ദോഹ: ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ലബനാനിലെ ജനങ്ങൾക്ക് സഹായവുമായി ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം 100 ടണ്ണിലധികം സഹായസാമഗ്രികളുമായി ഖത്തർ എയർവേസ് വിമാനം ബെയ്റൂത്തിലെത്തി. മരുന്നുകൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, അടിയന്തര പ്രഥമശുശ്രൂഷാ കിറ്റുകൾ എന്നിവയടങ്ങുന്ന ഉൽപന്നങ്ങളാണ് എത്തിച്ചത്.
ലബനാനിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനും ആക്രമണങ്ങളെ തുടർന്ന് ദുരിതത്തിലായവരുടെ പ്രയാസങ്ങൾ ദുരീകരിക്കുന്നതിനും ഖത്തറിന്റെ അടിയന്തര സഹായം പ്രയോജനപ്പെടും. ഖത്തർ ആരോഗ്യ മന്ത്രാലയം, ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് എന്നിവയുടെ ഏകോപനത്തിൽ ലെഖ്‌വിയയുമായി സഹകരിച്ചാണ് സഹായം എത്തിച്ചത്.
ലബനാനിലെ പതിനായിരക്കണക്കിന് ആളുകൾക്ക് ഈ സഹായം ആശ്വാസമാകും. ആക്രമണങ്ങളിൽ പരിക്കേറ്റവർക്കും പലായനം ചെയ്യേണ്ടി വന്നവർക്കും അടിയന്തര ചികിത്സ ഉറപ്പാക്കാനും വിവിധ ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കാനും ഈ സഹായം ഉപകരിക്കും. നിലവിലെ സാഹചര്യം വിലയിരുത്തിക്കൊണ്ട് വരും ദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ ഖത്തർ എത്തിക്കുമെന്നാണ് സൂചന.
ദോഹ: ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ലെബനാനിലേക്ക് അടിയന്തര സഹായമെത്തിച്ച് ഖത്തറിന്റെ ഇടപെടൽ ഇരുരാജ്യങ്ങളും തമ്മിൽ തുടരുന്ന സാഹോദര്യ ബന്ധത്തിന്റെ തെളിവാണെന്ന് ആരോഗ്യ മന്ത്രി റകാൻ നാസർ. ഖത്തറിന്റെ പിന്തുണ സമാനതകളില്ലാത്തതാണ്. ഖത്തറിന് നന്ദി അറിയിച്ച റകാൻ നാസർ അൽ ദീൻ, ഈ സഹായം ലെബനാനിലെ ആരോഗ്യമേഖലയിൽ വലിയൊരു ആശ്വാസമാകുമെന്നും വിശദീകരിച്ചു. ഖത്തർ ന്യൂസ് ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റകാൻ നാസർ
അത്യാവശ്യ മരുന്നുകൾ, പ്രഥമശുശ്രൂഷാ സാമഗ്രികൾ, എമർജൻസി മെഡിക്കൽ കിറ്റുകൾ എന്നിവ ഉൾപ്പെടുന്ന മെഡിക്കൽ ഉപകരണങ്ങളാണ് എത്തിച്ചത്. ലെബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ മുൻഗണനാക്രമം അനുസരിച്ച് സർക്കാർ -സ്വകാര്യ ആശുപത്രികളിലേക്ക് ഈ സഹായങ്ങൾ ഉടൻ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ എട്ടിന് ബൈറൂത്തിലും പരിസര പ്രദേശങ്ങളിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് മരിക്കുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാർച്ച് രണ്ടു മുതൽ തുടരുന്ന സംഘർഷാവസ്ഥ ലെബനന്റെ ആരോഗ്യ മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കടുത്ത സമ്മർദങ്ങൾക്കിടയിലും ലെബനാനിലെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.