ദോഹ: ദുരിതമനുഭവിക്കുന്ന ഗസ്സയിലെ കുരുന്നുകള്‍ക്ക് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും കരുതലിന്റെയും നിമിഷങ്ങൾ സമ്മാനിച്ച് പെരുന്നാള്‍ ഉടുപ്പുകളെത്തിച്ച് എജുക്കേഷൻ എബൗവ് ആൾ ഫൗണ്ടേഷൻ.
വംശഹത്യയില്‍ എല്ലാം നഷ്ടമായ ഗസ്സയിലെ കുട്ടികളെ ആഘോഷങ്ങള്‍ക്കൊപ്പം ചേർത്തുപിടിക്കുകയാണ് എജുക്കേഷൻ എബൗവ് ആൾ ഫൗണ്ടേഷൻ (ഇ.എ.എ). ചെറിയ പെരുന്നാൾ സന്തോഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് ഗസ്സയിലെ കുട്ടികൾക്ക് പെരുന്നാൾ പുതു വസ്ത്രങ്ങൾ വിതരണം ചെയ്തു. കുട്ടികളിൽ സന്തോഷവും പുഞ്ചിരിയും വിടർത്തുക എന്ന ലക്ഷ്യത്തോടെ എജുക്കേഷൻ എബൗവ് ആൾ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ മുൻകൈയെടുത്താണ് 'ഈദ് ഗിഫ്റ്റ്സ്' ക്യാമ്പയിൻ നടപ്പാക്കിയത്.
ഗുണഭോക്താക്കളായ കുടുംബങ്ങളിലെ കുട്ടികൾക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നതിനായി പർച്ചേസ് കൂപ്പണുകൾ വിതരണം ചെയ്തിരുന്നു. ഗസ്സ ഗവർണറേറ്റ്, ദെയ്ർ അൽ ബലഹ്, ഖാൻ യൂനുസ് എന്നീ കേന്ദ്രങ്ങളിലായി 2,570 കുട്ടികൾക്കാണ് പുതുവസ്ത്രം ലഭ്യമാക്കിയത്. ഇതിന് പുറമെ, ജോർഡനിലെ ഫലസ്തീൻ, സിറിയൻ അഭയാർത്ഥികളായ കുട്ടികൾക്കായി 30,000 പുതിയ വസ്ത്രങ്ങളും വിതരണം ചെയ്തു.
ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരാനും, അവർ ഒറ്റയ്ക്കല്ല എന്ന സന്ദേശം നൽകി ഈദിന്റെ സന്തോഷവും ഊഷ്മളതയും പകർന്നു നൽകാനും ഈദ് ഗിഫ്റ്റ്സ് സംരംഭത്തിലൂടെ സാധിച്ചു. കാമ്പയിന്റെ മൂന്നാം പതിപ്പാണ് ഇത്തവണ നടപ്പാക്കിയത്.
ഖത്തറിലുടനീളം വിവിധ വ്യക്തികളിൽ നിന്നും കമ്പനികളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചാണ് കുട്ടികൾക്ക് ഈദ് വസ്ത്രങ്ങൾ ശേഖരിച്ചത്. കുട്ടികൾക്ക് പെരുന്നാൾ പുതുവസ്ത്രം സമ്മാനിക്കുന്നതിനൊപ്പം, സന്തോഷവും ഭാവി പ്രതീക്ഷയും ഈദ് ഗിഫ്റ്റ്സ് ക്യാമ്പയിനിലൂടെ നൽകുന്നുവെന്ന് എജുക്കേഷൻ എബൗവ് ആൾ ഫൗണ്ടേഷൻ സി.ഇ.ഒ മുഹമ്മദ് സഅദ് അൽ കുബൈസി പറഞ്ഞു. കുട്ടികളുടെ ജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന രീതിയിൽ ഐക്യദാർഢ്യത്തിന്റെ സന്ദേശം കൂടിയാണിത്.
ഈദ് ഗിഫ്റ്റ്സ് സംരംഭം നടപ്പിലാക്കുന്നതിൽ എജുക്കേഷൻ എബൗവ് ആൾ ഫൗണ്ടേഷനുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി മാനേജിങ് ഡയറക്ടർ - സെക്രട്ടറി ജനറൽ എൻജിനിയർ ഇബ്രാഹിം ഹാഷിം അൽ സാദ പറഞ്ഞു. ഇതിലൂടെ ഖത്തറിലെ സമൂഹത്തിന്റെ ഐക്യദാർഢ്യത്തെയും ഗസ്സയിലെയും ജോർഡനിലെയും കുട്ടികളെ പിന്തുണക്കാനുള്ള മാനുഷിക ശ്രമങ്ങളെയും പ്രതിഫലിപ്പിക്കുന്നു. കുട്ടികൾക്ക് പുതിയ ഈദ് വസ്ത്രങ്ങൾ ലഭിച്ചപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം സംരംഭത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഏറ്റവും ദുർബലരായ ആളുകളിലേക്ക് എത്തിച്ചേരാൻ ഇതിതരം മാനുഷിക പദ്ധതികൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.