ദോഹ: ഇൻജക്ഷൻ രൂപത്തിലുള്ള എക്സോസോം ഉൽപ്പന്നങ്ങളുടെ ഉപയോഗം ഖത്തറിൽ പൂർണമായി നിരോധിച്ചു. മെഡിക്കൽ അല്ലെങ്കിൽ സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കായി ഇത്തരം ഉൽപ്പന്നങ്ങൾ ഇഞ്ചക്ഷൻ രൂപത്തിൽ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി മന്ത്രാലയത്തിന് കീഴിലുള്ള ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് പ്രത്യേക സർക്കുലർ പുറത്തിറക്കി.
വിപണിയിലും സോഷ്യൽ മീഡിയയിലും എക്സോസോം അടങ്ങിയ ഉൽപന്നങ്ങളുടെ വ്യാപകമായ പ്രചാരണം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ. രാജ്യത്ത് പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റോ, യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോ മെഡിക്കൽ -സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കായി ഒരുവിധ എക്സോസോം കുത്തിവെപ്പുകൾക്കും അനുമതി നൽകിയിട്ടില്ല. എക്സോസോം ഉൽപ്പന്നങ്ങൾക്ക് ചർമ്മത്തിന് പുറത്ത് ഉപയോഗിക്കാൻ മാത്രമാണ് അനുമതിയുള്ളത്.
കുത്തിവെപ്പ് രൂപത്തിലുള്ള ഇത്തരം ഉൽപന്നങ്ങളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും, ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. നിർദേശങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തി എല്ലാവരും ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.