ദോഹ: പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ, പരീക്ഷണങ്ങൾ തുടങ്ങിയവക്കായി നാഷനൽ റഫറൻസ് ലബോറട്ടറി പ്രവർത്തനമാരംഭിക്കുന്നു.
പകർച്ചവ്യാധി നിരീക്ഷണങ്ങൾ, നടപടികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ദേശീയ ശ്രമങ്ങൾക്ക് പിന്തുണ നൽകുക, പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ലബോറട്ടറി പരിശോധനകളെയും സർക്കാർ, വ്യാവസായിക, വിദ്യാഭ്യാസ തലങ്ങളിൽ നടക്കുന്ന പരീക്ഷണങ്ങളെയും ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യം മുൻനിർത്തിയാണ് പുതിയ സംരംഭം.
കോവിഡ് പരിശോധന സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും നിലവിലെ മഹാമാരിയെയും വരാനിരിക്കുന്ന പകർച്ചവ്യാധികളെയും പ്രതിരോധിക്കുന്നതിനുള്ള രാജ്യത്തി െൻറ ശേഷി ഉറപ്പുവരുത്താനും ലബോറട്ടറി വലിയ പങ്കു വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലബോറട്ടറി ആഗസ്റ്റ് മുതൽതന്നെ പ്രവർത്തനമാരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നുഘട്ടങ്ങളിലായാണ് നാഷനൽ റഫറൻസ് ലബോറട്ടറി സ്ഥാപിക്കുന്നത്. ആദ്യഘട്ടം സിദ്റ മെഡിസിൻ കെട്ടിടത്തിൽ കോവിഡ് യൂനിറ്റ് സ്ഥാപിക്കുകയാണ്. കോവിഡ് യൂനിറ്റിലേക്ക് യോഗ്യതയും പരിചയസമ്പത്തുമുള്ള ലബോട്ടറി വിദഗ്ധരെയും ക്ലിനിക്കൽ സയൻറിസ്റ്റുകളെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അധികൃതർ തുടക്കം കുറിച്ചു.
ഇതിനുപുറമെ, സന്നദ്ധപ്രവർത്തകർക്കും ഖത്തർ യൂനിവേഴ്സിറ്റിയിൽ നിന്നും ബയോ മെഡിക്കൽ സയൻസിൽ ബിരുദപഠനം പൂർത്തിയാക്കി പുറത്തിറങ്ങിയവർക്കും അവസരങ്ങൾ നൽകും. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുന്നതോടെ വിദേശരാജ്യങ്ങളിൽനിന്ന് പ്രവാസികളും സന്ദർശകരും ഖത്തറിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പൊതുജനാരോഗ്യ മന്ത്രാലയത്തി െൻറ ആഭിമുഖ്യത്തിൽ നാഷനൽ റഫറൻസ് ലബോറട്ടറി സ്ഥാപിക്കുന്നത്.
ഖത്തർ യൂനിവേഴ്സിറ്റി വൈറോളജി വിഭാഗം പ്രഫസറും ബയോമെഡിക്കൽ റിസർച് സെൻറർ മേധാവിയുമായ പ്രഫ. ശൈഖ അസ്മാ ആൽഥാനിയെ നാഷനൽ റഫറൻസ് ലബോറട്ടറി സംഘത്തിലെ കൺസൽട്ടൻറായി പൊതുജനാരോഗ്യ മന്ത്രാലയം നിയമിച്ചു. പുതിയ സംരംഭത്തിെൻറ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും ലബോറട്ടറിക്ക് കീഴിലുള്ള കോവിഡ് യൂനിറ്റിന് ആസ്ഥാനമായി കെട്ടിടം നൽകിയ സിദ്റ മെഡിസിനെ പ്രശംസിക്കുന്നുവെന്നും പ്രഫ. ശൈഖ അസ്മാ ആൽഥാനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.