ഖത്തർ യൂനിവേഴ്സിറ്റി
ദോഹ: ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയിൽ പുത്തൻ കുതിപ്പുമായി ഖത്തർ. ഖത്തർ യൂനിവേഴ്സിറ്റി ആദ്യമായി വികസിപ്പിച്ച നാനോസാറ്റലൈറ്റ് വിക്ഷേപിച്ചു.
സർവകലാശാല വിദ്യാർഥികളും അധ്യാപകരും ചേർന്ന് വികസിപ്പിച്ച ക്യുബ്സാറ്റ് 1 (QUbeSat-1) ആണ് വിക്ഷേപിച്ചത്. ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയിൽ രാജ്യത്തിന്റെ ശേഷി വർധിപ്പിക്കുന്നതിൽ ഖത്തർ യൂനിവേഴ്സിറ്റി നടത്തുന്ന ശ്രമങ്ങളിൽ സുപ്രധാന ശാസ്ത്ര-വിദ്യാഭ്യാസ നേട്ടമാണിത്.
ഉപഗ്രഹങ്ങളുടെ രൂപകൽപന, വികസനം, പ്രവർത്തനം എന്നിവയിൽ വിദ്യാർഥികളെയും ഫാക്കൽറ്റി അംഗങ്ങളെയും ഗവേഷകരെയും ഉൾപ്പെടുത്തി സർവകലാശാല വിദ്യാഭ്യാസ പ്രക്രിയയെ പിന്തുണയ്ക്കുക എന്നതാണ് ക്യുബ്സാറ്റ് 1 പദ്ധതി ലക്ഷ്യമിടുന്നത്. 36 ബിരുദ, ബിരുദാനന്തര വിദ്യാർഥികളും എട്ട് അധ്യാപകരും ചേർന്നാണ് വിക്ഷേപണത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഗവേഷണ മികവ്, ബഹിരാകാശ ശാസ്ത്ര പുരോഗതി തുടങ്ങിയ മേഖലയിൽ ഖത്തർ യൂനിവേഴ്സ്റ്റിയുടെ നടത്തിയ സുപ്രധാന ചുവടുവയ്പ്പാണിത്. ഒരു ഇമേജിങ് പേലോഡ് കാമറ ഉപയോഗിച്ച് ഭൂമി നിരീക്ഷണം നടത്തുക എന്നതാണ് നാനോസാറ്റലൈറ്റിന്റെ പ്രാഥമിക ദൗത്യം.
2012 മുതൽ വികസിപ്പിച്ചെടുത്ത നാനോസാറ്റലൈറ്റ്, വിദ്യാർഥി -വിദ്യാഭ്യാസ പദ്ധതികളുടെയും ഗവേഷണ അടിസ്ഥാന സൗകര്യങ്ങളുടെയും ദീർഘകാല ശ്രമങ്ങളുടെ വിജയമാണെന്ന് ഖത്തർ യൂനിവേഴ്സിറ്റി വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
2020 മുതൽ 2025 വരെ ഖത്തർ റിസർച്ച് ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ കൗൺസിലിന്റെ (ക്യു.ആർ.ഡി.ഐ) ധനസഹായവും പിന്തുണയും ഈ വിക്ഷേപണത്തിനുണ്ട്.
കഴിഞ്ഞ വർഷം മുതലാണ് നാനോസാറ്റലൈറ്റിന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെട്ടത്. നിർമാണം, പരീക്ഷണം, വിക്ഷേപണം തുടങ്ങിയ ഘട്ടങ്ങളിൽ സുഹൈൽസാറ്റുമായുള്ള ഫണ്ടിങ് കരാർ പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.