ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി
ദോഹ: ഇറാൻ -ഇസ്രായേൽ വെടിനിർത്തലിനും മേഖലയിലെ സംഘർഷാവസ്ഥ അവസാനിച്ചതിനും പിന്നാലെ ഇറാൻ ആണവ കരാർ സാധ്യമാക്കുന്നതിനുള്ള ശ്രമം ഉർജിതമാക്കി ഖത്തർ. ആണവ കരാർ സാധ്യമാക്കാനുള്ള ശ്രമങ്ങളിൽ ഖത്തർ പ്രധാന പങ്കുവഹിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. അതേസമയം, ഗസ്സയിൽ വെടിനിർത്തൽ സംബന്ധിച്ച് നിലവിൽ ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പ്രതിവാര വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക -ഇറാൻ ആണവ കരാർ സാധ്യമാക്കുക എന്നതാണ് മറ്റ് രാജ്യങ്ങളെപ്പോലെ തന്നെ ഖത്തറിന്റെയും ഇപ്പോഴത്തെ മുൻഗണന. ഇക്കാര്യത്തിൽ വിവിധ കക്ഷികളുമായി ഖത്തർ തുടർച്ചയായി ആശയവിനിമയം നടത്തിവരുകയാണ്. ഇറാനും അമേരിക്കയും തമ്മിൽ കൂടുതൽ വിശാലവും സമഗ്രവുമായ ഒരു കരാറിൽ എത്തിച്ചേരുക എന്നതാണ് ഖത്തറിന്റെ ഇപ്പോഴത്തെ താൽപര്യമെന്നും ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു.
ഗസ്സ വെടിനിർത്തൽ സംബന്ധിച്ച് നിലവിൽ ചർച്ചകളൊന്നും നടക്കുന്നില്ലെന്നും എന്നാൽ ചർച്ചകളിലേക്ക് മടങ്ങിവരാൻ ഖത്തർ സന്നദ്ധരാണെന്നും വ്യക്തമാക്കി. ചർച്ചയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങൾക്കായി ഈജിപ്ത്, അമേരിക്ക എന്നിവരുമായി ഖത്തർ ആശയവിനിമയം നടത്തുന്നുണ്ട്. ഇസ്രായേൽ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗസ്സയിലെ മാനുഷിക ദുരന്തത്തെ ഡോ. മാജിദ് അൽ അൻസാരി അപലപിച്ചു. ഒരു അന്താരാഷ്ട്ര സമൂഹമെന്ന നിലയിൽ, ഈ പ്രതിസന്ധി ഏകദേശം രണ്ട് വർഷമായി തുടരുകയാണ്. മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് മാധ്യമങ്ങളിൽ പോലും വലിയ സ്വാധീനം ചെലുത്താത്ത വെറും സംഖ്യകളായി മാറിയിരിക്കുന്നുവെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിൽ മാനുഷിക സഹായത്തിനായി കാത്തുനിൽക്കവെയാണ് 500ൽ അധികം ആളുകൾ കൊല്ലപ്പെട്ടത്. നിരായുധരായ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കാൻ ഇസ്രായേൽ സൈനികർക്ക് നൽകിയ ഉത്തരവുകളെക്കുറിച്ച് ഇസ്രായേൽ മാധ്യമങ്ങളിൽ വരെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ തിരിച്ചുകൊണ്ടുവരുന്നതിനായുള്ള അമേരിക്കൻ നിലപാടുകളെ ഖത്തർ ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും ഡോ. മാജിദ് അൻസാരി വിശദീകരിച്ചു.
ഖത്തറിന്റെ സമാധാന ശ്രമങ്ങൾക്ക് അംഗീകരമായി ഇന്റർനാഷനൽ പീസ് അവാർഡ് സ്വീകരിക്കാൻ പ്രധാനമന്ത്രി ചൊവ്വാഴ്ച അയർലൻഡിൽ എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനം, നീതി, മനുഷ്യാവകാശങ്ങൾ എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെയോ സംഘടനകളെയോ ആദരിക്കാനാണ് ഈ അവാർഡ് നൽകുന്നത്. വിവിധ മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തർ വഹിച്ച സുപ്രധാന ഇടപെടലുകളെ ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.