ബൈറൂത്തിലെത്തിയ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി ലബനാൻ പ്രസിഡന്റ്
ജോസഫ് ഔനുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് തകർന്ന തെക്കൻ ലബനാന്റെ പുനർനിർമാണത്തിൽ പിന്തുണയുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനിയുടെ ബൈറൂത് സന്ദർശനം.
ബുധനാഴ്ച തലസ്ഥാന നഗരിയിലെത്തിയ പ്രസിഡന്റ് ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ, പ്രധാനമന്ത്രി നജീബ് മികാതി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ലബനാൻ പുനർനിർമാണ പ്രക്രിയകളിൽ ഖത്തർ സജീവ പങ്കാളിത്തം വഹിക്കുമെന്ന് വാർത്തസമ്മേളനത്തിൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി അറിയിച്ചു. രണ്ടു വർഷമായി ഭരണാധിപരില്ലാതെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലായ ലബനാന്റെ പുതിയ പ്രസിഡന്റായി ജോസഫ് ഔൻ തെരഞ്ഞെടുക്കപ്പെട്ടതിനെ സ്വാഗതം ചെയ്തു.
ലബനാൻ ജനതയുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ പുതിയ സർക്കാർ രൂപവത്കരണത്തിലൂടെ സാധ്യമാവട്ടേയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജനുവരി ഒമ്പതിനായിരുന്നു സൈനിക മേധാവിയായിരുന്ന ജോസഫ് ഔനിനെ ലബനാന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് തെക്കൻ ലബനാനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ ഖത്തർ അപലപിച്ചു. ഇസ്രായേൽ സൈന്യത്തിന്റെ പിൻമാറ്റവും, വെടിനിർത്തൽ നിർദേശങ്ങൾ നടപ്പിലാക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ആവർത്തിച്ചു.
നവംബർ 27ന് പ്രാബല്യത്തിൽ വന്ന ലബനാനിലെ വെടിനിർത്തൽ കരാറിൽ 600ലേറെ തവണ ഇസ്രായേൽ ലംഘനമുണ്ടായെന്നാണ് റിപ്പോർട്ട്.
ഇസ്രയേലിന്റെ പ്രകോപനങ്ങൾ അവസാനിപ്പിക്കാത്തിടത്തോളം കാലം മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം സാധ്യമല്ലെന്ന് ഗസ്സയിലെ വിഷയങ്ങൾ പരാമർശിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.