ഖത്തർ -സ്പെയിൻ സ്ട്രാറ്റജിക് ഡയലോഗിൽ ഖത്തർ പ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബറെസ് എന്നിവർ
ദോഹ: ഖത്തർ -സ്പെയിൻ സ്ട്രാറ്റജിക് ഡയലോഗ് മഡ്രിഡിൽ നടന്നു. ഖത്തർ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി നയിച്ചു. രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, നീതി, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്കാരം, നൂതനാശയങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനാണ് സംഭാഷണം ലക്ഷ്യമിട്ടത്. സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബറെസും ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
ചരിത്രത്തിലെ നിർണായക ഘട്ടത്തിൽ രാജ്യങ്ങൾ ഇരട്ട മാനദണ്ഡങ്ങൾ സ്വീകരിക്കരുതെന്നും അന്താരാഷ്ട്ര നിയമത്തെയും രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും സംരക്ഷിക്കുന്നതിൽ സ്പെയിൻ കാണിച്ച ധീരവും ആത്മാർഥവുമായ നിലപാട് മാതൃകാപരമാണെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ഗസ്സയിലെ സ്ഥിരമായ വെടിനിർത്തൽ മാത്രമാണ് പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ഏക വഴിയെന്നും സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര പങ്കാളികളുമായി ബന്ധപ്പെട്ട് ഖത്തർ ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ-സ്പാനിഷ് ബന്ധം ഉഭയകക്ഷി സഖ്യങ്ങൾക്കുള്ള വിജയകരമായ മാതൃകയാണെന്നും സ്ട്രാറ്റജിക് ഡയലോഗിലൂടെ അന്താരാഷ്ട്ര നയതന്ത്രം, പ്രതിരോധം, സുരക്ഷ, ഊർജം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, കായികം എന്നിവക്ക് പുറമെ സാധ്യമാകുന്ന എല്ലാ കാര്യങ്ങളിലും സഹകരണം ആഴത്തിലാക്കാൻ ഖത്തർ ഭരണകൂടം ആഗ്രഹിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു. സ്പെയിൻ ഖത്തറിന്റെ പ്രധാന പങ്കാളിയാണ്. 2020 മുതൽ 2023 വരെ വർഷങ്ങളിൽ ഉഭയകക്ഷി വ്യാപാരത്തിൽ 22 ശതമാനം വളർച്ചയുണ്ടായി. 2022ൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്പെയിൻ സന്ദർശിച്ചതും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കഴിഞ ഏപ്രിലിൽ ദോഹ സന്ദർശിച്ചതും ഉഭയകക്ഷി ബന്ധത്തിന്റെ ചരിത്രത്തിൽ നാഴികക്കല്ലായി.
സ്പെയിനിലേക്ക് ഏറ്റവും കൂടുതൽ പ്രകൃതിവാതകം വിതരണം ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ കണക്ക് പ്രകാരം സ്പെയിനിലെ ഖത്തറി നിക്ഷേപം 5.9 ബില്യൺ യൂറോയിൽ എത്തിയിട്ടുണ്ട്. ഊർജം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ നിരവധി മേഖലകളിൽ ഇരുപക്ഷവും സമാന കാഴ്ചപ്പാടുകൾ പങ്കിടുന്നുവെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബറെസ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസം, ഡിജിറ്റൽ സാങ്കേതികവിദ്യ, ഊർജം, ആരോഗ്യം, സുരക്ഷ, കാർഷിക സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിനും ആഗ്രഹിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.