ദോഹയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ ദമ്പതികൾ പ്രമുഖർക്കൊപ്പം
ദോഹ: ജീവിതപങ്കാളിക്കൊപ്പം കുടുംബസമേതം കഴിയാനാകാതെ 30 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന 14 പ്രവാസികളുടെ പങ്കാളികൾക്ക് എല്ലാ ചെലവുകളും വഹിച്ച് ഖത്തർ സന്ദർശിക്കാൻ അവസരമൊരുക്കി റേഡിയോ മലയാളം 98.6 എഫ്.എം. അവർക്ക് ഇന്ത്യൻ കമ്യൂണിറ്റി ദോഹയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ വരവേൽപ് നൽകി.
‘ഫോർ മൈ ലൗ’ എന്ന പേരിൽ 2018ൽ തുടക്കം കുറിച്ച സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ അഞ്ചാം പതിപ്പാണ് ഇപ്പോൾ നടന്നത്. മുൻവർഷങ്ങളിൽ യഥാക്രമം 10, 11, 12, 13 ദമ്പതികൾക്ക് പദ്ധതിയിലൂടെ ഖത്തറിലെത്താനുള്ള അവസരം ലഭിച്ചിരുന്നു. റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെ ശ്രോതാക്കളുടെ നാമനിർദേശത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ദമ്പതികൾക്ക് ഫെബ്രുവരി 18 മുതൽ 23 വരെ നീളുന്ന ഖത്തർ പര്യടനത്തിന്റെ ഭാഗമാവാൻ അവസരം ലഭിക്കും. റേഡിയോ മലയാളത്തിന്റെ ഒരു ആർ.ജെ കേരളത്തിൽനിന്ന് ഖത്തറിലേക്കും തിരിച്ചും ഇവരെ അനുഗമിക്കുന്നുണ്ട്. സാംസ്കാരിക പരിപാടികൾ, പ്രവാസി സംഗമങ്ങൾ, മറ്റ് കമ്യൂണിറ്റി ഇവന്റുകൾ, സ്വീകരണങ്ങൾ എന്നിവ ഈ യാത്രയുടെ ഭാഗമായിരിക്കും.
കമ്യൂണിറ്റി, മാധ്യമങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഈ സംരംഭം ഇതിനകം ഏറെ പ്രശംസ നേടിക്കഴിഞ്ഞു. സ്വീകരണ ചടങ്ങിൽ കമ്യൂണിറ്റി നേതാക്കളും മാധ്യമപ്രവർത്തകരും വ്യവസായ പ്രമുഖരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.