ദോഹ: രാജ്യത്തിന് മേൽ അയൽ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച ഉപരോധം നാല് മാസത്തിലേക്കടുത്തിരിക്കെ ഖത്തർ ഉപരോധത്തിന് മുമ്പുള്ളതിനേക്കാൾ ഏറെ ശക്തമാണെന്ന് പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ. ഇക്കാലയളവിൽ എല്ലാ മേഖലകളിലും രാജ്യം വലിയ മുന്നേറ്റമാണ് നടത്തിയത്. ഉപരോധത്തെ ശക്തമായി തന്നെ നേരിടാൻ കഴിയുമെന്ന് തെളിയിക്കുന്നതാണ് ഈ മുന്നേറ്റമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറിലെ കാർണഗി മെല്ലൻ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പഞ്ഞത്. രാജ്യം അഭിമുഖീകരിച്ച പ്രതിസന്ധിയോട് ഏറെ സ്ഥൈര്യത്തോടെയാണ് രാജ്യ നിവാസികൾ പ്രതികരിച്ചത്. തികഞ്ഞ സംയമനത്തോടെയും അമീറിെൻറ നേതൃത്വത്തിൽ പൂർണ വിശ്വാസത്തോടെയുമാണ് ജനങ്ങൾ പ്രതിസന്ധിയെ നേരിട്ടത്. ഏറ്റവും ആധുനികമായ ആയുധങ്ങളും പൈലറ്റില്ലാ വിമാനങ്ങളും അടക്കം നിരവധി അത്യാധുനിക സംവിധാനങ്ങൾ രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇലക്േട്രാണിക് മാധ്യമങ്ങളെ പുരോഗതിക്ക് വേണ്ടി മാത്രം ഉപയോഗിക്കാൻ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യ പുരോഗതിക്ക് സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള പരിശ്രമമാണ് ഉണ്ടാകേണ്ടത്.
ജൂൺ അഞ്ച് മുതൽ ആരംഭിച്ച ഉപരോധം കാരണം സ്വദേശികൾക്കോ വിദേശികൾക്കോ പ്രത്യേകം ദുരിതമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല രാജ്യത്തെ വ്യവസായ, വാണിജ്യ മേഖല ശക്തിപ്പെടുകയാണ് ചെയ്തത്. ഉപരോധ രാജ്യങ്ങളെക്കാൾ സാമ്പത്തിക സുസ്ഥിരതയിൽ ഒരു പടി മുമ്പിൽ നിൽക്കാൻ ഖത്തറിന് സാധിച്ചത് നിശ്ചയദാർഢ്യവും ഉറച്ച തീരുമാനങ്ങളും കൊണ്ടാണെന്നും പ്രതിരോധ സഹമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.