ദോഹ: ഇബ്രാഹിം പ്രവാചകൻെറ ത്യാഗനിർഭര ജീവിതസ്മരണകളുമായി ബലിപെരുന്നാൾ ആഘോഷം. കഴിഞ്ഞ ചെറിയ പെരുന്നാളിന് രാജ്യത്തെ പള്ളികൾ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇത്തവണ ബലിപെരുന്നാൾ നമസ്കാരവും പ്രാർഥനയും 401 പള്ളികളിലായും ഈദ്ഗാഹുകളിലായുമാണ് നടക്കുന്നത്. രാജ്യത്ത് പെരുന്നാൾ നമസ്കാരം രാവിലെ 5.15നാണ് നടക്കുക. വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരങ്ങൾക്കായി 200 പള്ളികൾ തുറന്നുകൊടുക്കും. വെള്ളിയാഴ്ചയാണ് ബലിപെരുന്നാൾ എന്നത് ഇത്തവണത്തെ പെരുന്നാളിന് ഇരട്ടിമധുരവുമായി. ജുമുഅ പ്രാർഥനക്കുള്ള പള്ളികളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ ആദ്യ ബാങ്കിന് പള്ളികൾ പ്രാർഥനക്കായി തുറക്കും. നമസ്കാരത്തിന് മുമ്പുള്ള ഖുതുബ (പ്രഭാഷണം)യുടെ 30 മിനിറ്റ് മുമ്പായിരിക്കും ഇത്. നമസ്കാരം കഴിഞ്ഞ് 10 മിനിറ്റിന് ശേഷം പള്ളികൾ അടക്കുകയും ചെയ്യും. വിശ്വാസികൾ കോവിഡ്–19 മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച വരുത്തരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു.
പ്രായമേറിയ വ്യക്തികളും മാറാരോഗങ്ങളുമുള്ളവർ പ്രാർഥന വീട്ടിൽനിന്ന് തന്നെ നിർവഹിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുമുണ്ട്. എല്ലാ സാഹചര്യങ്ങളിലും ആളുകൾ ഒന്നര മീറ്റർ ശാരീരിക അകലം പാലിക്കണം. പള്ളികളിൽ എത്തുന്നവർ സ്വന്തമായി നമസ്കാര വിരി കരുതണം. ഖുർആനും കരുതണം. അല്ലെങ്കിൽ ഫോണുകളിൽ ഖുർആൻ വായിക്കണം. ബലിപെരുന്നാളിനെ വരവേൽക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുകയും സേവനങ്ങൾ കാര്യക്ഷമമാക്കുകയും ലക്ഷ്യം വെച്ചുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ സ്ട്രീറ്റുകളിലും പൊതുസ്ഥലങ്ങളിലും പരിശോധന ശക്തമാക്കാനും വാഹനാപകടങ്ങൾ കുറക്കുന്നത് നിരീക്ഷിക്കുന്നതിനുമുള്ള എല്ലാ നടപടികളും പൂർത്തിയായെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.
സീറ്റ് ബെൽറ്റ് ധരിക്കുക, അമിത വേഗം ഒഴിവാക്കുക, ൈഡ്രവിങ്ങിനിടയിലെ ഫോൺ ഉപയോഗം ഒഴിവാക്കുക, വലതു വശത്തൂടെയുള്ള ഓവർടേക്ക് ഒഴിവാക്കുക, ഗതാഗത നിയമങ്ങൾ അനുസരിക്കുക തുടങ്ങിയ നിർദേശങ്ങൾ ഉൾപ്പെടുത്തി ൈഡ്രവർമാർക്കിടയിൽ ഗതാഗത ബോധവത്കരണം നടത്തുന്നുണ്ടെന്നും പട്രോൾ ആൻഡ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വകുപ്പ് മേധാവി ലെഫ്. കേണൽ ഹമദ് അലി അൽ മിസ്നദ് പറഞ്ഞു.
പെരുന്നാൾ നമസ്കാരങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ കൂടുതൽ ട്രാഫിക് പട്രോളിങ് വാഹനങ്ങളെ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷോപ്പിങ് മാളുകളിലേക്കും പബ്ലിക് പാർക്കുകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രധാന റോഡുകളിലും പേട്രാളിങ് ശക്തമാക്കുമെന്നും പൊതുജനങ്ങൾക്കാവശ്യമായ എല്ലാ സഹകരണവും പിന്തുണയും ഉറപ്പുവരുത്തും.
ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ആഭ്യന്തര റോഡുകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഉണർത്തി. എല്ലാവരുടെയും ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.