റ​മ​ദാ​ൻ ഗ​തി​ഭേ​ദ​ങ്ങ​ൾ

പു​ണ്യ​റ​മ​ദാ​ൻ വി​ട​പ​റ​ഞ്ഞു. എ​ല്ലാ​വ​രും ഈ​ദ് ആ​ഘോ​ഷ​ത്തി​ന്റെ സ​ന്തോ​ഷ​ങ്ങ​ളി​ലാ​ണ്. ഉ​ള്ളി​ലെ​വി​ടെ​യോ ഒ​രു പി​ട​ച്ചി​ൽ. അ​ത്ര​മേ​ൽ പ്രി​യ​പ്പെ​ട്ട ഒ​രാ​ൾ വി​ട പ​റ​ഞ്ഞു പോ​കു​ന്ന നൊ​മ്പ​രം ഉ​ള്ളു​ല​ക്കു​ന്നു. പ​റ​യാ​ൻ വ​ന്നി​ട്ട് നോ​മ്പ​ല്ലേ​ന്നോ​ർ​ത്ത് പാ​തി​യി​ൽ നി​ർ​ത്തി അ​സ്ത​ഗ്ഫി​റു​ള്ളാ​ന്ന് പ​റ​ഞ്ഞ കൊ​ച്ചു വ​ർ​ത്ത​മാ​ന​ങ്ങ​ൾ, ഗോ​സി​പ്പു​ക​ൾ, ഉ​പ്പും മു​ള​കും രു​ചി​ച്ച് നോ​ക്കു​ക പോ​ലും ചെ​യ്യാ​തെ കു​ടും​ബ​ത്തി​നും ബ​ന്ധു​മി​ത്രാ​ദി​ക​ൾ​ക്കും വേ​ണ്ടി പാ​കം ചെ​യ്ത ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ, പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യി കൈ​മാ​റി​യ പ​ല​ഹാ​ര​പ്പൊ​തി​ക​ൾ, സു​ജൂ​ദി​ൽ വീ​ണു കി​ട​ന്ന് ക​ര​ഞ്ഞ് ന​ന​ഞ്ഞ മു​സ​ല്ല​ക​ൾ, ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​മ്പോ​ഴും വീ​ട് വൃ​ത്തി​യാ​ക്കു​മ്പോ​ഴും ചു​ണ്ടി​ൽ ത​ങ്ങി​നി​ന്ന ദി​ക്റു​ക​ൾ, മ​നോ​ഹ​ര​മാ​യ ഈ​ണ​ത്തി​ൽ ഇ​മാം ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്യു​മ്പോ​ൾ അ​തി​ലേ​ക്ക് മ​ന​സ്സ് ഏ​കാ​ഗ്ര​മാ​ക്കി നി​ന്ന ഖി​യാ​മു​ൽ​ലൈ​ലു​ക​ൾ, നേ​ർ​ത്ത പ്ര​കാ​ശ​ത്തി​ൽ പാ​തി​രാ​വി​ന്റെ ഇ​രു​ട്ടി​ലേ​ക്ക് മി​ഴി​പാ​കി കൈ​ക​ൾ നാ​ഥ​നി​ലേ​ക്കു​യ​ർ​ത്തി നി​ശ്ശ​ബ്ദം ഉ​രു​വി​ട്ട പ​ര​ശ്ശ​തം ദു​ആ​ക​ൾ, ആ​ധി​ക​ൾ, വേ​വ​ലാ​തി​ക​ൾ എ​ല്ലാ​മെ​ല്ലാം പി​ന്നി​ലേ​ക്ക് മ​റ​യു​ക​യാ​ണ്.

എ​ത്ര വേ​ഗ​മാ​ണ് റ​മ​ദാ​ൻ വ​ന്ന​തും പോ​യ​തും! ഇ​ത്ത​വ​ണ​ത്തെ റ​മ​ദാ​ൻ അ​ശാ​ന്ത​മാ​യി​രു​ന്നു. വെ​ട്ടി​പ്പി​ടി​ക്ക​ലി​ന്റെ​യും പ​ലാ​യ​ന​ങ്ങ​ളു​ടെ​യും യു​ദ്ധ​ക്കൊ​തി​യു​ടെ​യും ഇ​ട​യി​ൽ ലോ​ക​ത്ത് കൊ​ന്നു​ത​ള്ളി​യ പൈ​ത​ങ്ങ​ളു​ടെ നി​ല​യി​ല്ലാ​ത്ത ക​ര​ച്ചി​ൽ നെ​ഞ്ചി​ൽ ആ​ള​ലാ​യി. രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പോ​ന്ന കു​രു​ന്നു​ക​ൾ, എ​ന്നെ പോ​ലെ എ​ത്ര​യോ അ​ധ്യാ​പ​ക​ർ, ഇ​നി​യും പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത അ​വ​രു​ടെ നൂ​റു​നൂ​റ് സ്വ​പ്ന​ങ്ങ​ൾ. എ​ല്ലാം എ​ത്ര പൊ​ടു​ന്ന​നെ​യാ​ണ് ആ​റ​ടി മ​ണ്ണി​ന്ന​ടി​യി​ലാ​യ​ത്.

ഈ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലും ന​ന്ദി​യോ​ടെ സ്മ​രി​ക്കേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ളു​ണ്ട്. അ​പ​രി​ചി​ത​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ പു​തി​യൊ​രു പ​ട​വി​ലേ​ക്ക് ക​ട​ന്നു നി​ൽ​ക്കു​മ്പോ​ഴും ഈ ​നാ​ട് മ​നു​ഷ്യ​ജീ​വി​തം ദു​രി​ത​മ​യ​മ​ല്ലാ​താ​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ട്. വി​പ​ണി​ക​ളി​ൽ അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക​യ​റ്റ​മി​ല്ല, മാ​ധ്യ​മ​ങ്ങ​ളി​ൽ ഭീ​തി​പ്പെ​ടു​ത്തു​ന്ന ഗ്വോ ​ഗ്വോ വി​ളി​ക​ളി​ല്ല, ആ​ശു​പ​ത്രി​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ സ​ജീ​വ​മാ​ണ്. പ​ള്ളി​ക​ളി​ൽ മു​ട​ങ്ങാ​തെ ത​റാ​വീ​ഹും വി​ത്‌​റും ഖി​യാ​മു​ൽ ലൈ​ലു​മു​ണ്ട്.

സ​മാ​ധാ​നം നി​റ​ഞ്ഞു നി​ന്നി​രു​ന്ന മ​ദ്ധ്യ​പൂ​ർ​വേ​ഷ്യ​ൻ ഭൂ​മി​ക അ​ശാ​ന്ത​മാ​യി​രി​ക്കു​ന്നു. പ​ഴ​യ ത​ണ​ലു​ക​ളു​ടെ സൗ​ഖ്യം എ​ത്ര മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞ രാ​പ​ക​ലു​ക​ൾ! ഭീ​തി​ജ​ന​ക​മാ​യ മു​ന്ന​റി​യി​പ്പി​നു ശേ​ഷം ചി​ല്ലു​ജ​നാ​ല​ക്ക​പ്പു​റം കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ങ്ങ​ൾ. കാ​ല​സ​മു​ദ്ര​ത്തി​ലെ യു​ദ്ധ​ക​പ്പ​ലോ​ട്ട​ങ്ങ​ൾ കോ​ളി​ര​മ്പു​മ്പോ​ൾ അ​യ​ൽ​വാ​സി​യെ പോ​ലും സം​ശ​യ​ത്തി​ൻ്റെ മു​ൾ​മു​ന​യോ​ടെ മാ​ത്ര​മേ ഉ​റ്റു​നോ​ക്കാ​നാ​വു​ന്നു​ള്ളൂ.

യാ ​അ​ല്ലാ​ഹ്... യാ ​സ​ലാം...

വ്യ​ഥി​ത​മാ​യ മ​ന​സ്സോ​ടെ ക​ഴി​ഞ്ഞ പ​തി​ന​ഞ്ച് വ​ർ​ഷ​ത്തെ ഖ​ത്ത​ർ നോ​മ്പോ​ർ​മ​ക​ളി​ലേ​ക്ക് തി​രി​ഞ്ഞു നോ​ക്കി ഞാ​ൻ. ഭൂ​ത​കാ​ല​ത്തി​ന്റെ സ്മൃ​തി​പേ​ട​ക​ങ്ങ​ളി​ൽ ഇ​ന്നോ​ളം അ​നു​ഭ​വി​ച്ച വി​സ്മ​യ​ങ്ങ​ളു​ടെ ആ​കാ​ശ ഭം​ഗി​ക​ൾ അ​ടു​ക്ക​ടു​ക്കാ​യി സി​രാ​പ​ട​ല​ങ്ങ​ളി​ലാ​കെ ഊ​ർ​ജം നി​റ​ച്ചു.

ഖ​ത്ത​റി​ലെ ഓ​രോ റ​മ​ദാ​നി​ലും എ​നി​ക്ക് തി​ര​ക്കാ​യി​രു​ന്നു. അ​ധ്യാ​പി​ക​യും മൈ​ലാ​ഞ്ചി ആ​ർ​ട്ടി​സ്റ്റു​മാ​യ​തി​നാ​ൽ സ്കൂ​ളും ബാ​ക്കി സ​മ​യ​ത്ത് ഹെ​ന്ന​യി​ടാ​ൻ പോ​ക​ലും പു​ണ്യ​മാ​സ​ത്തി​ലെ ഇ​ബാ​ദ​ത്തും എ​ല്ലാം കൂ​ടി നി​ന്നു തി​രി​യാ​ൻ സ​മ​യ​മി​ല്ലാ​യി​രു​ന്നു. റ​മ​ദാ​ൻ തു​ട​ങ്ങു​മ്പോ​ഴേ ഖ​ത്ത​റി സ്ത്രീ​ക​ളും കു​ട്ടി​ക​ളും കൈ ​നി​റ​യെ മൈ​ലാ​ഞ്ചി​യി​ടും. മാ​ന​ത്തു​ദി​ച്ച അ​മ്പി​ളി​ത്തെ​ല്ലും ന​ക്ഷ​ത്ര​ങ്ങ​ളും ത​സ്ബീ​ഹ് മാ​ല​യും എ​ന്തി​ന് ഈ​ന്ത​പ്പ​ന​ക​ൾ വ​രെ ഭം​ഗി​യാ​യി കൈ​ക​ളി​ൽ വ​ര​ക്കാ​ൻ പ​റ​യും.

നോ​മ്പ് തു​ട​ങ്ങി ഒ​രാ​ഴ്ച​യാ​വു​മ്പോ​ൾ ന​മ്മു​ടെ നാ​ട്ടി​ലെ ഇ​ഫ്താ​ർ പാ​ർ​ട്ടി​ക​ളെ അ​നു​സ്മ​രി​ക്കും വി​ധം ഇ​വി​ടെ മ​നോ​ഹ​ര​മാ​യ ക​ഫ്ത്താ​നും അ​ബാ​യ​യു​മ​ണി​ഞ്ഞ് അ​റ​ബി പെ​ണ്ണു​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ഇ​ഫ്താ​റി​നും സു​ഹൂ​റി​നു​മി​ട​യി​ൽ വീ​ടു​ക​ളി​ൽ ഒ​ത്തു​കൂ​ടും. രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ളും, ഖു​ർ​ആ​ൻ ക്വി​സും മൈ​ലാ​ഞ്ചി ഇ​ട​ലു​മൊ​ക്കെ​യാ​യി സ​ജീ​വ​മാ​യ 'ഗാ​ബ്ഗ നൈ​റ്റു​ക​ൾ'. പു​ല​രും വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന സ്നേ​ഹ​ത്തി​ന്റെ ഉ​യി​രു തൊ​ടു​ന്ന ഒ​ത്തു​ചേ​ര​ലു​ക​ൾ - കെ​ട്ടി​പ്പി​ടി​ക്ക​ലും പൊ​ട്ടി​ച്ചി​രി​ക​ളും.

നോ​മ്പ് പ​തി​നാ​ലി​ന് ഖ​ത്ത​റി​ൽ ഗ​രം​ഗാ​വോ അ​ഥ​വാ കു​ട്ടി​ക​ളു​ടെ പെ​രു​ന്നാ​ളാ​ണ്. അ​ന്നു​വ​രെ നോ​മ്പ് എ​ടു​ത്ത കു​ട്ടി​ക​ളെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ വീ​ടു​ക​ൾ​തോ​റും മു​തി​ർ​ന്ന​വ​ർ കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​പ്പൊ​തി​ക​ൾ ഒ​രു​ക്കി വെ​ച്ചി​ട്ടു​ണ്ടാ​വും. മാ​ളു​ക​ളി​ലും പ്ര​ത്യേ​കം ആ​ഘോ​ഷ​മു​ണ്ടാ​വും. സൂ​ഖി​ലെ ചി​ല്ലു​പാ​ത്ര​ങ്ങ​ളി​ൽ ക​ണ്ടി​ട്ടു​ള്ള പ​ല മ​ധു​ര​ങ്ങ​ളും കു​ഞ്ഞു​ക​ളി​പ്പാ​ട്ട​ങ്ങ​ളും ക​പ്പ​ല​ണ്ടി​യും എ​ല്ലാം കു​ത്തി​നി​റ​ച്ച സു​ന്ദ​ര​ൻ കു​ട്ടി​സ​ഞ്ചി​ക​ൾ ! അ​പ്പോ​ഴും പെ​ൺ​കു​ട്ടി​ക​ളും ഒ​രു പ്രാ​യം ക​ഴി​ഞ്ഞാ​ൽ കു​ട്ടി​ക​ളാ​യി മാ​റു​ന്ന വൃ​ദ്ധ​ക​ളും കൈ​നി​റ​യെ മൈ​ലാ​ഞ്ചി ഇ​ടും.

ഖ​ത്ത​റി​ലെ ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടേ​യും നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ക്കു​ക​ളി​ലും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലും ഇ​ഫ്താ​ർ പാ​ർ​ട്ടി​ക​ളും കൂ​ടി​ച്ചേ​ര​ലു​ക​ളും ദി​നേ​ന ന​ട​ക്കും. സ്കൂ​ളി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​ല്ലാം കൂ​ടി മു​ന്തി​യ ഹോ​ട്ട​ലു​ക​ളി​ൽ ഇ​ഫ്താ​റി​നു കൂ​ടും. ന​മ്മു​ടെ മ​ല​യാ​ളി കൂ​ടി​ച്ചേ​ര​ലു​ക​ളി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം സം​സാ​രി​ച്ച് മെ​ല്ലെ മെ​ല്ലെ തി​ന്നും കു​ടി​ച്ചും രാ​വെ​ളു​ക്കു​വോ​ളം കൂ​ടി​യി​രി​ക്കും. കൂ​ടെ ജോ​ലി ചെ​യ്യു​ന്ന യൂ​റോ​പ്യ​ൻ സു​ഹൃ​ത്തു​ക്ക​ളും സ​ന്തോ​ഷ​ത്തോ​ടെ നോ​മ്പെ​ടു​ക്കും. ഈ ​നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തു​വ​രെ നോ​മ്പി​നെ​യും നോ​മ്പെ​ടു​ക്കു​ന്ന​വ​രെ​യും കു​റി​ച്ച് അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന മി​ഥ്യാ​ധാ​ര​ണ​ക​ളെ​ക്കു​റി​ച്ചോ​ർ​ത്ത് പ​രി​ത​പി​ക്കും.

പി​ന്നെ​യ​ങ്ങോ​ട്ട് ഖി​യാ​മു​ൽ​ലൈ​ൽ അ​ഥ​വാ രാ​ത്രി ന​മ​സ്കാ​ര​ങ്ങ​ൾ തു​ട​ങ്ങു​ക​യാ​യി. ജീ​വി​ത​പ്ര​യാ​സ​ങ്ങ​ളു​ടെ ഭാ​ണ്ഡ​ങ്ങ​ൾ വാ​രി​ക്കെ​ട്ടി രാ​ത്രി​യു​ടെ ശാ​ന്ത​ത​യി​ൽ റ​ഹ്മാ​നാ​യ റ​ബ്ബി​ന്റെ മു​ന്നി​ൽ അ​ഴി​ച്ചു വെ​ക്കു​ന്ന ദൈ​ർ​ഘ്യ​മേ​റി​യ സു​ജൂ​ദു​ക​ൾ. വി​ഷാ​ദ​ച്ഛാ​യ പ​ട​ർ​ന്ന ഓ​ത്ത് കേ​ട്ടു ക​ണ്ണി​ൽ വെ​ള്ളം നി​റ​ച്ചു ക്ലേ​ശ​നി​ർ​ഭ​ര​മാ​യ ജീ​വി​ത​യാ​ത്ര​യു​ടെ പൊ​ട്ടും പൊ​ടി​യും എ​ല്ലാം അ​റി​യു​ന്ന മ​ലി​ക്കു​ൽ​ജ​ബ്ബാ​റി​ന്റെ മു​ന്നി​ൽ കു​ട​ഞ്ഞി​ടും. അ​ള്ളാ​ഹു​വി​നോ​ട് അ​ത്ര​മേ​ൽ സ്വ​കാ​ര്യ​മാ​യ് ഹൃ​ദ​യ​ഭാ​ഷ​ണം ന​ട​ത്തി ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോ​ൾ നെ​ഞ്ചി​ലെ ക​നം കു​റ​ഞ്ഞ് പ്ര​ത്യാ​ശ​യു​ടെ പൊ​ൻ​കി​ര​ണ​ങ്ങ​ൾ ഉ​ള്ളി​ലാ​കെ പ​ര​ക്കും.ജീ​വി​ത​ത്തി​ലെ അ​ട​വു​ക​ളെ​ല്ലാം തു​റ​സ്സാ​വും. എ​ല്ലാ പാ​പ​ങ്ങ​ളും പൊ​റു​ത്തു ത​രാ​ൻ കേ​ണ് ഗ​ഫൂ​റാ​യ അ​ള്ളാ​ഹു​വി​നോ​ട് പ്രാ​ർ​ത്ഥി​ച്ച് കൊ​ണ്ടി​രി​ക്കും.

നോ​മ്പി​ന്റെ അ​വ​സാ​ന​ത്തെ മൂ​ന്നു ദി​ന​രാ​ത്ര​ങ്ങ​ൾ മൈ​ലാ​ഞ്ചി മ​ണം എ​ന്നി​ൽ നി​റ​യും. ചി​ത്രം വ​ര​ക്കു​മ്പോ​ഴൊ​ക്കെ എ​ന്റെ ചു​ണ്ടു​ക​ളി​ൽ അ​ദ്കാ​റു​ണ്ടാ​വും. അ​ല്ലാ​ഹു​മ്മ ഇ​ന്ന​ക അ​ഫു​വ്വു​ൻ തു​ഹി​ബ്ബു​ൽ അ​ഫ്‌​വ ഫ​അ്ഫു അ​ന്നി" -അ​ല്ലാ​ഹു​വേ, നീ ​ഏ​റെ മാ​പ്പു​ന​ൽ​കു​ന്ന​വ​നാ​ണ്, മാ​പ്പു​ന​ൽ​കു​ന്ന​തി​നെ നീ ​ഇ​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു, അ​തി​നാ​ൽ എ​നി​ക്ക് നീ ​മാ​പ്പു​ന​ൽ​കേ​ണ​മേ. മ​ന​സ്സു​നി​റ​യെ ഈ ​ദു​ആ മാ​ത്ര​മാ​യി​രി​ക്കും.

അ​നി​യ​ത​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ ചു​ഴി​യി​ൽ വീ​ണ് യു​ദ്ധം നി​ഴ​ൽ വീ​ഴ്ത്തി​യ റ​മ​ദാ​നാ​ണ് ഈ ​വ​ർ​ഷം. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ന്റെ താ​ളം തെ​റ്റി​യ ഈ ​ദി​ന​ങ്ങ​ളി​ൽ ഏ​തു നി​മി​ഷ​വും ഒ​രു ദു​ര​ന്ത​മു​ണ്ടാ​വു​മെ​ന്ന ഭീ​തി​യോ​ടെ ഏ​ഴാം ക​ട​ലി​ന​ക്ക​രെ നി​ന്ന് വി​ളി​ക്കു​ന്ന​വ​രോ​ട് പ​റ​യാ​റു​ള്ള​ത് ഞ​ങ്ങ​ൾ​ക്ക് റ​ബ്ബും ഖ​ത്ത​റി​ന്റെ ഭ​ര​ണാ​ധി​കാ​രി​ക​ളു​മു​ണ്ട്. ഞാ​നോ​ർ​ക്കു​ക​യാ​ണ്. ഗ​സ്സ യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്നു​ള്ള കു​ഞ്ഞു​ങ്ങ​ളെ ക​ണ്ട​പ്പോ​ഴൊ​ന്നും ന​മ്മ​ളും ഈ ​അ​നു​ഭ​വ​ങ്ങ​ളി​ലു​ടെ ക​ട​ന്നു​പോ​കു​മെ​ന്ന് സ്വ​പ്നേ​പി ചി​ന്തി​ച്ചി​രു​ന്നി​ല്ല.

വി​ധി ഒ​രി​ക്ക​ലും ന​മ്മു​ടെ മു​ന്നി​ൽ ഇ​നി​യെ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല. അ​ല്ലെ​ങ്കി​ൽ ത​ന്നെ ജീ​വി​ത​ത്തോ​ളം ആ​ക​സ്മി​ക​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്ന മ​റ്റെ​ന്താ​ണു​ള്ള​ത്? എ​ല്ലാ ആ​ക​സ്മി​ക​ത​ക​ൾ​ക്കി​ട​യി​ലും വി​ധി​യെ മാ​റ്റി മ​റി​ക്കാ​ൻ ശേ​ഷി​യു​ള്ള ലൈ​ല​ത്തു​ൽ ഖ​ദ്ർ ദി​ന​ത്തി​ലെ പ്രാ​ർ​ത്ഥ​ന​ക​ളി​ൽ പ​രി​ചി​ത​മ​ല്ലാ​ത്ത, തീ​ർ​ത്തും ഭീ​ഷ​ണ​മാ​യ ഈ ​അ​വ​സ്ഥ​ക​ൾ ഭൂ​ലോ​ക​ത്ത് നി​ന്നേ ഒ​ഴി​വാ​ക്ക​ണേ​ന്നു​ള്ള ദു​ആ​യു​ണ്ട്. മി​ഡി​ൽ ഈ​സ്റ്റി​ലും ഗ​സ്സ​യി​ലും സു​ഡാ​നി​ലും യു​ക്രൈ​നി​ലും ഈ ​ഭൂ​മി​ക​യി​ൽ എ​ല്ലാ​യി​ട​ത്തും സ​മാ​ധാ​ന​വും ശാ​ന്തി​യും പു​ല​ര​ട്ടെ. പു​റ​ത്തെ കാ​ഴ്ച​ക​ളും ത​ണു​പ്പും സ​മാ​ധാ​ന​വും വേ​ണ്ടോ​ളം നു​ക​ർ​ന്ന് ഭൂ​ത​കാ​ല​ത്തി​ലെ റ​മ​ദാ​ൻ പോ​ലെ മ​ഹി​മ​യു​റ്റ ദി​ന​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു. എ​ല്ലാം എ​ത്ര​യും വേ​ഗം പ​ഴ​യ​പ​ടി ആ​യി​രു​ന്നെ​ങ്കി​ൽ !

Tags:    
News Summary - ramadan talk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.