ദോഹ: ഖത്തറിലെ പ്രമുഖ തുറമുഖങ്ങളായ ഹമദ്, റുവൈസ്, ദോഹ എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ചരക്കുനീക്കത്തിൽ വൻ വർധന രേഖപ്പെടുത്തി. 2024 ഡിസംബറിനെ അപേക്ഷിച്ച് ജനറൽ, ബൾക്ക് ചരക്കുകളുടെ കൈമാറ്റത്തിൽ 64 ശതമാനം വളർച്ചയാണ് ഉണ്ടായതെന്ന് മവാനി ഖത്തർ അറിയിച്ചു. ഡിസംബർ 2025 വരെ കണ്ടെയ്നറുകൾ: 1,10,784 ടി.ഇ.യു, വാഹനങ്ങൾ: 12,858 യൂനിറ്റുകൾ, കന്നുകാലികൾ: 28,633, എത്തിയ കപ്പലുകൾ: 226 എണ്ണം എന്നിങ്ങനെയാണ് വർധിച്ചത്.
ഹമദ് തുറമുഖത്തിന്റെ നേട്ടം ഖത്തറിന്റെ വ്യാപാര കവാടമായ ഹമദ് തുറമുഖം 2025ൽ ആഗോളതലത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വേൾഡ് ബാങ്കിന്റെയും എസ് ആൻഡ് പി ഗ്ലോബലിന്റെയും കണക്കനുസരിച്ച് ഗൾഫ് മേഖലയിൽ ഒന്നാമതായും ആഗോളതലത്തിൽ പതിനൊന്നാം സ്ഥാനത്തും ഹമദ് തുറമുഖം എത്തി. മൊത്തം ചരക്കുനീക്കത്തിന്റെ പകുതിയോളം ട്രാൻസ്ഷിപ്മെന്റ് വഴിയാണെന്നത് ഖത്തറിന്റെ ലോജിസ്റ്റിക്സ് കരുത്ത് തെളിയിക്കുന്നു.
പുതിയ ഷിപ്പിങ് സർവിസുകൾ കഴിഞ്ഞ വർഷം ജൂലൈയിൽ ആരംഭിച്ച ‘ഷിനൂക്-ക്ലാങ്ക’ സർവിസ് ഖത്തറിനെ ലോകത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളുമായി നേരിട്ട് ബന്ധിപ്പിച്ചു.
കൊളംബോ, ഷാങ്ഹായ്, സിയാറ്റിൽ, വാൻകൂവർ തുടങ്ങിയ നഗരങ്ങളിലേക്ക് ഈ സർവിസ് വഴി നേരിട്ട് ചരക്കെത്തിക്കാം. ഇത് ഖത്തറിന്റെ വിതരണ ശൃംഖലയെ കൂടുതൽ കാര്യക്ഷമമാക്കി. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ മാറ്റിസ്ഥാപിക്കുന്ന പദ്ധതിയിലൂടെ ഹമദ് തുറമുഖം ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കി. മാത്രമല്ല, വിവര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് മവാനി ഖത്തർ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.