ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ

കാണികൾക്ക് അടിയന്തര ചികിത്സ സൗജന്യം

അടിയന്തരചികിത്സ സൗജന്യമായി ലഭ്യമാക്കും •നാല് ആശുപത്രികൾ പ്രത്യേകമായി സജ്ജീകരിക്കും

ദോഹ: ലോകകപ്പിനെത്തുന്ന കാണികൾക്കും സന്ദർശകർക്കും അടിയന്തരഘട്ടങ്ങളിൽ സൗജന്യ ചികിത്സ ഉറപ്പാക്കി ഹമദ് മെഡിക്കൽ കോർപറേഷൻ. കാണികളായ എല്ലാവർക്കും അടിയന്തര മെഡിക്കൽ സേവനം സൗജന്യമായി തന്നെ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു.

ലോകകപ്പ് കാണികൾക്കും സ്വദേശികൾക്കും ആവശ്യമായ ഫാൻ ഹെൽത്ത് ഇൻഫർമേഷൻ വെബ്സൈറ്റ് ഉദ്ഘാടനച്ചടങ്ങിലാണ് ആരാധകരും സന്ദർശകരുമായി എത്തുന്നവരുടെ ചികിത്സ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സൗജന്യ ചികിത്സാസേവനം ലഭ്യമാക്കാൻ കാണികൾ ഹയാ കാർഡ് സമർപ്പിക്കണം. ശൈഖ ഐഷ ബിൻത് ഹമദ് അൽ അതിയ ആശുപത്രി, അൽ വക്റ ആശുപത്രി, ഹമദ് ജനറൽ ആശുപത്രി, ഹസം മിബൈരിക് ജനറൽ ആശുപത്രി എന്നിവ ലോകകപ്പ് സേവനങ്ങൾക്ക് മാത്രമായി സജ്ജീകരിക്കും. ട്രാവൽ ഇൻഷുറൻസ് മുഖേനെ സ്വകാര്യ ആശുപത്രികളിലും ആരോഗ്യസേവനങ്ങൾ ലഭ്യമാവുന്നതാണ്.

സ്‍പെഷലിസ്റ്റ് ആരോഗ്യസേവനങ്ങളുടെ ഖത്തറിലെ പ്രധാന ദാതാക്കളാണ് ഹമദ് മെഡിക്കൽ കോർപറേഷൻ. കേന്ദ്രീകൃത ആംബുലൻസ് സർവിസ് സംവിധാനത്തിലൂടെ അടിയന്തരചികിത്സ ആവശ്യമായ കേസുകളിൽ ആശുപത്രിയിലെത്തിക്കാനും കഴിയും. 999 എന്ന നമ്പറിൽ എപ്പോഴും മെഡിക്കൽ എമർജൻസി ആംബുലൻസ് സേവനം ലഭ്യമാവുന്നതാണ്. സഹായം തേടുന്ന സ്ഥലത്ത് ഏറ്റവും വേഗത്തിൽ ആംബുലൻസ് എത്തുകയും അതിനുമുമ്പുതന്നെ ബന്ധപ്പെട്ടവർക്ക് ജീവൻരക്ഷാ നിർദേശങ്ങൾ ഫോൺവഴി തന്നെ നൽകുകയും ചെയ്യും. 24 മണിക്കൂറും മുടക്കമില്ലാതെ അടിയന്തര മെഡിക്കൽ സേവനം ലഭ്യമാക്കുന്നതാണ് -ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ ആശുപത്രിയിലെത്തിയും ചികിത്സതേടാവുന്നതാണ്. രോഗികൾക്ക് മികച്ച ചികത്സ ഉറപ്പിക്കാനായി 24 മണിക്കൂറും ആശുപത്രിസംവിധാനങ്ങൾ പ്രവർത്തന സജ്ജമാവും.

രാജ്യത്തെ 14 സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ ക്ലിനിക്കുകളും വഴിയും അടിയന്തര ചികിത്സാസേവനമുണ്ടാവും.

ഖത്തറിലെത്തുന്ന കാണികൾക്കും സന്ദർശകർക്കും സ്വകാര്യ, പൊതു ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സെന്‍റർ, ഫാർമസി ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, സന്ദർശകർക്ക് രാജ്യത്തുനിന്ന് മടങ്ങുന്നതുവരെ ട്രാവൽ ഇൻഷുറൻസ് കവറേജ് ഉറപ്പാക്കണമെന്നും നിർദേശിച്ചു.

ടൂർണമെന്‍റ് വേളയിൽ സ്റ്റേഡിയം, ഫാൻ സോൺ ഉൾപ്പെടെ മത്സരവുമായി ബന്ധപ്പെട്ട മേഖലകളിലും ആരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. കുട്ടികൾക്കുള്ള ആരോഗ്യ പരിചരണത്തിനും മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - qatar world cup Free emergency treatment for spectators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.