ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ ഭീതിയുടെ സാഹചര്യത്തിൽ പ്രാദേശിക സുരക്ഷയും സമാധാന ശ്രമങ്ങളും വിലയിരുത്തി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വിവിധ രാഷ്ട്രങ്ങളുടെ നേതാക്കളുമായി നിർണായക ചർച്ചകൾ നടത്തി.
മേഖലയിൽ യുദ്ധാന്തരീക്ഷം ഒഴിവാക്കാനും നയതന്ത്ര ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പ്രാദേശിക -അന്തർദേശീയ പങ്കാളികളുടെ നേതൃത്വത്തിൽ വിപുലമായ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഖത്തർ പ്രധാനമന്ത്രിയുടെ ഇടപെടൽ. അമേരിക്കയും ഇറാനും തമ്മിലുള്ള അനുരഞ്ജന ചർച്ചകളിൽ ഖത്തർ നടത്തുന്ന ഇടപെടൽ സംഭാഷണങ്ങളിൽ പ്രധാന ചർച്ചാവിഷയമായി.ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ, ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ട്, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ്, ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുല്ലെത്തി, തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, ഗ്രീസ് വിദേശകാര്യമന്ത്രി ജോർജ് ജെറാപെട്രിറ്റിസ്, നെതർലാൻഡ് വിദേശകാര്യ മന്ത്രി ടോം ബെറെൻഡ്‌സെൻ എന്നിവരുമായാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി ചർച്ചനടത്തിയത്.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ടയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, യു.എസും ഇറാനും തമ്മിൽ നിലവിലുള്ള മധ്യസ്ഥ ചർച്ചകളുടെ പുരോഗതിയും നയതന്ത്ര മാർഗങ്ങളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാനുള്ള ശ്രമങ്ങളും പ്രധാന അജണ്ടയായി. കൂടാതെ, മേഖലയിൽ തുടരുന്ന അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ലെബനാൻ, ഗസ്സ, മറ്റ് അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ നിലവിലെ സ്ഥിതിഗതികളും ഇരുമന്ത്രിമാരും വിശദമായി വിലയിരുത്തി.
സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാകിസ്താൻ നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ വിവിധ നേതാക്കളുമായുള്ള ചർച്ചയിൽ ഖത്തർ പ്രധാനമന്ത്രി പങ്കുവെച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനും മധ്യസ്ഥശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനെക്കുറിച്ചും സംസാരിച്ചു. നിലവിലുള്ള മധ്യസ്ഥശ്രമങ്ങളോട് എല്ലാ കക്ഷികളും അനുകൂലമായി പ്രതികരിക്കണം. ക്രിയാത്മകമായ ഇടപെടലുകളിലൂടെയും സമാധാനപരമായ ചർച്ചകളിലൂടെയും പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ പരിഹരിക്കാൻ സാധിക്കും. മേഖലയിൽ വീണ്ടും സംഘർഷങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനും ദീർഘകാല സ്ഥിരത കൈവരിക്കുന്നതിനും സുസ്ഥിരമായ ഒരു കരാർ അനിവാര്യമാണെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.