ദോഹ: ഫലസ്തീനെ അംഗീകരിക്കുമെന്ന ആസ്ട്രേലിയയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഖത്തർ. അന്താരാഷ്ട്ര നിയമസാധുതക്കും യു.എൻ സുരക്ഷാ സമിതിയുടെ പ്രമേയങ്ങൾക്കും അനുസൃതമായി, ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ പിന്തുണക്കുകയും 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് അംഗീകാരമാണിത്.
ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്കു പിന്നാലെയാണ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് നിലപാട് വ്യക്തമാക്കി ആസ്ട്രേലിയ രംഗത്തുവന്നത്. സെപ്റ്റംബറിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. ഫലസ്തീൻ പ്രശ്നം സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും ഇത് പിന്തുണ നൽകുന്നു.
ഫലസ്തീൻ രാഷ്ട്രത്തെ ഇതുവരെ അംഗീകരിക്കാത്ത മറ്റു രാജ്യങ്ങളോടും, അവരുടെ അവകാശങ്ങളെ പിന്തുണക്കുന്ന സമാന നടപടികൾ കൈക്കൊള്ളാൻ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള നടപടികൾ പഠിക്കുന്നുവെന്ന ന്യൂസിലൻഡിന്റെ പ്രഖ്യാപനത്തെയും ഖത്തർ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.