ദോഹ: ഖത്തറിന്റെ മുൻ ഭരണാധികാരിയും രാജ്യത്തിന്റെ ആധുനിക വികസനത്തിന്റെ ശിൽപിയുമായ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ദോഹയിലെ ലുസൈൽ കൊട്ടാരത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സന്ദർശിച്ചു.
കൂടിക്കാഴ്ചയിൽ അമീറിനും രാജകുടുംബത്തിനും ഖത്തർ ജനതയ്ക്കും യൂസഫലി തന്റെ അഗാധമായ അനുശോചനം അറിയിച്ചു. അന്തരിച്ച പിതാവ് അമീറിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകൾ ഖത്തറിനെ ആഗോളതലത്തിൽ ബഹുമാനിക്കപ്പെടുന്ന ഒരു രാഷ്ട്രമാക്കി ഉയർത്തിയെന്നും പുരോഗതിയുടെയും സമൃദ്ധിയുടെയും മാനുഷിക മൂല്യങ്ങളുടെയും ശാശ്വതമായ പാരമ്പര്യം രാജ്യത്തിന് സമ്മാനിച്ചെന്നും പറഞ്ഞു.
ലുസൈൽ കൊട്ടാരത്തിൽ നടന്ന അനുശോചന സ്വീകരണത്തിൽ ലോക നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ, അംബാസഡർമാർ, ബിസിനസ് രംഗത്തെ പ്രമുഖർ, ഖത്തറിൽ നിന്നുമുള്ളതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളതുമായ നിരവധി വിശിഷ്ട വ്യക്തികൾ തുടർച്ചയായി പങ്കെടുത്ത് പിതാവ് അമീറിന് ആദരാഞ്ജലികൾ അർപ്പിച്ചു.
സന്ദർശന വേളയിൽ യൂസഫലി അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ അനുശോചനം അറിയിക്കുകയും ഖത്തർ നേതൃത്വത്തോടും ജനങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അന്തരിച്ച പിതാവ് അമീറിന്റെ നിത്യശാന്തിക്കായി പ്രാർഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.