ദോഹ: ഇൗ വർഷം ആദ്യ ആറുമാസത്തിൽ ഖത്തർ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് വർധന. ജനുവരി മുതൽ ജൂൺ വരെയുള്ള സന്ദർശകരുടെ എണ്ണമാണ് പ്ലാനിങ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് ഡെവലപ്മെൻറ് മന്ത്രാലയം പുറത്തുവിട്ടത്. ഇതുപ്രകാരം ആറു മാസക്കാലയളവിൽ ഖത്തർ സന്ദർശനത്തിനെത്തിയ വിദേശികളുടെ എണ്ണം 14,63,000 ആണ്. 2016ൽ ഇതേ കാലയളവിൽ 14,42,000 പേരായിരുന്നു എത്തിയത്. അതായത് 1.5 ശതമാനം വർധന. പ്ലാനിങ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് ഡെവലപ്മെൻറ് മന്ത്രാലയത്തിെൻറ 42ാമത് ഖത്തർ മന്ത്ലി സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റിൻ പ്രകാരം ഇൗ സന്ദർശകരിൽ 43.7 ശതമാനവും ഗൾഫ് മേഖലയിൽനിന്നുള്ളവരാണ്. ഉപരോധം തുടങ്ങിയ ജൂൺ മാസം ഉൾപ്പെടുന്ന കാലയളവ് കൂടിയായിട്ടും സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടായില്ല എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. 2017 ജൂണിൽ മാത്രം ഖത്തറിലെത്തിയത് 2,46,000 വിദേശികളാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 22 ശതമാനം വർധന.
ഖത്തറിലെ ജനസംഖ്യയിലും ഒരു വർഷത്തിനിടെ 2.8 ശതമാനം വർധനയുണ്ടായി. 2016 ജുൺ അവസാനത്തിൽ രാജ്യത്തെ ജനസംഖ്യ 25 ലക്ഷത്തിന് തൊട്ടുതാഴെയായിരുന്നുവെങ്കിൽ ഇൗ വർഷം ജൂണോടെ അത് കാൽ സെഞ്ച്വറി കടന്നു. ഇൗ വർഷം ജൂണിൽ 487 വാഹനാപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മുൻ മാസത്തേക്കാൾ 12.7 ശതമാനം കുറവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. മേയ് മാസത്തിൽ അപകടങ്ങളുടെ എണ്ണം 558 ആയിരുന്നു. ജൂണിൽ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 17 ആണ്. രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുവന്നു. മേയിൽ 7,651 വാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ ജൂണിൽ അത് 4,471 ആയി കുറഞ്ഞു. 41.6 ശതമാനം കുറവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. ജൂണിൽ രജിസ്റ്റർ ചെയ്ത ജനനങ്ങൾ 2,118ഉം മരണം 201ഉമാണ്. 206 വിവാഹങ്ങൾ നടന്നപ്പോൾ 55 വിവാഹമോചനങ്ങളും അരങ്ങേറിയതായി പ്ലാനിങ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് ഡെവലപ്മെൻറ് മന്ത്രാലയത്തിെൻറ ഖത്തർ മന്ത്ലി സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റിൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.