ടൈഫൂൺ വിമാനം
ദോഹ: ശനിയാഴ്ചയും ഖത്തറിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം. അയൽ രാജ്യങ്ങളെ ആക്രമിച്ചതിന് പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ ക്ഷമാപണം നടത്തിയതിനു പിന്നലെയാണ് ഖത്തറിനു നേരെ ഇറാൻ ആക്രമണമുണ്ടായത്.
മിസൈൽ ആക്രമണത്തെ നിർവീര്യമാക്കിയതായി ഖത്തർ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. തുടർന്ന് ശനിയാഴ്ച വൈകിട്ടോടെയുണ്ടായ മിസൈൽ ആക്രമണത്തെയും ഖത്തർ വിജയകരമായി പ്രതിരോധിച്ചു.
ആക്രമണങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കുന്നതിന് ബ്രിട്ടനിൽ നിന്ന് നാല് യുദ്ധവിമാനങ്ങൾ കൂടി ഖത്തറിൽ എത്തി. ഖത്തർ -യു.കെ ജോയന്റ് ടൈഫൂൺ സ്ക്വാഡ്രൺ കരാറിന്റെ അടിസ്ഥാനത്തിലാണ് റോയൽ എയർ ഫോഴ്സിന്റെ 4 ടൈഫൂൺ യുദ്ധവിമാനങ്ങൾ എത്തിയത്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് 4 ടൈഫൂൺ വിമാനങ്ങൾ കൂടി ഖത്തറിലേക്ക് അയക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉത്തരവിട്ടത്.
ദോഹയിലേക്കുള്ള വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നു. പരിമിതമായ വിമാന സർവിസുകൾക്കും എയർ കാർഗോ പ്രവർത്തനങ്ങൾക്കും മാത്രമാണ് അനുമതിയുള്ളതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷം ഒരാഴ്ച പിന്നിടുമ്പോൾ രാജ്യത്തെ ജനജീവിതം ശാന്തമായി തന്നെ തുടരുകയാണ്. പൊതുമേഖലയിലെ വർക്ക് ഫ്രം ഹോം സംവിധാനവും സ്കൂൾ -യൂണിവേഴ്സിറ്റി ഓൺലൈൻ പഠനവും ഒഴിച്ചുനിർത്തിയാൽ ജനജീവിതം സാധാരണ നിലയിലാണ്.
റോഡുകളിലും പൊതുഗാഗത സംവിധാനങ്ങളിലും പതിവ് തിരക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അതേസമയം, പൊതുപരിപാടികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.