റേഡിയോ മലയാളം 98.6 എഫ്.എം സൂപ്പർ ഫാമിലിയ രണ്ടാം സീസണിലെ വിജയികൾക്ക് സമ്മാനം നൽകുന്നു
ദോഹ: റേഡിയോ മലയാളം 98.6 എഫ്.എം ഖത്തറിലെ പ്രവാസി കുടുംബങ്ങൾക്കായി നടത്തിവരുന്ന സൂപ്പർ ഫാമിലിയയുടെ രണ്ടാം സീസണിൽ കണ്ണൂർ ജില്ലയിൽനിന്നുള്ള ഇനാസും കുടുംബവും ചാമ്പ്യന്മാരായി സൂപ്പർ ഫാമിലി പട്ടം നേടി. ആലപ്പുഴ ജില്ലയിൽനിന്നുള്ള സനീഷ് കുമാറും കുടുംബവും രണ്ടാം സ്ഥാനവും പാലക്കാട് ജില്ലയിൽ നിന്നുള്ള ഫഹദ് അലിയും കുടുംബവും മൂന്നാം സ്ഥാനവും നേടി.
ഇന്ത്യൻ അംബാസഡർ വിപുൽ സൂപ്പർ ഫാമിലിയ സീസൺ -2 വിഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു. വേനൽ അവധിക്കാലത്ത് ഖത്തറിലുള്ള കുടുംബങ്ങൾക്ക് വേണ്ടി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ച റേഡിയോ മലയാളത്തിന്റെ ശ്രമങ്ങളെ അംബാസഡർ അഭിനന്ദിച്ചു. ക്യു.എഫ്.എം റേഡിയോ നെറ്റ്വർക്ക് എം.ഡിയും വൈസ് ചെയർമാനുമായ കെ.സി. അബ്ദുല്ലത്തീഫ് ആശംസ സന്ദേശം നൽകി.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആയിരത്തിലേറെ ദമ്പതികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 കുടുംബങ്ങൾക്കാണ് ഇത്തവണയും മത്സരിക്കാനും സമ്മാനങ്ങൾ നേടാനും അവസരമൊരുക്കിയിരുന്നത്. അഞ്ച് ഘട്ടങ്ങളായി അൽ ഖോർ മാളിൽ നടന്ന മത്സരങ്ങളിൽ ഫൈനൽ റൗണ്ടിൽ എത്തിയ അഞ്ച് പേരിൽനിന്നാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ തീരുമാനിക്കപ്പെട്ടത്. ഐ.എ.എം, കലാകൈരളി, റിദമിക് മൂവ്സ്, ഋധിക്, അൽക തുടങ്ങിയവർ അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.