ക്രൂസ് കപ്പലിലെത്തിയ സന്ദർശകർ ദോഹയിൽ
ദോഹ: വിവിധ രാജ്യങ്ങളിൽ നിന്നായി ദശലക്ഷം കാണികളെത്തിയ ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ഖത്തറിലേക്കുള്ള അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. ലോകകപ്പിന് മുമ്പ് രാജ്യത്തെത്തിയ വിദേശ സഞ്ചാരികളേക്കാൾ ഇപ്പോൾ ഇവരുടെ വരവ് കൂടിയതായി ടൂറിസം മേഖലകളിൽനിന്നുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.
തണുപ്പ് കാലവും, രാജ്യം വിവിധ അന്താരാഷ്ട്ര പ്രദർശനങ്ങൾക്കും ഫെസ്റ്റുകൾക്കും വേദിയാകുന്നതും സന്ദർശകരെ ആകർഷിക്കുന്നതിലും പ്രധാന കാരണമായി മാറുന്നു. ലോകകപ്പിന് തൊട്ടുപിന്നാലെ ക്രൂസ് സീസണിന് തുടക്കം കുറിച്ചതും യൂറോപ്, അമേരിക്ക രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ വരവ് വർധിക്കാൻ ഇടയായി.
ദോഹയിലെ പ്രധാന ഐക്കണിക് കേന്ദ്രങ്ങളിലും ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള സന്ദർശകരെ കാണാൻ സാധിക്കും. സൂഖ് വാഖിഫ്, മുശൈരിബ്, പേൾ ഖത്തർ, കോർണിഷ് എന്നിവിടങ്ങളിലെ ഹോട്ടലുകളിലും മാളുകളിലും റെസ്റ്ററന്റുകളിലും തനത് അറേബ്യൻ പാചകരീതികളും രുചിവൈവിധ്യങ്ങളും സന്ദർശകരെ സ്വാഗതം ചെയ്യുന്നു.
വാസ്തുവിദ്യാ വിസ്മയങ്ങൾ, പ്രകൃതിദൃശ്യങ്ങൾ, ലോകകപ്പിന് ആതിഥ്യം വഹിച്ച രാജ്യം എന്ന പദവി തുടങ്ങിയവയെല്ലാം സന്ദർശകരെ ആകർഷിക്കുന്നു. ഖത്തറിന്റെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ ലോകകപ്പ് ഫുട്ബാൾ വലിയ അവസരങ്ങളാണ് കൊണ്ടുവന്നത്.
ലോകകപ്പിൽ പങ്കെടുക്കാനായി ഖത്തറിലെത്തിയതിനുശേഷം വീണ്ടും ഖത്തറിലെത്താനും ദിവസങ്ങൾ ചെലവഴിക്കാനും സന്ദർശകർ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി ഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിൽ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ക്രൂയിസ് സീസണിൽ ഗണ്യമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. കോവിഡ് നിയന്ത്രണം പൂർണമായും പിൻവലിച്ചത് ക്രൂസ് കപ്പലുകളുടെ വരവിൽ വലിയ വർധനവുണ്ടാക്കിയെന്ന് ദോഹ ബസ് ജനറൽ മാനേജർ താരിഖ് അമോറ പറഞ്ഞു.
ഖത്തറിലെ പുതിയ ലക്ഷ്യസ്ഥാനങ്ങളും പ്രവർത്തനങ്ങളും ടൂറുകൾ വിപുലീകരിക്കുന്നതിനുള്ള പ്രധാന ഘടകമായിരിക്കും. സന്ദർശകർക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിനും വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതിനുമായി ദോഹ ബസ് നിരയിലേക്ക് കൂടുതൽ വാഹനങ്ങൾ ചേർക്കാൻ പദ്ധതിയിടുന്നതായും അമോറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.