ദോഹ: ഖത്തറിന്റെ സമുദ്രാതിർത്തിയിൽ സൈനിക ഹെലികോപ്ടർ തകർന്നുവീണ് ഏഴു പേർ കൊല്ലപ്പെട്ടു. ഞയറാഴ്ച പുലർച്ചെ നാലോടെയായിരുന്നു നടുക്കിയ സംഭവമുണ്ടായത്. ഹെലികോപ്ടറിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് സമുദ്രാതിർത്തിയിൽ തകർന്നുവീഴുകയായിരുന്നു എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഖത്തറിന്റെ സായുധ സേനയിലെ നാലു പേരും തുർക്കിയ പ്രതിരോധ സ്ഥാപനമായ അസെൽസനിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഖത്തർ സായുധ സേന ക്യാപ്റ്റൻ പൈലറ്റ് മുബാറക് സലിം ദവായ് അൽ മാർറി, ഖത്തർ സായുധ സേന ക്യാപ്റ്റൻ സഈദ് നാസർ സമയ്ഖ്, സർജന്റ് ഫഹദ് ഹാദി ഗാനിം അൽ ഖയാരിൻ, ഖത്തർ സായുധ സേനയിലെ കോർപറൽ മുഹമ്മദ് മഹർ മുഹമ്മദ്, ഖത്തർ -തുർക്കിയ സംയുക്ത സേനയിലെ മേജർ സിനാൻ തഷ്തകിൻ, തുർക്കിയ പൗരന്മാരായ സുലൈമാൻ സിമ്ര കഹ്റമാൻ, ഇസ്മായിൽ അനസ് കാൻ എന്നിവരാണ് ധീര രക്തസാക്ഷിത്വം വഹിച്ചത്.
അപകടത്തിനു പിന്നാലെ കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ ടീമും ആഭ്യന്തര സുരക്ഷ സേനയായ ലെഖ്വിയയുടെ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പും സംയുക്തമായി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ, പരിശോധനക്കിടെ രാവിലെ 11ഓടെ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
തുടർന്ന് ഉച്ചക്കുശേഷം രണ്ടോടെയാണ് അവശേഷിക്കുന്ന ഒരു സൈനികന്റെയും മൃതദേഹം ലഭിച്ചത്. അതേസമയം, അപകടത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് പ്രതിരോധ മന്ത്രാലയം അനുശോചനം അറിയിച്ചു. സർവ്വശക്തനായ ദൈവം കരുണ നൽകട്ടെയെന്നും അവരുടെ കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകട്ടെയെന്നും വിശദീകരിച്ചു.
ഹെലികോപ്ടർ അപകടത്തിൽ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഹെലികോപ്ടർ അപകടത്തിൽ തുർക്കിയ സായുധ സേനയിലെ അംഗങ്ങളും അസെൽസാൻ ജീവനക്കാരും ഖത്തർ സായുധ സേനയിലെ അംഗങ്ങളും രക്തസാക്ഷികളായ വാർത്ത ദുഃഖത്തോടെയാണ് അറിഞ്ഞത് -ഉർദുഗാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ദാരുണമായ അപകടത്തിൽ മരിച്ചവർക്ക് പ്രാർത്ഥനകളും അനുശോചനവും നേരുന്നു. ഖത്തർ ജനതക്കും അനുശോചനം അറിയിക്കുന്നു. ഖത്തരി അധികൃതരുടെ അന്വേഷണത്തിന് ശേഷം അപകടത്തിന്റെ കാരണം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുഃഖാചരണത്തിൽ പങ്കുചേർന്ന് ഖത്തർ പ്രധാനമന്ത്രി
ദോഹ: ഹെലികോപ്ടർ അപകടത്തിൽ രക്തസാക്ഷികളായവരുടെ കുടുംബത്തിന് അനുശോചനമറിയിച്ചും ദുഃഖാചരണത്തിൽ പങ്കുചേർന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനിടെ ഹെലികോപ്ടർ അപകടത്തിൽ രക്തസാക്ഷികളായ ഖത്തർ സായുധ സേനയിലെ അംഗങ്ങളെയും, ഖത്തർ -തുർക്കിയ സംയുക്ത സേനയിലെ സഹോദരങ്ങളുടെയും വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു -പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. ദൈവത്തിന്റെ കരുണക്കായി പ്രാർത്ഥിക്കുന്നു. അവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനവും സഹാനുഭൂതിയും അറിയിക്കുന്നതായും പ്രധാനമന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.