റി​യാ​ദി​ൽ ന​ട​ന്ന ജി.​സി.​സി മ​ന്ത്രി​ത​ല സ​മി​തി കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി (ഇ​ട​തു​നി​ന്ന്​ മൂ​ന്നാ​മ​ത്) മ​​റ്റ്​ രാ​ഷ്ട്ര പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം 

റഷ്യ-യുക്രെയ്ൻ പ്രതിസന്ധി സമാധാന പരിഹാരത്തിന് ഖത്തർ

ദോഹ: റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയിൽ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹാരം കണ്ടെത്തുന്നതിനുള്ള മേഖലാ, അന്തർദേശീയ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് ഖത്തറിന്‍റെ പൂർണ പിന്തുണയുണ്ടാകുമെന്നും പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി.

അന്താരാഷ്ട്ര പ്രതിസന്ധികളിൽ നയതന്ത്രപരമായ മാർഗങ്ങളിലൂടെ മാത്രമേ സുസ്ഥിര പരിഹാരം കണ്ടെത്താനാകൂ എന്നാണ് ഖത്തർ വിശ്വസിക്കുന്നതെന്നും അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭ ചാർട്ടറിനെയും അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര സംവിധാനെത്ത മാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിയാദിൽ കഴിഞ്ഞ ദിവസം സമാപിച്ച ജി.സി.സി മന്ത്രിതല സമിതി 152ാം സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര പ്രതിസന്ധികളും പ്രശ്നങ്ങളും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നാണ് യു.എൻ ചാർട്ടർ നിർദേശിക്കുന്നതെന്നും എല്ലാ കക്ഷികളുടെയും പരമാധികാരത്തെ മാനിച്ചും സായുധ പോരാട്ടത്തിൽനിന്ന് വിട്ടുനിന്നുമാകണം പരിഹാരം കണ്ടെത്തേണ്ടതെന്നും ഈ തത്ത്വങ്ങളെ നിരാകരിക്കുന്ന എല്ലാ നടപടികളെയും അപലപിക്കുന്നതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

സിവിലിയന്മാരുടെ സുരക്ഷക്കായിരിക്കണം പ്രാധാന്യം നൽകേണ്ടത്. സൈനിക നടപടിയിൽ നിന്നും മാറി വിവേകത്തിന്‍റെ സ്വരമുയരണം. പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുന്നതിന് ചർച്ചകൾ പുനരാരംഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

റിയാദിലെ ജി.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തോടനുബന്ധിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി ജി.സി.സി മന്ത്രിതല സമിതി കൂടിക്കാഴ്ച നടത്തി.കൂടാതെ, വിഡിയോ കോൺഫറൻസ് വഴി യുക്രെയ്ൻ പ്രസിഡൻറ് ഓഫിസ് മേധാവി ആന്ദ്രേ യെർമാക്, വിദേശകാര്യ മന്ത്രി ദിമിേത്രാ കുലേബ എന്നിവരുമായും സമിതി ചർച്ചകൾ നടത്തി.

റഷ്യൻ-യുക്രെയ്ൻ പ്രതിസന്ധിയിൽ ജി.സി.സി നിലപാട് അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ ചാർട്ടറിനും അടിസ്ഥാനമാക്കിയാണെന്നും മുഴുവൻ കക്ഷികളുടെയും പരമാധികാരത്തെ മാനിച്ചും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടലുകൾ നടത്താതെയും സൈനിക ഇടപെടലുകൾ ഒഴിവാക്കിയും സമാധാനപരമായ മാർഗങ്ങളിലൂടെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തണമെന്നും ജി.സി.സി മന്ത്രിതല സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 

Tags:    
News Summary - Qatar seeks peace solution to Russia-Ukraine crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.