ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽ സെയ്ദിയുമായി കൂടിക്കാഴ്ചക്കിടെ

വിവിധ രാഷ്ട്രനേതാക്കളുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽ സെയ്ദിയുമായി ഞായറാഴ്ച ലുസൈൽ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ എല്ലാ കക്ഷികളും ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചക്കിടെ ഖത്തർ അമീർ ആവശ്യപ്പെട്ടു.

യു.എസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കണമെന്നും, ഹുർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഇരുനേതാക്കളും വ്യക്തമാക്കി. ചർച്ചയുടെ തുടക്കത്തിൽ ഇറാഖ് പ്രധാനമന്ത്രിയെയും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘത്തെയും അമീർ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം വിവിധ മേഖലകളിൽ അഭിവൃദ്ധിപ്പെടുമെന്ന പ്രത്യാശ ഇരുവരും പ്രകടിപ്പിച്ചു.

അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായി അമീരി ദിവാനിൽ കൂടിക്കാഴ്ച നടത്തുന്നു

 

വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വിലയിരുത്തി. നിലവിലെ പ്രാദേശിക -അന്തർദേശീയ വിഷയങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ചർച്ചയായി. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ ഇറാഖ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി എന്നിവരും ഖത്തറിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. ഇറാഖ് പക്ഷത്തുനിന്ന് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

ഞായറാഴ്ച രാവിലെ, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായും അമീരി ദിവാനിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണവും ഉഭയകക്ഷി ബന്ധങ്ങളും കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും അവലോകനം ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവവികാസങ്ങളും പങ്കുവെച്ചു.

സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള സംയുക്ത നയതന്ത്ര നീക്കങ്ങൾക്കും ഏകോപനങ്ങൾക്കും ചർച്ചയിൽ പ്രാധാന്യം നൽകി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. ചർച്ചയുടെ തുടക്കത്തിൽ, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ തുർക്കിയ വിദേശകാര്യ മന്ത്രി അനുശോചനം അറിയിച്ചു.

Tags:    
News Summary - Qatar Emir holds talks with various world leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.