ദോഹ: മഴയും കാറ്റും സംബന്ധിച്ച കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിനു പിന്നാലെ കടലിലെയും തീരമേഖലകളിലും ജാഗ്രതാ നിർദേശം നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. സുരക്ഷാ പരിഗണിച്ച് കടലിലിറങ്ങിയും തീരങ്ങളിലുമായുള്ള മുഴുവൻ പ്രവർത്തനങ്ങളും റദ്ദാക്കണമെന്നും പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. തൊഴിൽ മന്ത്രാലയവും ജാഗ്രതാ നിർദേശം നൽകി. മഴയും ശക്തമായ കാറ്റും വീശാൻ സാധ്യതയുള്ളതിനാൽ തൊഴിലുടമകൾ തൊഴിലാളികളുടെ കാര്യത്തിലും ജോലിയിലും മുൻകരുതലുകൾ പാലിക്കണമെന്ന് വ്യക്തമാക്കി. പെരുന്നാൾ അവധിക്ക് പിന്നാലെ, കുടുംബസമേതം കടൽ തീരങ്ങളിലും മറ്റും പോകാൻ ഒരുങ്ങുന്നവരും വരും ദിവസങ്ങളിലെ യാത്ര മാറ്റിവെക്കുന്നതാണ് ഉചിതം. അടിയന്തര ഘട്ടങ്ങളിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ 184 കാൾസെന്റർ നമ്പർ സേവനം ഉപയോഗപ്പെടുത്താം.
ദോഹ: അയൽ രാജ്യങ്ങളായ ഒമാനിലെയും യു.എ.ഇയിലെയും കനത്ത മഴക്കിടെ ഖത്തറിലും മഴ മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വിഭാഗം. തിങ്കളാഴ്ച രാത്രിയോടെതന്നെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി കനത്ത മഴയും ഇടിയും കാറ്റും വീശുമെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ചവരെ മഴ തുടരാനും സാധ്യതയുണ്ട്. ഒമാനിലും യു.എ.ഇയിലും മഴ ശക്തമായ ഞായർ, തിങ്കൾ ദിവസങ്ങളിൽതന്നെ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരുന്നു. മഴയും കാറ്റുമെത്തുന്നതിനാൽ ദൂരക്കാഴ്ച ഉൾപ്പെടെ പ്രശ്നങ്ങളുണ്ടാവുമെന്നും വാഹനയാത്രക്കാർ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. ചിലയിടങ്ങളിൽ കാറ്റിനൊപ്പം ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.