മമത ബാനർജി
കൊൽക്കത്ത: വോട്ടർപട്ടിക തീവ്ര പരിഷ്കരണ നടപടികൾക്ക് (എസ്.ഐ.ആർ) പിന്നാലെ, ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കംചെയ്തതിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ നടക്കുന്ന കുത്തിയിരിപ്പ് സമരം രണ്ടാം ദിവസവും തുടർന്നു. എസ്.ഐ.ആർ നടപടികളുടെ യഥാർഥ ലക്ഷ്യം സംസ്ഥാനത്തിന്റെ വിഭജനമാണെന്നും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും ഇതിനായി ഗൂഢാലോചന നടത്തുകയാണെന്നും മമത ആരോപിച്ചു. ധർണയുടെ രണ്ടാം ദിവസം നടന്ന റാലിയെ അഭിമുഖീകരിക്കുകയായിരുന്നു അവർ.
ബംഗാളിനെ വിഭജിക്കുകയാണ് അവരുടെ ലക്ഷ്യം. സംസ്ഥാനത്തെ വിഭജിച്ച് വോട്ടുകൾ തട്ടിയെടുക്കാൻ ബി.ജെ.പി പദ്ധതിയിടുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ ബംഗാളി സംസാരിക്കുന്ന ആളുകളെ ഉപദ്രവിക്കുകയും ബംഗാളികളുടെ വോട്ടവകാശം നിഷേധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്യുകയാണെന്നും മമത കൂട്ടിച്ചേർത്തു. സംസ്ഥാന ഗവർണറായിരുന്ന സി.വി. ആനന്ദബോസിന്റെ അപ്രതീക്ഷിത രാജി കേന്ദ്ര സർക്കാറിന്റെ സമ്മർദം കാരണമാണെന്നും പകരം നിയമിതനായ ആർ.എൻ. രവി ശക്തനായ ബി.ജെ.പി കേഡർ ആണെന്നും മമത ആരോപിച്ചു. കൊൽക്കത്തയിലെ എസ് പ്ലനേഡ് മെട്രോ ചാനലിൽ വെള്ളിയാഴ്ചയാണ് മമത കുത്തിയിരിപ്പ് സമരത്തിന് തുടക്കമിട്ടത്. മുതിർന്ന പാർട്ടി നേതാക്കൾക്കും അനുയായികൾക്കുമൊപ്പം വെള്ളിയാഴ്ച രാത്രി സമരപ്പന്തലിൽതന്നെ മമത കഴിച്ചുകൂട്ടി. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പരിഷ്കരണത്തെച്ചൊല്ലി വർധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, തെരഞ്ഞെടുപ്പ് കമീഷന്റെ ഫുൾ ബെഞ്ച് പശ്ചിമ ബംഗാൾ സന്ദർശിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് മമത പ്രതിഷേധം ശക്തമാക്കിയത്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടിക പ്രകാരം 63 ലക്ഷത്തിലേറെ വോട്ടർമാരാണ് പശ്ചിമ ബംഗാളിൽ പുറത്തായത്. ആകെ വോട്ടർമാരുടെ 8.3 ശതമാനമാണിത്. ഇതോടെ സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം 7.66 കോടിയിൽനിന്ന് 7.04 കോടിയായി കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.