ദർബ് അൽ സാഇയിൽ നടക്കുന്ന റമദാൻ ബുക് ഫെയറിൽ നിന്ന്
ദോഹ: റമദാനിൽ വായനയുടെ പൂക്കാലമൊരുക്കുന്ന പുസ്തക മേള ഏപ്രിൽ ഒമ്പതു വരെ തുടരാൻ സാംസ്കാരിക മന്ത്രാലയം തീരുമാനം. മാർച്ച് 30ന് ആരംഭിച്ച പുസ്തക മേള ബുധനാഴ്ച സമാപിക്കാനിരിക്കെയാണ് നാലു ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനമായത്. ഉംസലാലിലെ ദർബ് അൽ സാഇയിലാണ് ഇത്തവണ റമദാൻ പുസ്തക മേള നടക്കുന്നത്.
31 പ്രാദേശിക പ്രസാധകരും, 48 അന്താരാഷ്ട്ര പ്രസാധകരും ഉൾപ്പെടെ 79ഓളം പുസ്തക പ്രസാധകർ ഒന്നിക്കുന്ന മേളയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ സന്ദർശകർ എത്തിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പുസ്തക പ്രേമികളുടെ തിരക്ക് പരിഗണിച്ചാണ് മേള നീട്ടാൻ തീരുമാനിച്ചത്. ഖത്തറിനു പുറമെ, സൗദി അറേബ്യ, തുർക്കി, കുവൈത്ത്, ഈജിപ്ത്, ജോർഡൻ, യു.എ.ഇ, ഇറാഖ്, സിറിയ, ലബനാൻ, തുനീഷ്യ, അൽജീരിയ, കാനഡ, ബ്രിട്ടൻ, ആസ്ട്രേലിയ എന്നിവടങ്ങളിൽ നിന്നുള്ള പ്രമുഖരായ പ്രസാധകർ മേളയിൽ പങ്കെടുക്കുന്നുണ്ട്. ദിവസവും രാത്രി ഏഴ് മുതൽ 12 വരെയാണ് മേളയിലേക്ക് പ്രവേശനം.
പുസ്തകങ്ങൾക്കു പുറമെ, കലാസൃഷ്ടികളും പരിപാടികളും, മത-സാംസ്കാരിക പ്രഭാഷണങ്ങൾ, സെമിനാറുകൾ, കുട്ടികൾക്കായുള്ള ഗരങ്കാവൂ നൈറ്റ്, ബസാർ ടെന്റ്, ചിൽഡ്രൻ തിയറ്റർ, സ്റ്റോറി ടെല്ലിങ് സെഷൻ ഉൾപ്പെടെ വൈവിധ്യമാർന്ന വിരുന്നുകൾ ഒരുക്കിയാണ് രണ്ടാമത് റമദാൻ ബുക് ഫെയർ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.