ഖിയ ഫുട്ബാൾ ചാമ്പ്യൻസ് ലീഗിൽ എ.ടി.ഇസഡ് എഫ്.സി -ഫ്രൈഡേ എഫ്.സി മത്സരത്തിൽ നിന്ന്
ദോഹ: ഖത്തറിലെ പ്രവാസി ഫുട്ബാൾ പ്രേമികൾക്ക് ആവേശം പകർന്ന് ഖിയ ചാമ്പ്യൻസ് ലീഗ് സീസണിന് അൽ അറബി സ്പോർട്സ് ക്ലബിൽ തുടക്കമായി. ഗ്രൂപ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് നടന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ സിറ്റി എക്സ്ചേഞ്ച് എഫ്.സി അരങ്ങേറ്റക്കാരായ അന്നാബി അൽ മജ്ദിനെ 6-0ന് പരാജയപ്പെടുത്തി. ഗ്രൂപ് ബിയിലെ രണ്ടാം മത്സരത്തിൽ പരിചയ സമ്പന്നരായ നിരവധി താരങ്ങൾ അടങ്ങുന്ന ഫ്രൈഡേ എഫ്.സി മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് എ.ടു ഇസഡ് ലയൺസിനെ പരാജയപ്പെടുത്തി.
വെള്ളിയാഴ്ച ഗ്രൂപ് എ മത്സരങ്ങൾ ആരംഭിച്ചപ്പോൾ, മറ്റൊരു അരങ്ങേറ്റ ടീമായ ഒലെ എഫ്.സി ആദ്യ മത്സരത്തിൽ സൗത്ത് ഇന്ത്യൻ ഈഗിൾസ് എഫ്സിയെ 5-0 ന് തോൽപിച്ചു. തുടർന്ന്, ടൂർണമെന്റിന്റെ ആദ്യ ഹാട്രിക് നേടിയ ആഷിഖിന്റെ മികവിൽ ഇസ്ലാമിക് എക്സ്ചേഞ്ച് മേറ്റ്സ് ഖത്തർ എതിരാളികളായ കടപ്പുറം എഫ്.സി കന്യാകുമാരിക്കെതിരെ 7-0ന് വിജയം കുറിച്ചു.
അൽ അറബി സ്പോർട്സ് ക്ലബ് വൈസ് പ്രസിഡന്റ് മുഹമ്മദ് ജാസിം അൽ കുവാരി, അൽ അറബി വോളിബാൾ ടീം മേധാവി നാസർ അൽ മീർ, ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് പി.എൻ. ബാബുരാജൻ, ഇന്ത്യൻ സ്പോർട്സ് സെക്രട്ടറിമാരായ ബോബൻ വർക്കി, ജോൺ ഡെസ, സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദ്, അരുൺ (ട്രാൻസ്ഫാസ്റ്റ്), ടോക്യോ ഫ്രൈറ്റ് സി.ഇ.ഒ അബ്ദുൽ റഊഫ്, കെവിൻ (അറ്റ്ലസ് ഇന്ത്യ), ഫാസിൽ ഹമീദ് (അൽ മുഫ്ത റെന്റ് എ കാർ), ഖത്തർ മഞ്ഞപ്പട പ്രതിനിധി നിഖിൽ രാജ് എന്നിവർ വിശിഷ്ടാതിഥികളായി.
ഗ്രൂപ് ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങൾ ജൂൺ 9 വ്യാഴാഴ്ചയും ജൂൺ 10 വെള്ളിയാഴ്ചയും ഇതേ വേദിയിൽ നടക്കും. ടൂർണമെന്റിന്റെ എട്ടാം പതിപ്പിൽ ഇന്ത്യൻ സൂപ്പർ ലീഗ്, ഐ-ലീഗ്, കേരള പ്രീമിയർ ലീഗ് ക്ലബുകളിൽ നിന്നുള്ള താരങ്ങളും പങ്കെടുക്കുന്നുണ്ട്. സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ നൗഫലും ബുജൈറും ഉൾപ്പെടെ നിരവധി താരങ്ങൾ ടൂർണമെന്റിൽ കളിക്കാൻ ദോഹയിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.