ദോഹ: റൗദത് അൽ നൈസാർ സ്ട്രീറ്റിൽ 1.5 കിലോമീറ്റർ ഭാഗം ചൊവ്വാഴ്ച മുതൽ അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. വഖൂദ് പെട്രോൾ സ്റ്റേഷന് സമീപമുള്ള സ്ട്രീറ്റ് 1, സ്ട്രീറ്റ് 70 എന്നിവക്കിടയിലുള്ള ഭാഗമാണ് അടച്ചിടുന്നത്.ഗതാഗത ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് നടപ്പാക്കുന്ന ഗതാഗത നിയന്ത്രണം മൂന്ന് മാസത്തേക്കായിരിക്കും. ഗതാഗതം സുഗമമാക്കുന്നതിനായി ഉം അൽ ദോമിലെയും മൈദർ മേഖലയിലെയും റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന നിർമാണ ജോലികൾ പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്.
ജാസിം ബിൻ അലി സ്ട്രീറ്റിൽ നിന്നും റൗദത് അൽ നൈസാർ സ്ട്രീറ്റിലേക്കുള്ളവർ സ്ട്രീറ്റ് 1ലേക്ക് തിരിഞ്ഞ് പിന്നീട് അൽ ഫർഷ സ്ട്രീറ്റ് വഴി സ്ഥലത്തെത്തണം. എതിർദിശയിൽ നിന്നും വരുന്നവർ സ്ട്രീറ്റ് 70ലെത്തി ഇടത്തോട്ട് തിരിഞ്ഞതിന് ശേഷം അൽ ഫർഷ സ്ട്രീറ്റ് പിടിക്കുകയും പിന്നീട് ലക്ഷ്യത്തിലെത്തുകയും വേണം.റോഡുപയോഗിക്കുന്നവർ വേഗതാപരിധി പാലിക്കണമെന്നും സുരക്ഷക്ക് മുൻഗണന നൽകണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അശ്ഗാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.