറും ഇന്ത്യയും തമ്മിൽ എയർബബ്ൾ ധാരണപ്രകാരമുള്ള വിമാന സർവിസുകൾ വഴിയാണിത്. ഖത്തർ ഐ.ഡിയുള്ള, നിലവിൽ ഖത്തറിലുള്ളവർക്ക് വിദേശത്തേക്ക് പോവുകയാണെങ്കിൽ മടങ്ങിവരവിനുള്ള 'എക്സപ്ഷൻ റീ എൻട്രി പെർമിറ്റ്' യാത്ര പുറപ്പെട്ട് കഴിഞ്ഞാൽ തനിയെ കിട്ടുന്ന സംവിധാനമാണ് കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
ഇതിനായി ഖത്തർ പോർട്ടൽ മുഖേന അപേക്ഷിക്കേണ്ടതില്ല. രാജ്യം വിട്ടുകഴിഞ്ഞയുടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽനിന്ന് ഐ.ഡി ഉടമക്കോ തൊഴിലുടമക്കോ എൻട്രി പെർമിറ്റിെൻറ പ്രിൻറൗട്ട് എടുക്കാൻ സാധിക്കും. എന്നാൽ, ഖത്തറിന് പുറത്തുള്ളവർക്ക് തിരിച്ചുവരാൻ ഖത്തർ പോർട്ടൽ മുഖേനതന്നെ അപേക്ഷിച്ച് സാധാരണപോലെ നടപടികൾ പൂർത്തീകരിക്കണം. രാജ്യത്തിന് പുറത്തുപോയി വീണ്ടും തിരിച്ചെത്തണമെങ്കിൽ ഈ പെർമിറ്റ് നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.